ന്യൂഡല്‍ഹി | ബിഹാറിലെ അധിക വോട്ടര്‍മാരില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍)ത്തിനു ശേഷം പുറത്തിറക്കിയ അന്തിമ പട്ടികക്കു ശേഷവും അപേക്ഷകള്‍ പരിഗണിച്ചതായി കമ്മീഷന്‍ അറിയിച്ചു. ഒക്ടോബര്‍ 10 വരെ അപേക്ഷകള്‍ ലഭിച്ചു. മൂന്നുലക്ഷം പേരെ ഇങ്ങനെ ചേര്‍ത്തതായും കമ്മീഷന്‍ വ്യക്തമാക്കി.ബിഹാറിലെ എസ് ഐ ആര്‍ പൂര്‍ത്തിയാക്കി പുറത്തുവിട്ട പത്രക്കുറിപ്പില്‍ ഇക്കാര്യം വിശദീകരിച്ചതിന്റെ തെളിവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. എസ് ഐ ആറിനു ശേഷം സെപ്തംബര്‍ 30ന് ഇറക്കിയ അന്തിമ പട്ടികയില്‍ ബിഹാറില്‍ 7.42 കോടി വോട്ടര്‍മാരാണുള്ളതെന്നാണ് കമ്മീഷന്‍ അറിയിച്ചിരുന്നത്. വോട്ടെടുപ്പിനു ശേഷം നവംബര്‍ 12ന് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 7.45 കോടി വോട്ടര്‍മാരെന്നാണ് പറഞ്ഞിരുന്നത്.മൂന്നു ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനയുണ്ടായെന്നും ഇതില്‍ അവ്യക്തതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ്സ്, സി പി എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.