വിഴിഞ്ഞം | തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിര്‍ണയത്തെ ചൊല്ലി വിഴിഞ്ഞത്തും വെങ്ങാനൂരിലും എൽ ഡി എഫില്‍ പൊട്ടിത്തെറി.തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാര്‍ഡില്‍ എൽ ഡി എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട എന്‍ നൗഷാദിനെതിരെ സി പി എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ എന്‍ എ റശീദ് രംഗത്ത് വന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധമുള്ളതിന്റെ പേരില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ നൗഷാദിനെ പണം വാങ്ങി സ്ഥാനാർഥിയാക്കിയെന്നാണ് റശീദിന്റെ ആരോപണം.കോവളം ഏരിയയിലെ ജില്ലാ കമ്മിറ്റിയിലെ അറിയപ്പെട്ട ഒരു നേതാവിന്റെ ഏകാധിപത്യ നിലപാടാണ് ഇതിന് പിന്നിലെന്നും റശീദ് ആരോപിച്ചു. അതിനാല്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് വിഴിഞ്ഞം ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് റശീദിന്റെ തീരുമാനം.2015ല്‍ വിഴിഞ്ഞം വാര്‍ഡില്‍ നിന്ന് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട റശീദിന് കഴിഞ്ഞ തവണ വനിതാ വാര്‍ഡിയതിനാല്‍ മത്സരിക്കാനായില്ല. ഇത്തവണ വീണ്ടും മത്സരിക്കാന്‍ തയ്യാറായിരുന്ന റശീദിന് പാര്‍ട്ടി അവസരം നല്‍കാത്തതാണ് പാര്‍ട്ടിക്കെതിരെ രംഗത്ത് വരാന്‍ കാരണം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം കാരണം റശീദിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.റശീദിന് അര്‍ഹമായ പദവികളെല്ലാം നല്‍കിയിട്ടുണ്ടെന്നും എപ്പോഴും താന്‍ തന്നെ സ്ഥാനാർഥിയാകണമെന്ന മോഹം നല്ലതല്ലെന്നുമാണ് സി പി എം നേതാക്കള്‍ പറയുന്നത്. 2005-10 കാലയളവില്‍ പഞ്ചായത്തംഗവും 2015-20 കാലയളവില്‍ കോർപറേഷന്‍ കൗണ്‍സിലറുമായിരുന്ന റശീദ് സി പി എം വിഴിഞ്ഞം ലോക്കല്‍ കമ്മിറ്റി അംഗം, സി ഐ ടി യു വിഴിഞ്ഞം മേഖലാ സെക്രട്ടറി, സി ഐ ടി യു ചുമട്ടുതൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.വെങ്ങാനൂര്‍ ഡിവിഷനില്‍ ഇടത് സ്ഥാനാർഥിയെച്ചൊല്ലി ഘടക കക്ഷികളായ ആർ ജെ ഡി, ജനതാദള്‍ (എസ്) തര്‍ക്കം പരിഹരിക്കാനായില്ല.രണ്ട് പേരും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു. ജനതാദള്‍ എസ്സിനായി നിലവിലെ കൗണ്‍സിലര്‍ സിന്ധു വിജയനും ആര്‍ ജെ ഡി സ്ഥാനാർഥിയായി പി രാഖിയും മത്സരരംഗത്ത് പ്രചാരണം ആരംഭിച്ചു. ഇത് സ്ഥാനാർഥികളെയും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കഴിഞ്ഞദിവസം ചെങ്ങാന്നൂര്‍ വാര്‍ഡില്‍ സ്ഥാപിച്ചു.മുന്‍ തെരഞ്ഞെടുപ്പില്‍ ജനതാദളിനാണ് വെങ്ങാനൂര്‍ വാര്‍ഡ് നല്‍കിയിരുന്നത് ജെഡി എസ് എന്ന ഒരു വിഭാഗം ആർ ജെ ഡിയില്‍ ചേര്‍ന്നതോടെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ രണ്ട് കൂട്ടരും വെങ്ങാനൂര്‍ വാര്‍ഡിനായി അവകാശവാദം ഉഭയകക്ഷി ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ മുന്നണി നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെയാണ് രണ്ടു കൂട്ടരും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചത്. ഇത് പാര്‍ട്ടിക്ക് തലവേദനയായി.കഴിഞ്ഞ ദിവസം ജനതാദള്‍ എസ് സ്ഥാനാർഥി സിന്ധു വിജയന് വേണ്ടി സ്ഥാപിച്ച 15ഓളം ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും കാശ് വാങ്ങി സീറ്റ് ആർ ജെ ഡിക്ക് ഒഴിഞ്ഞുകൊടുത്തു എന്ന വ്യാജ പ്രചാരണം നടത്തുകയും ചെയ്തതായി കൗണ്‍സിലര്‍ സിന്ധു വിജയന്‍ പറഞ്ഞു.വിഴിഞ്ഞത്തും ഹാര്‍ബറിലും നേരത്തേ തന്നെ സ്ഥാനാർഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുണ്ടാകുകയും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ നിരവധി പേര്‍ രാജി വെക്കുകയും ചെയ്തിരിന്നു. ഇവിടെ വിമത സ്ഥാനാർഥികളും രംഗത്തുണ്ട്. ഇപ്പോള്‍ എൽ ഡി എഫിലും വിഴിഞ്ഞത്തും വെങ്ങാനൂരിലും വിമത നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്.