പെരുവള്ളൂര്‍ | രണ്ടാം വാര്‍ഡിലെ വലക്കണ്ടി ആലുങ്ങല്‍ ഉത്രം വീട് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ചെനുവില്‍ പ്രദേശവാസികളായ 30ഓളം കുടുംബങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ ഐകകണ്‍ഠ്യേന തീരുമാനിച്ചു. പെരുവള്ളൂര്‍ പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്നതും അരനൂറ്റാണ്ടിലധികമായി പൊതുജനങ്ങള്‍ ഉപയോഗിച്ചുവരുന്നതുമായ റോഡാണിത്.നിരന്തരമായ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും വാര്‍ഡ് അംഗങ്ങളും പഞ്ചായത്ത് ഭരണസമിതിയും അവഗണിക്കുന്നതില്‍ മനംമടുത്താണ് പ്രദേശവാസികള്‍ ഈ കടുത്ത തീരുമാനമെടുത്തത്. ടാറിംഗ് ചെയ്യാതെ പൂര്‍ണമായി തകര്‍ന്ന് ദുര്‍ഘടമായ അവസ്ഥയിലാണ് റോഡുള്ളത്.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാതൃ പഞ്ചായത്തായിരുന്ന തേഞ്ഞിപ്പലം പഞ്ചായത്തിന് പൂര്‍വഅവകാശികള്‍ നിയമാനുസൃതം കൈമാറിയതും അതനുസരിച്ച് പഞ്ചായത്ത് പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായിരുന്നു. എന്നാല്‍ പിന്നീട് നിലവില്‍വന്ന പെരുവള്ളൂര്‍ പഞ്ചായത്ത് അധികാരികള്‍ ഈ റോഡിനെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.റോഡ് പഞ്ചായത്ത് അസറ്റില്‍ നിലനിര്‍ത്തി സംരക്ഷിച്ച് പരിപാലിച്ചു പോരുന്നതില്‍ അധികൃതര്‍ തീര്‍ത്തും പരാജയപ്പെട്ടതായും നാട്ടുകാര്‍ ആരോപിച്ചു. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ ഗുരുതരമായ അനാസ്ഥമൂലം പലപ്പോഴും ഈ റോഡ് ചില സ്വകാര്യ വ്യക്തികള്‍ കൈയേറുകയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. നിരവധി കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിച്ച് താമസിക്കുന്നത്.പ്രധാനപ്പെട്ട രണ്ട് സ്‌കൂളുകള്‍, രണ്ട് സ്വകാര്യ റോഡുകള്‍, വിശാലമായ വയല്‍, വലക്കണ്ടി അങ്കണ്‍വാടിയിലേക്കുള്ള ഏകവഴിയും ഇതുതന്നെയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റോഡിലെ കുഴിയിലും ചെളിയിലും വീഴുന്നത് ഇവിടെ പതിവാണ്. വാഹനങ്ങള്‍ വരാന്‍ മടിക്കുന്നതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനും താമസം നേരിടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള കിടപ്പ് രോഗികള്‍ക്കുള്ള പാലിയേറ്റീവ് പരിചരണം മുടങ്ങിയ സാഹചര്യവുമുണ്ടായിട്ടുണ്ട്.കുടിവെള്ള പൈപ്പ് ലൈന്‍, ഗ്യാസ്, സ്‌കൂള്‍ കാര്‍ഷിക വാഹനങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോ ലും ഈ റോഡ് ഉപകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജനങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.പ്രദേശത്തെ ജനങ്ങള്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. തങ്ങളുടെ ന്യായമായ ആവശ്യത്തോട് അധികാരികള്‍ ഇനിയും പുറംതിരിഞ്ഞാല്‍ അവരുടെ കണ്ണ് തുറപ്പിക്കുന്ന ശക്തമായ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.