ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം; നടന്നത് വോട്ടുകൊള്ള: കെ സി വേണുഗോപാല്‍

Wait 5 sec.

ന്യൂഡല്‍ഹി | ബിഹാറില്‍ എന്‍ ഡി എക്ക് വന്‍ വിജയം നേടിക്കൊടുത്ത തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന ആരോപണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വോട്ടുകൊള്ളയാണ് നടന്നതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇന്ത്യാ സഖ്യത്തിന്റെ പരാജയം പരിശോധിക്കുമെന്നും എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ 90 ശതമാനം സ്ഥാനാര്‍ഥികളും ജയിക്കുകയെന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അങ്ങനെ ഒരു സാഹചര്യം ബിഹാറില്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യും. വിഷയത്തില്‍ കോണ്‍ഗ്രസ്സ്, ഘടകകക്ഷികളുമായി സംസാരിച്ചിട്ടുണ്ട്. തേജസ്വി യാദവുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വോട്ടുകൊള്ളക്കെതിരെ ശക്തമായ നിയമ നടപടികളും തുടര്‍നടപടികളും ഉണ്ടാവും. ഡാറ്റകള്‍ ശേഖരിച്ച് പരിശോധിക്കും.എല്ലാ ബൂത്തുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഒരു മറുപടിയും നല്‍കിയിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.