കുറ്റ്യാടി | വിദ്യാഭ്യാസ സംവിധാനങ്ങളില്‍ കാലികമായ മികവും നവീകരണവും കൊണ്ടുവരണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ‌്ലിയാര്‍. ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ‌്ലാമിയ്യയുടെ അഞ്ചാമത് ഹാദി ബിരുദദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഫീസ് വര്‍ധന, ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥി സൗഹൃദ തീരുമാനങ്ങള്‍ ഭരണകൂടത്തിന്റെ പക്ഷത്ത് നിന്ന് ഉണ്ടാകണമെന്നും മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ ഭരണകൂടം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നൂതന സാങ്കേതിക വിദ്യകളും ലോകത്തെ മാറ്റങ്ങളെ അറിഞ്ഞ കോഴ്‌സുകളും ഉള്‍ച്ചേര്‍ന്ന പഠന അവസരങ്ങളും മികച്ച സൗകര്യങ്ങളും നമ്മുടെ നാട്ടില്‍ തന്നെ ഒരുക്കണം. അതുവഴി വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് പോകുന്ന വിദ്യാർഥികളെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രയോഗിക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തൊഴില്‍ – പഠന രംഗങ്ങളില്‍ യുവ സമൂഹത്തിന് അനുകൂലമായ നയം രൂപപ്പെടുത്തണമെന്നും ആധുനിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ പുതിയ തലമുറയെ രാജ്യപുരോഗതിക്കായി ഉപയോഗിക്കാനാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സമൂഹത്തോട് പ്രതിബദ്ധതയും മാനവികത ഉയര്‍ത്തിപ്പിടിച്ച് നിലപാട് എടുക്കുകയും ചെയ്ത പാരമ്പര്യമാണ് രാജ്യത്തിന്റേത്. അത് കൂടുതല്‍ മികവോടെ മുന്നോട്ടുകൊണ്ടു പോകാനും ചരിത്രത്തോട് സത്യസന്ധത പുലര്‍ത്താനും ഭരണകൂടങ്ങളും വിദ്യാർഥികളും തയ്യാറാകണം.ആധുനികവിദ്യാഭ്യാസം സിദ്ധിച്ചവരും സമൂഹത്തെ അറിയുന്ന അനുഭവങ്ങൾ ആഴത്തിലുള്ളവരുമായ പണ്ഡിതരാണ് ഹാദി ബിരുദം സ്വീകരിച്ചിരിക്കുന്നത്. പുതിയ തലമുറക്കും കാലത്തിനും ആവശ്യമുള്ള നന്മയും പുരോഗതിയും നടപ്പാക്കുമെന്ന പ്രതിജ്ഞയെടുത്താണ് ഈ വിദ്യാർഥികള്‍ പുറത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.