പാട്‌ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെയും ഇടതു കക്ഷികളെയും കവച്ചുവെക്കുന്ന മികച്ച പ്രകടനവുമായി അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം). സീമാഞ്ചല്‍ മേഖലയിലെ ആറ് മണ്ഡലങ്ങളില്‍ പാര്‍ട്ടി മുന്നേറ്റം നടത്തുകയാണ്. ജോകിഹട്, കൊചാധാമന്‍, അമോര്‍, ബൈസി, ഠാക്കൂര്‍ഗഞ്ച്, ബഹാദൂര്‍ഗഞ്ച് എന്നിവിടങ്ങളിലാണ് പാര്‍ട്ടി മുന്നേറുന്നത്. മേഖലയില്‍ കോണ്‍ഗ്രസ്സിനും സി പി എമ്മിനും ഒരോ സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. സി പി ഐ (എം എല്‍) രണ്ടിടത്ത് മുന്നിലാണ്. സി പി ഐയാണെങ്കില്‍ ചിത്രത്തിലില്ലാത്ത സ്ഥിതിയാണ്.ഇത്തവണ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകാതെ തനിച്ചാണ് എ ഐ എം ഐ എം മത്സരിക്കാനിറങ്ങിയത്. 25 മണ്ഡലത്തിലാണ് പാര്‍ട്ടി സാരഥികളെ നിര്‍ത്തിയത്. ഠാക്കൂര്‍ഗഞ്ച് ഒഴികെയുള്ള മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കായിരുന്നു വിജയം. എന്നാല്‍, ഇവരില്‍ നാലുപേര്‍ പിന്നീട് ആര്‍ ജെ ഡിയിലേക്ക് കൂറുമാറി.അമോറില്‍ നിന്ന് വിജയിച്ച അഖ്തറുല്‍ ഇമാന്‍ മാത്രമാണ് പാര്‍ട്ടിക്കൊപ്പം നിന്നത്. ഇദ്ദേഹം തന്നെയാണ് ഇക്കുറിയും ഇവിടെ നിന്ന് മത്സരിക്കുന്നത്.