കോഴിക്കോട്:തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്.ഐ.ആര്‍) നടപടികളില്‍ പങ്കാളികളായി ജില്ലയിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി), നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) വോളണ്ടിയര്‍മാര്‍. ഓരോ ബി.എല്‍.ഒമാര്‍ക്കൊപ്പവും രണ്ട് വീതം വോളണ്ടിയര്‍മാരാണ് ഗൃഹസന്ദര്‍ശനത്തില്‍ പങ്കെടുത്തത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍ പള്ളിക്കണ്ടി തീരദേശ മേഖലയിലെ വീടുകളില്‍ ബി.എല്‍.ഒ, ഇ.എല്‍.സി വോളണ്ടിയര്‍മാര്‍ക്കൊപ്പം സന്ദര്‍ശനം നടത്തി. വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും എസ്.ഐ.ആര്‍ സംബന്ധിച്ച് നിലവിലുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മുന്‍ വോട്ടര്‍ പട്ടികകളില്‍ നിന്നുള്ള വിവരങ്ങള്‍ വെബ്സൈറ്റുകളില്‍നിന്ന് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും വോളണ്ടിയര്‍മാര്‍ സഹായികളായി.ഗൃഹസന്ദര്‍ശന വേളയില്‍ എസ്.ഐ.ആര്‍ സംബന്ധിച്ച ഡിജിറ്റല്‍ ലഘുലേഖകളും ട്യൂട്ടോറിയല്‍ വീഡിയോകളും മാര്‍ഗനിര്‍ദേശങ്ങളും വിതരണം ചെയ്തു. പട്ടികവര്‍ഗ ഉന്നതികള്‍, തീരദേശ മേഖലകള്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രമോട്ടര്‍മാര്‍, പ്രാദേശിക കോഓഡിനേറ്റര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഗൃഹസന്ദര്‍ശനം. ഈ മേഖലകളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഇ.എല്‍.സി, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കും. 4000ത്തോളം വോളണ്ടിയര്‍മാരാണ് ബി.എല്‍.ഒമാരോടൊപ്പം ചേര്‍ന്ന് നാല് ലക്ഷത്തോളം വോട്ടര്‍മാരെ സന്ദര്‍ശിക്കുക.ജില്ലാ കലക്ടര്‍, ജില്ലാ സ്വീപ് നോഡല്‍ ഓഫീസര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, മറ്റു അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഓഡിനേറ്റര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍, ബി.എല്‍.ഒ സൂപ്പര്‍വൈസര്‍മാര്‍, ബി.എല്‍.ഒമാര്‍, എന്‍.എസ്.എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റുഡന്റ് കോഓഡിനേറ്റര്‍മാര്‍, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.