ന്യൂഡല്‍ഹി | ഡല്‍ഹി സ്‌ഫോടനത്തില്‍ അന്വേഷണം വിപുലപ്പെടുത്തി പ്രത്യേക സംഘം (എസ് ഐ ടി). സ്‌ഫോടനവുമായി ബന്ധപ്പെട്ട് അല്‍ ഫലാഹ് യൂനിവേഴ്‌സിറ്റിയിലെ കൂടുതല്‍ ഡോക്ടര്‍മാരിലേക്ക് അന്വേഷണം നീട്ടിയിട്ടുണ്ട്.സഹാറന്‍പൂര്‍ ആശുപത്രിയിലും എസ് ഐ ടി അന്വേഷണം നടത്തുന്നു. ഭീകര പ്രവര്‍ത്തകന്‍ ആദില്‍ ജോലി ചെയ്തത് സഹാറന്‍പൂരിലാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് കിലോയോളം സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ പലരുടെയും ഫോണ്‍ ഓഫായി.അല്‍ ഫലാഹ് സര്‍വകലാശാലക്കെതിരെ ക്രൈംബ്രാഞ്ച് ഇന്നലെ രണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, ക്രമക്കേടുകള്‍ എന്നിവ ചുമത്തിയുള്ളതാണ് എഫ് ഐ ആര്‍. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യു ജി സി), നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ (എന്‍ എ എ സി) എന്നിവയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സര്‍വകലാശാലയുടെ ഓഖ്ലയിലെ ഓഫീസില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി സര്‍വകലാശാലക്ക് ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.നിര്‍ബന്ധിതമായ പുതുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ അക്രെഡിറ്റേഷന്‍ ഉണ്ടെന്ന് അവകാശപ്പെട്ട അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിക്ക് എന്‍ എ എ സി ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എ ഐ യു) അല്‍ ഫലാഹ് സര്‍വകലാശാലയുടെ അംഗത്വം കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.