ഡൽഹി സ്ഫോടനം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി

Wait 5 sec.

തിരുവനന്തപുരം | ചെങ്കോട്ടക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ കര്‍ശന നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, വ്യോമസേനാ കേന്ദ്രങ്ങള്‍, ഹെലിപാഡുകള്‍, ഫ്ലയിംഗ് സ്‌കൂളുകള്‍, ഏവിയേഷന്‍ ട്രെയിനിംഗ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സുരക്ഷ കര്‍ശനമാക്കിയത്.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക് അടിയന്തര ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിമാനത്താവളങ്ങളിലെ സി സി ടി വികളെല്ലാം മുഴുസമയവും പ്രവര്‍ത്തനസജ്ജമാക്കണം, എയര്‍ക്രാഫ്റ്റ് ഓപറേറ്റര്‍മാരായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം, യാത്രികരുടെയും ചരക്കുനീക്കത്തിന്റെയും പരിശോധന കര്‍ശനമാക്കണം, യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് രണ്ടാംഘട്ട പരിശോധന നിര്‍ബന്ധമായി നടത്തണം, വിമാനത്താവളത്തിലേക്ക് വരുന്നതും പോകുന്നതുമായ മുഴുവന്‍ വാഹനങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കണം, ഡിപ്പാര്‍ച്ചര്‍, എന്‍ട്രി ഗേറ്റുകളില്‍ പരിശോധന വേണം, കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കണം, യാത്രികരുടെയും ഉദ്യോഗസ്ഥരുടെയും തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായി പരിശോധിക്കണം, വിമാനത്താവളത്തിലേക്ക് കയറുന്നതിന് മുമ്പ് യാത്രക്കാരുടെ ബാഗേജ് ആവശ്യമെന്ന് കണ്ടാല്‍ പലവട്ടം പരിശോധിക്കണം, കാര്‍ഗോകളില്‍ അപകടകരമായ വസ്തുക്കളില്ലെന്ന് ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ നല്‍കിയിരിക്കുന്നത്.