ഡല്‍ഹി ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണം തന്നെ; കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ മുഹമ്മദ്

Wait 5 sec.

ന്യൂഡല്‍ഹി| ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ സ്ഫോടനം നടത്തിയ ആളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന. ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ചാവേര്‍ ആയി പൊട്ടിത്തെറിച്ചതായാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. സ്ഫോടനത്തിന് ഫരീദാബാദ് സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് സൂചിപ്പിക്കുന്നു. ഫരീദാബാദിലെ ആശുപത്രിയില്‍ ഒളിപ്പിച്ച 360 കിലോ ആര്‍ഡിഎക്സ്, എകെ 47 തോക്ക്, സ്ഫോടകവസ്തുക്കള്‍ എന്നിവ കഴിഞ്ഞദിവസം അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.ഫരീദാബാദില്‍ നിന്നും ബദര്‍പൂര്‍ അതിര്‍ത്തി കടന്നാണ് കാര്‍ ഡല്‍ഹിയിലെത്തിയത്. കാറില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലുള്ളവര്‍ പിടിയിലായതിന്റെ ഭീതിയില്‍ ഇയാള്‍ സ്ഫോടനം നടത്തിയതാണെന്നും പോലീസ് സൂചിപ്പിക്കുന്നു. ഔട്ടര്‍ റിങ് റോഡു വഴി എത്തിയ കാര്‍ ചെങ്കോട്ടയ്ക്ക് സമീപം മൂന്നുമണിക്കൂര്‍ നിര്‍ത്തിയിട്ടിരുന്നു. ഈ സമയം ഇയാള്‍ ഒരിക്കല്‍ പോലും കാറിന് പുറത്തിറങ്ങിയിട്ടില്ലെന്നും പോലീസ് പറയുന്നു.താരിഖ് എന്നയാളില്‍ നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നും സൂചനയുണ്ട്. ഉമര്‍ മുഹമ്മദിന്റെ സഹോദരനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് കസ്റ്റഡിയിലുള്ളത്.ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 1989 ഫെബ്രുവരി 24 നാണ് ചാവേറായ ഉമര്‍ മുഹമ്മദിന്റെ ജനനം. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. തുടര്‍ന്ന് അനന്ത് നാഗ് മെഡിക്കല്‍ കോളജില്‍ സിനിയര്‍ റെസിഡന്റായി ജോലി ചെയ്തു. നിലവില്‍ ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഡോ. ഉമര്‍ മുഹമ്മദ്. ഡോ. ഉമറിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഡോക്ടര്‍ അദീര്‍ അഹമ്മദ് റാത്തര്‍, ഡോക്ടര്‍ മുജമ്മില്‍ ഷക്കീല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.സ്ഫോടനവുമായി ബന്ധപ്പെട്ട ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ആദ്യ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അധികൃതര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് കിട്ടുന്നതോടെ കണ്ടെടുത്ത വസ്തുക്കളുടെ സ്വഭാവത്തെയും ഘടനയെയും കുറിച്ച് വ്യക്തത വരും.ഫരീദാബാദില്‍ നിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കളെക്കുറിച്ച് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഫരീദാബാദ് ക്രൈം ബ്രാഞ്ചില്‍ നിന്നും ജമ്മു കശ്മീര്‍ പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട് .ഇന്നലെ വൈകീട്ട് ഡല്‍ഹിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആറ് മൃതദേഹം തിരിച്ചറിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയേക്കും.