എസ് ഐ ആര്‍: സി പി എം സുപ്രീം കോടതിയെ സമീപിക്കുമെന്ന് എം വി ഗോവിന്ദന്‍

Wait 5 sec.

തിരുവനന്തപുരം | വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ (എസ് ഐ ആര്‍) വിഷയത്തില്‍ സി പി എം സുപ്രീം കോടതിയിലേക്ക്. സംസ്ഥാന സര്‍ക്കാരിനു പുറമെ, പാര്‍ട്ടിയും കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ് ഐ ആര്‍ മാറ്റിവെക്കണമെന്നാണ് ആവശ്യപ്പെടുക.എസ് ഐ ആറുമായി ബന്ധപ്പെട്ട് ഫോം വിതരണം പോലും കാര്യക്ഷമമായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ലെന്ന് ഗോവിന്ദന്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണം. ഒരാള്‍ പോലും നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കരുത്. അല്ലെങ്കില്‍ സംസ്ഥാനത്ത് വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടാകും. എല്ലാ പാര്‍ട്ടികളും വോട്ടര്‍പട്ടിക നിര്‍മാണത്തില്‍ ഇടപെടണം. നിയമയുദ്ധം അതിന്റെ വഴിക്ക് തുടരുമെന്നും സി പി എം സെക്രട്ടറി പറഞ്ഞു.ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 60 ലക്ഷം പേരുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയത്. ഇതാണ് സി പി എം ഉള്‍പ്പെട്ട മഹാഗഡ്ബന്ധന്റെ പരാജയത്തിന്റെ ഒന്നാം കാരണം. തിരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പോലും കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.പി എം ശ്രീ വിഷയത്തില്‍ സി പി എമ്മും സി പി ഐയുമായി പരസ്പര ഏറ്റുമുട്ടലിന്റെ കാര്യമില്ലെന്നും ബിനോയ് വിശ്വവും വി ശിവന്‍കുട്ടിയും തര്‍ക്കത്തില്‍ നിന്ന് സ്വയം പിന്മാറുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.