അബൂദബി|അബൂദബിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിവിധ സംഘടനകൾ ഉന്നയിച്ച പ്രവാസി വിഷയങ്ങളിൽ മുഖ്യമന്ത്രി ക്രിയാത്മകമായാണ് പ്രതികരിച്ചത്. പല വിഷയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുകയും പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കുമെന്നും ഉറപ്പുനൽകുകയും ചെയ്തു. അബൂദബിയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.ഗൾഫ് രാജ്യങ്ങളിൽ നോർക്ക കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന പ്രവാസി സംഘടനകളുടെ ആവശ്യത്തോട് പ്രതികരിച്ച മുഖ്യമന്ത്രി, മലയാളികളുടെ ഒരു പൊതു വേദിയായി അത് മാറിയാൽ മാത്രമേ നടപ്പാക്കാൻ സാധിക്കൂ എന്ന് പറഞ്ഞു. ഏതെങ്കിലും ഒരു സംഘടനക്ക് ഇതിന്റെ ഉത്തരവാദിത്തം നൽകുമ്പോൾ മറുഭാഗത്തുനിന്ന് ചോദ്യങ്ങൾ ഉയരും, അത് അഭികാമ്യമല്ല. അതിനാൽ, എല്ലാ സംഘടനകളും ഒത്തൊരുമിച്ചു ചേർന്നുവന്നാൽ അത്തരമൊരു സംരംഭത്തെക്കുറിച്ച് ആലോചിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിയമസഹായങ്ങൾക്കായി എംബസിയുമായി സംഘടനകൾ നല്ല ബന്ധം സ്ഥാപിക്കണമെന്നും, അംഗീകൃതമായ രീതിയിൽ നിയമസഹായം നൽകാൻ ഇതുമാത്രമാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സ്‌കൂളുകൾ മെച്ചപ്പെടുത്താനുള്ള ശ്രമം സർക്കാർ തുടരുകയാണ്. കേരളത്തിന് പുറത്ത് സ്‌കൂളുകൾ തുടങ്ങുന്നത് ഇപ്പോൾ സർക്കാരിന്റെ അജണ്ടയിലില്ല. അതേസമയം, മലയാളം പഠിപ്പിക്കുന്നതിനായി മലയാളം മിഷന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോവുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസികളെ കാലങ്ങളായി വിമാനക്കമ്പനികൾ ചൂഷണം ചെയ്യുന്നതിന് തടയിടാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന ആശങ്ക മുഖ്യമന്ത്രി പങ്കുവെച്ചു. സംസ്ഥാന സർക്കാരിന് തനിയെ ഇതിൽ ഒന്നും ചെയ്യാനാവില്ല. ചാർട്ടേഡ് വിമാന സർവീസ് എന്ന ആശയമുയർന്നെങ്കിലും ഇത് പ്രാവർത്തികമാവുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാൻ, കേരളാ ചീഫ് സെക്രട്ടറി എന്നിവരും സംബന്ധിച്ചു.