കൊച്ചി | തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ ഇടപെടാതെ ഹൈക്കോടതി. ഹരജിയുമായി ബന്ധപ്പെട്ട നടപടികള്‍ കോടതി അവസാനിപ്പിച്ചു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എസ് ഐ ആര്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം.നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും ഡിസംബര്‍ 20ന് ശേഷം മാത്രമേ നടപ്പിലാക്കാന്‍ പാടുള്ളൂവെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.