അധികാര ആര്‍ത്തിയും പ്രകൃതി വിഭവങ്ങള്‍ക്ക് മേല്‍ നിയന്ത്രണം സ്ഥാപിക്കാനുള്ള അക്രമാസക്ത നീക്കങ്ങളും ഒരു ജനതയെ എങ്ങനെയാണ് ആത്യന്തിക ദുരന്തത്തിലേക്ക് നയിക്കുകയെന്ന് മനസ്സിലാക്കാന്‍ സുഡാനിലെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാല്‍ മതിയാകും. ദക്ഷിണ സുഡാന്‍ വേര്‍പ്പെടുത്തിയെടുക്കാന്‍ സര്‍വ കുതന്ത്രങ്ങളും പയറ്റിയ പാശ്ചാത്യ ശക്തികള്‍ ഈ രാജ്യം മറ്റൊരു പിളര്‍പ്പിലേക്ക് നീങ്ങുന്നത് കാത്തിരിക്കുകയാണ്. സ്വര്‍ണമടക്കമുള്ള വിഭവങ്ങളില്‍ കണ്ണുള്ളവരും ഭൗമരാഷ്ട്രീയത്തില്‍ വ്യത്യസ്ത താത്പര്യങ്ങളുള്ളവരും ഈ ആഭ്യന്തര സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകട്ടെയെന്ന ദുഷ്ടബുദ്ധിയിലാണെന്ന് വേണം അനുമാനിക്കാന്‍. മാനുഷിക പ്രതിസന്ധിയുടെ പാരമ്യത്തിലാണ് പടിഞ്ഞാറന്‍ സുഡാനെന്ന് യു എന്നടക്കമുള്ള ഏജന്‍സികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ആഗോള സംഘടനകളും സംവിധാനങ്ങളും പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നില്ലെന്നതില്‍ നിന്ന് മറ്റെന്താണ് വായിക്കാനാകുക.രണ്ട് വര്‍ഷം മുമ്പ്, സുഡാന്‍ ഭരണ സംവിധാനത്തിലെ രണ്ട് അധികാരികള്‍- ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക സംവിധാനമായ റാപിഡ് സപോര്‍ട്ട് ഫോഴ്‌സിന്റെ തലവന്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ മൂസയും- തുടങ്ങിയ അധികാര വടംവലി ഇന്ന് നിയന്ത്രണാതീതമായ മനുഷ്യക്കുരുതിയില്‍ കലാശിച്ചിരിക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്തു. സിവിലിയന്മാരെ ഒരു കാരണവുമില്ലാതെ പിടിച്ചുകൊണ്ടുപോകുകയും കൊല്ലുകയും പീഡിപ്പിക്കുകയുമാണ്. പടിഞ്ഞാറന്‍ ദാര്‍ഫൂര്‍ മേഖലയില്‍ ഇപ്പോള്‍ സൈന്യത്തിന് ഒരു പിടിയുമില്ലാതായിരിക്കുന്നു. ആര്‍ എസ് എഫിന്റെ സമാന്തര ഭരണമാണ് അവിടെ നടക്കുന്നത്. ഒരു നിയമവാഴ്ചയുമില്ല. അവിടെ എന്ത് നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആധികാരിക വിവരങ്ങളൊന്നും പുറത്ത് വരുന്നുമില്ല. അറബേതര സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള വംശീയ ആക്രമണങ്ങള്‍ തുടരുന്നുവെന്നാണ് റിപോര്‍ട്ട്. ഇരുപക്ഷവും യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് യു എന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപോര്‍ട്ടില്‍ തന്നെ പറഞ്ഞിരുന്നു. അല്‍ഫാശിര്‍ മേഖല ഇപ്പോള്‍ ഒറ്റപ്പെട്ട നിലയിലാണുള്ളത്. കടുത്ത പട്ടിണിയും ക്ഷാമവും ഇവിടെ നടമാടുന്നുണ്ട്. സ്വര്‍ണ ഖനികളാലും എണ്ണ നിക്ഷേപത്താലും സമ്പന്നമായ പ്രദേശമാണ് ഇങ്ങനെ ദരിദ്രമായിത്തീരുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ കെല്‍പ്പുള്ള ഈ രാജ്യത്തെ അസ്ഥിരതയുടെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ് സ്വാര്‍ഥരായ യുദ്ധപ്രഭുക്കള്‍.ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണം ചികയേണ്ടത് 1989 മുതല്‍ രാജ്യത്തെ സ്വേച്ഛാധിപത്യപരമായി നയിച്ച ഉമര്‍ അല്‍ബശീറിന്റെ ഭരണകാലത്ത് നിന്നാണ്. സ്വതവേ ദുര്‍ബലമായ ക്രമസമാധാന നിലയും വിവിധ സ്വകാര്യ മിലീഷ്യകളുടെ സാന്നിധ്യവും സങ്കീര്‍ണമാക്കിയ ഈ പ്രദേശത്തെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന നയങ്ങളാണ് അദ്ദേഹം പിന്തുടര്‍ന്നത്. 2011ല്‍ തെക്കന്‍ സുഡാനായി മാറിയ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ നിന്നും പടിഞ്ഞാറന്‍ സുഡാനില്‍ നിന്നും അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെയും സായുധ നീക്കങ്ങളെയും നേടിരാന്‍ ബശീര്‍ ഇളക്കിവിട്ട സ്വകാര്യ സേനയായ ജന്‍ജാവീദാണ് ഇന്നത്തെ ആര്‍ എസ് എഫായി മാറിയത്. ഈ ഗ്രൂപ്പിന്റെ തലപ്പത്ത് വന്നയാളാണ് ഇന്ന് ആര്‍ എസ് എഫിനെ നിയന്ത്രിക്കുകയും സുഡാനെ പിളര്‍ത്താന്‍ മാത്രം ശക്തനായി തീരുകയും ചെയ്ത മുഹമ്മദ് ഹംദാന്‍ ദഗാലോ മൂസ (ഹമേദ്തി). അധികാരവും പണവും ഒരുപോലെ നേടാന്‍ ഉമര്‍ ബശീറുമായുള്ള ബന്ധം ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ ഗ്രൂപ്പുകളെ മുഴുവന്‍ തകര്‍ത്ത് മുന്നേറിയ ജന്‍ജാവീദ് ഗ്രൂപ്പ്, 2013ല്‍ റാപിഡ് സപോര്‍ട്ട് ഫോഴ്‌സായി മാറുന്നതും സൈന്യത്തിന്റെ ഭാഗമായിത്തീര്‍ന്നതും ഉമര്‍ ബശീറിന്റെ ആശിര്‍വാദത്തോടെയാണ്. യമനിലും ലിബിയയിലുമൊക്കെ ഈ സംഘത്തെ ഉപയോഗിച്ചു. അറബ് രാജ്യങ്ങളുമായി ഈ ഗ്രൂപ്പിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായി ഉയര്‍ന്നു.ബശീറിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായപ്പോള്‍ സുഡാന്‍ ആംഡ് ഫോഴ്‌സ് തലവന്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാനും ഹംദാനും കൈകോര്‍ക്കുകയും ബശീറിനെ താഴെയിറക്കി അധികാരം പിടിക്കുകയും ചെയ്തു. ബുര്‍ഹാന്‍- ഹംദാന്‍ കൂട്ടുകെട്ട് അധികകാലം നീണ്ടില്ല. സ്വര്‍ണ ഖനികളുടെ നിയന്ത്രണത്തിനും കൂടുതല്‍ അധികാരം ലഭിക്കാനും ഹംദാന്‍ നടത്തിയ നീക്കങ്ങള്‍ സുഡാനിലെ സൈന്യവും ആര്‍ എസ് എഫും തമ്മിലുള്ള രൂക്ഷ പോരാട്ടത്തിന് വഴിവെച്ചു. ആ സംഘര്‍ഷമാണ് ഇന്നത്തെ നിലയിലെത്തിയിരിക്കുന്നത്.ദീര്‍ഘകാലം കോളനിയാക്കിവെച്ച് വന്‍ശക്തികള്‍ വിഭവക്കൊള്ള നടത്തിയ പ്രദേശങ്ങളാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ മിക്കവയും. ഇനിയത് അനുവദിക്കില്ലെന്ന് നിലപാടെടുത്ത രാജ്യങ്ങളെയെല്ലാം അവര്‍ ഇന്നും ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നു. സൂക്ഷ്മമായി നോക്കിയാല്‍ സുഡാനിലെ സംഘര്‍ഷത്തിന് പിന്നിലും ഈ ശക്തികളുടെ പങ്ക് കാണാനാകും. ഒരു ജനതയെ നിതാന്ത ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇടപെടല്‍ അവസാനിപ്പിക്കണം. പകരം വെടിനിര്‍ത്തലിലേക്ക് നയിക്കുന്ന ചര്‍ച്ചകള്‍ തുടങ്ങണം. യു എന്‍ സമാധാന സേനയെ നേരത്തേ ഇവിടെ വിന്യസിച്ചിരുന്നു. അത് പക്ഷേ, തീര്‍ത്തും അപര്യാപ്തമായിരുന്നു. സ്വന്തം ജനതക്ക് മേല്‍ ആയുധം പ്രയോഗിക്കുന്ന മിലീഷ്യകള്‍ക്കും സ്വന്തം അധികാര സംസ്ഥാപനത്തിനായി ചോര ചിന്തുന്ന ഭരണകൂടത്തിനും ഒത്താശ നല്‍കുന്നവര്‍ അടിയന്തരമായി അത് നിര്‍ത്തണം. അനധികൃത സ്വര്‍ണ വ്യാപാരത്തിന്റെ കണ്ണികള്‍ അറുക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമാധാനം നിലനില്‍ക്കണമെങ്കില്‍, ആര്‍ എസ് എഫ് ആയുധധാരികളെ സൈന്യവുമായി സംയോജിപ്പിക്കുന്നതിനുള്ള നീക്കുപോക്കുണ്ടാകണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദാര്‍ഫൂറില്‍ അര്‍ഥവത്തായ സമാധാന നീക്കങ്ങളൊന്നും നടന്നിട്ടില്ല. എല്ലാവരും സംഘര്‍ഷം ഉപയോഗിക്കുകയാണ് ചെയ്തത്. അല്‍ഫാശിറിന്റെ പതനവും അനുബന്ധ കൂട്ടക്കുരുതിയും ശരിയായ ചര്‍ച്ചകളിലേക്ക് ഹംദാനെയും ബുര്‍ഹാനെയും കൊണ്ടുവരാനുള്ള അവസരമാക്കി മാറ്റണം. ഇക്കാര്യത്തില്‍ ഈജിപ്തിനും യു എ ഇക്കും ശക്തമായ പങ്കുവഹിക്കാനാകും.