ലണ്ടന്‍ | ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും ന്യൂസ് മേധാവി ഡെബോറ ടര്‍നെസും ഒരേ ദിവസം രാജി പ്രഖ്യാപിച്ചു. ‘ട്രംപ്: എ സെക്കന്‍ഡ് ചാന്‍സ്?’ എന്ന ഡോക്യുമെന്ററി എപ്പിസോഡില്‍, ട്രംപിന്റെ പ്രസംഗത്തിലെ രണ്ട് ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന ആരോപണത്തിന് പിറകെയാണ് ഞായറാഴ്ച ഇരുവരും രാജിവെച്ചത്. ട്രംപ് യുഎസ് ക്യാപിറ്റോള്‍ കലാപത്തിന് പരസ്യമായി പ്രോത്സാഹനം നല്‍കി എന്ന് കാഴ്ചക്കാര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ എഡിറ്റിങ് ഇടയാക്കി. സമാധാനപരമായി പ്രതിഷേധിക്കണമെന്ന് ട്രംപ് പറഞ്ഞ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.ഒരു ഡയറക്ടര്‍ ജനറലും ന്യൂസ് മേധാവിയും ഒരേ ദിവസം രാജിവെക്കുന്നത് ബിബിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ്. അഞ്ച് വര്‍ഷമായി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുള്ള ഡേവി, ബിബിസിക്കെതിരായ പക്ഷപാത ആരോപണങ്ങളും വിവാദങ്ങളും കാരണം സമ്മര്‍ദ്ദത്തിലായിരുന്നു.‘എല്ലാ പൊതു സ്ഥാപനങ്ങളെയും പോലെ, ബിബിസിയും പൂര്‍ണ്ണമല്ല, ഞങ്ങള്‍ എപ്പോഴും തുറന്നതും സുതാര്യവും ഉത്തരവാദിത്തമുള്ളവരുമായിരിക്കണം.നിലവിലെ ചര്‍ച്ച എന്റെ തീരുമാനത്തിന് കാരണമായിട്ടുണ്ട്, തീര്‍ച്ചയായും ഇത് മാത്രമാണ് കാരണമെന്നല്ല. മൊത്തത്തില്‍ ബിബിസി നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷേ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്, ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ അതിന്റെ പരമമായ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു-രാജിക്കത്തില്‍ ഡേവി വ്യക്തമാക്കി.മൂന്ന് വര്‍ഷമായി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് സിഇഒ ആയിരുന്ന ടര്‍നെസ്.പനോരമ വിവാദം ബിബിസിക്ക് ദോഷമുണ്ടാക്കുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നുവെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം രാജിവക്കുന്നുവെന്ന് ടര്‍നെസും വ്യക്തമാക്കി.പൊതുജീവിതത്തില്‍ നേതാക്കള്‍ക്ക് പൂര്‍ണ്ണമായ ഉത്തരവാദിത്തം ഉണ്ടായിരിക്കണം, അതിനാലാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, ബിബിസി ന്യൂസ് പക്ഷപാതപരമാണെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു-ടര്‍നെസ് രാജിക്കത്തില്‍ പറയുന്നു