ജിദ്ദ: പ്രവാസലോകത്തെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ശാസ്ത്ര-സാങ്കേതിക രംഗത്തെ പുത്തൻ അനുഭവങ്ങൾ പകർന്നുനൽകി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ‘നോട്ടെക്’ (KnowTech 3.0) എക്‌സ്‌പോയ്ക്ക് ഉജ്ജ്വല സമാപനം. അൽ മവാരിദ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന സാങ്കേതിക മേള സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.ആർ.എസ്.സി ഗ്ലോബൽ വിസ്ഡം സെക്രട്ടറി ഫസീൻ അഹ്മദ് എക്സ്പോയിലെ സൈൻ ഇൻ (Sign-in) സെഷന് നേതൃത്വം നൽകി. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, യഹ്‌യ ഖലീൽ നൂറാനി, അബ്ദുറഹിമാൻ സഖാഫി ചെംബ്രശ്ശേരി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.ജിദ്ദയിലെ അൽ വുറൂദ്, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ (IISJ), അൽ അഹ്ദാബ്, മഹ്ദ് അൽ ഉലൂം (MIS), അൽ മവാരിദ്, നോവൽ തുടങ്ങിയ പ്രമുഖ സ്കൂളുകൾ മേളയിൽ മാറ്റുരച്ചു. വാശിയേറിയ സയൻസ് എക്സിബിഷനിൽ അൽ വുറൂദ് ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ (IISJ) രണ്ടാം സ്ഥാനവും അൽ മവാരിദ് ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.നോട്ടെക് എക്സലൻസി അവാർഡ് ജേതാവായ ഡോ. ഫയാസ് റഹ്മാന് ഖാന് ഡോ. മുഹ്സിൻ, ഡ്രൈവ് ടീം ചെയർമാൻ സുജീർ പുത്തൻപള്ളി, കൺവീനർ റഷീദ് പന്തല്ലൂർ, ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറിമാരായ മൻസൂർ ചുണ്ടമ്പറ്റ, ഫസീൻ അഹമ്മദ്, നാഷനൽ ചെയർമാൻ നൗഫൽ മുസ്ല്യാർ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.പുരസ്കാരം ഏറ്റുവാങ്ങി സംസാരിച്ച ഡോ. ഫയാസ് റഹ്മാൻ ഖാൻ, എ.ഐ (AI) യുഗത്തിൽ ഇത്തരം ശാസ്ത്ര സംരംഭങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് അഭിപ്രായപ്പെട്ടു. കുട്ടികളെ ഇത്തരം എക്സ്‌പോകൾക്കായി സജ്ജരാക്കുന്നതിൽ ആർ.എസ്.സി കാണിക്കുന്ന മികവിനെയും പ്രയത്നത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.ആർ.എസ്.സിയുടെ 2026-ലെ കലണ്ടർ പ്രകാശനം മുൻ ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശേരി, സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ നൗഫൽ മുസ്ലിയാർ എന്നിവർ ചേർന്ന് നിർവഹിച്ചു.വെഫി (WEFI) കേരള സി.ഇ.ഒ റഫീഖ് ചുങ്കത്തറയുടെ നേതൃത്വത്തിൽ നടന്ന ‘നെക്സ്റ്റർ’ (Nexture) കരിയർ ഗൈഡൻസ് സെഷനുകൾ ശ്രദ്ധേയമായി. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സെഷനുകളും കുട്ടികൾക്കായി വൺ-ടു-വൺ കരിയർ കൗൺസിലിംഗും നൽകി.‘ഐ-ടോക്ക്’ (i-Talk) വേദിയിൽ റഹ്മത്തുള്ള കെ.എം, അനസ് ഓച്ചിറ, ഡോ. ഇജാസ് അഹ്മദ്, എഞ്ചിനീയർ റഊഫ്, മൊയ്തീൻ കോട്ടപ്പാടം എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു. ഇവോൾവർ & ചാറ്റ് വിത്ത് എന്റർപെർണർ സെഷനിൽ ബിസ്സപ്പ് അറേബ്യ സി.ഇ.ഒ സുഹൈൽ കടാച്ചിറ തന്റെ ഈ മെഖലയിലേക്ക് എത്തിയ അനുഭവങ്ങൾ പങ്ക് വെച്ചു.മേളയിലെത്തിയ സന്ദർശകർക്ക് ശാസ്ത്ര പരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കാൻ അവസരമൊരുക്കിയ ‘ഡി.ഐ.വൈ (DIY) ലാബ്’ നവ്യാനുഭവമായി. ടെക്നോവ തിയേറ്ററിൽ അഞ്ച് വ്യത്യസ്ത ഷോകൾ അരങ്ങേറി. സ്വയം നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപനയുമായി ‘മേക്കേഴ്സ് മാർക്കറ്റ്’ സജീവമായിരുന്നു.സമാപന ചടങ്ങിൽ മുജീബ് എ.ആർ നഗർ, തൽഹത് കൊളത്തറ, സൽമാൻ വെങ്കളം, മുഹ്സിൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.The post ശാസ്ത്ര വിസ്മയങ്ങൾ തീർത്ത് രിസാല സ്റ്റഡി സർക്കിൾ ‘നോട്ടെക് 3.0’ സമാപിച്ചു; സയൻസ് എക്സിബിഷനിൽ അൽ വുറൂദ് സ്കൂളിന് ഒന്നാം സ്ഥാനം. appeared first on Arabian Malayali.