ന്യൂഡല്‍ഹി | വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ജനപ്രാതിനിധ്യ നിയമപ്രകാരം ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനാല്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക് (യു ഐ ഡി എ ഐ) ഇത് വിജ്ഞാപനത്തിലൂടെ തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. എസ് ഐ ആറുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്.എസ് ഐ ആറിനുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍ അനുവദിച്ച സുപ്രീം കോടതി ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് അശ്വനി ഉപാധ്യായ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ബഞ്ചിന്റെ പരാമര്‍ശം. ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ തെളിവല്ലെന്ന് യു ഐ ഡി എ ഐ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നുണ്ടെന്ന് അശ്വനി ഉപാധ്യായ വാദിച്ചു. ആധാര്‍ നമ്പര്‍ തിരിച്ചറിയല്‍ രേഖയായി പരാമര്‍ശിക്കാന്‍ അനുവദിക്കുന്ന ഫോം ആറിനേയും അദ്ദേഹം ചോദ്യം ചെയ്തു. ഇതോടെയാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ജനപ്രാതിനിധ്യ നിയമം ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്.ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തിലെ സെക്്ഷന്‍ 23 (4) അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി പറഞ്ഞു. ഒരു വിജ്ഞാപനത്തിന് നിയമപരമായ ഈ വ്യവസ്ഥയെ മറികടക്കാന്‍ കഴിയില്ലെന്നും ജഡ്ജി വിശദീകരിച്ചു. സര്‍ക്കാര്‍ വിജ്ഞാപനം പ്രാഥമിക നിയമനിർമാണത്തെ മറികടക്കുന്ന ഒന്നല്ല. പ്രാഥമിക നിയമനിർമാണമായ ജനപ്രാതിനിധ്യ നിയമം ആധാറിന് തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെട്ട ഒരു പദവി നല്‍കിയിട്ടുണ്ട്. ആ വ്യവസ്ഥ ഭേദഗതി ചെയ്യുന്നത് വരെ യു ഐ ഡി എ ഐയുടെ ഒരു വിജ്ഞാപനം വഴി അതിനെ മറികടക്കാനാകില്ല.പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോം ആറ് ജനപ്രാതിനിധ്യ നിയമത്തിലെ സെക്്ഷന്‍ 23 (4) ന്റെ ഭാഗമാണ്. അതുകൊണ്ട് യു ഐ ഡി എ ഐയുടെ എക്‌സിക്യൂട്ടീവ് വിജ്ഞാപനത്തിന്റെ പേരില്‍ ഫോം ആറിനെ എതിര്‍ക്കാന്‍ കഴിയില്ല. എക്‌സിക്യൂട്ടീവ് നിർദേശത്തിലൂടെ സെക്്ഷന്‍ ഭേദഗതി ചെയ്യാനും കഴിയില്ല. പാര്‍ലിമെന്റിന് മാത്രമേ ഇത് ഭേദഗതി ചെയ്യാന്‍ കഴിയൂവെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.പാര്‍ലിമെന്റ്്നിര്‍ബന്ധമാക്കിയതിനാല്‍ ആധാര്‍ പൗരത്വത്തിന്റെ തെളിവായിരിക്കില്ല. എന്നാല്‍, ആധാര്‍ തീര്‍ച്ചയായും തിരിച്ചറിയലുമായി ബന്ധപ്പെട്ട രേഖയാണെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ആര്‍ പി ആക്ട് സെക്്ഷന്‍ 23 (4) പ്രകാരം വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനായി ആധാര്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ ആധാര്‍ നമ്പര്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ആവശ്യപ്പെടാമെന്നാണ് വ്യക്തമാക്കുന്നത്.