നിലമ്പൂര്‍ നഗരസഭയില്‍ ലീഗില്‍ പൊട്ടിത്തെറി

Wait 5 sec.

നിലമ്പൂര്‍ | നിലമ്പൂര്‍ നഗരസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി. അഞ്ച് ഡിവിഷനുകളില്‍ റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഒരു വിഭാഗം. മുന്‍സിപ്പല്‍ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പ്രമുഖ നേതാക്കള്‍ ഇറങ്ങിപ്പോയി.സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരം നേടാന്‍ ഇന്നലെ രാത്രി ചേര്‍ന്ന മുന്‍സിപ്പല്‍ പ്രവര്‍ത്തക സമിതിയില്‍ നിന്നാണ് എതിര്‍പ്പ് പ്രകടമാക്കി ഒരു വിഭാഗം ഇറങ്ങിപ്പോയത്. മുന്‍സിപ്പല്‍ പ്രസിഡന്റും സെക്രട്ടറിയും ട്രഷററും മറ്റുള്ളവരുമായി കൂടിയാലോചനയില്ലാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നുവെന്നാണ് ഈ വിഭാഗത്തിന്റെ പരാതി. സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ ഇവര്‍ പാലിക്കുന്നില്ലന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. മുമ്മുള്ളി വാര്‍ഡിനെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം.ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി നാണികുട്ടി കൂമഞ്ചേരിയെയാണ് ഇവിടെ ലീഗ് പരിഗണിക്കുന്നത്. എന്നാല്‍ മുന്‍ കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരിയെയാണ് വാര്‍ഡിലെ പ്രവര്‍ത്തകര്‍ പിന്തുണക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. ലീഗ് മത്സരിക്കുന്ന മുമ്മുള്ളി, ചാരംകുളം, പാത്തിപ്പാറ, വീട്ടിച്ചാല്‍, കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി മത്സരിക്കുന്ന തോണിപ്പൊയില്‍ ഡിവിഷനുകളിലാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്.ലീഗ് നേതൃത്വത്തിനും കൂടെ കോണ്‍ഗ്രസ്സിനും തിരിച്ചടി നല്‍കാനാണ് ഇവരുടെ നീക്കം. ലീഗ് മത്സിക്കുന്ന നാല് ഡിവിഷനുകള്‍ക്ക് പുറമേ കോണ്‍ഗ്രസ്സിന്റെ തോണിപ്പൊയിലിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് കോണ്‍ഗ്രസ്സിനെയും പ്രതിരോധത്തിലാക്കും.നിലവില്‍ നഗരസഭാ പ്രതിക്ഷ നേതാവും ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ പാലൊളി മഹ്ബൂബിനെയാണ് തോണിപ്പൊയിലിലേക്ക് കോണ്‍ഗ്രസ്സ് പരിഗണിക്കുന്നത്. പത്ത് ഡിവിഷനുകളിലാണ് നഗരസഭയില്‍ ലീഗ് മത്സരിക്കുന്നത്.മിക്ക വാര്‍ഡുകളിലും വിജയ സാധ്യതയില്ലാത്തവരെയാണ് നിര്‍ത്തുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. കഴിഞ്ഞ തവണ ഒമ്പത് സീറ്റില്‍ മത്സരിച്ച് ഒമ്പതിലും പരാജയപ്പെട്ടിരുന്നു. നിലമ്പൂര്‍ മുന്‍സിപ്പല്‍ ലീഗില്‍ വര്‍ഷങ്ങളായി വിഭാഗീയത രൂക്ഷമാണ്.