രാഷ്ട്രതലസ്ഥാനമായ ഡല്‍ഹിയില്‍ വീണ്ടുമൊരു ഉഗ്രസ്‌ഫോടനം. ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടക്ക് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെയാണ് രാജ്യത്തെ നടുക്കിയ കാര്‍ സ്‌ഫോടനം നടന്നത്. ഏറ്റവും ഒടുവിലത്തെ റിപോര്‍ട്ടനുസരിച്ച് 13 പേരുടെ ജീവനപഹരിച്ചു സംഭവം. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് തളം കെട്ടി നിന്ന രക്തവും കത്തിക്കരിഞ്ഞ ശരീര ഭാഗങ്ങളും ചിതറിത്തെറിച്ച വാഹന ഭാഗങ്ങളും സ്‌ഫോടനത്തിന്റെ തീവ്രതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ചെങ്കോട്ടക്ക് സമീപത്തെ സുഭാഷ്മാര്‍ക് ട്രാഫിക് സിഗ്നലില്‍ വെള്ളനിറത്തിലുള്ള ഹുണ്ടായി ഐ20 കാര്‍ പൊട്ടിത്തെറിക്കുകയും സമീപത്തെ മറ്റു വാഹനങ്ങളിലേക്ക് തീപടരുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷി വിവരണം. ഡല്‍ഹി ജമാമസ്ജിദും ചെങ്കോട്ടയും സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍, ആരാധനാലയങ്ങളില്‍ പ്രാര്‍ഥനക്കെത്തുന്നവര്‍, കച്ചവടക്കാര്‍, തദ്ദേശീയര്‍ തുടങ്ങി ഏത് നേരവും ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുകയും ചുറ്റിക്കറങ്ങുകയും ചെയ്യുന്ന അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്തായിരുന്നു പൊട്ടിത്തെറി നടന്നത്.മുമ്പും പലതവണ തീവ്രവാദ ആക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട് ഡല്‍ഹി. 13 പേര്‍ മരിക്കാനിടയായ 1996 മേയ് 21ലെ ലജ്പത് നഗര്‍ കാര്‍ സ്‌ഫോടനം, 2001ലെ പാര്‍ലിമെന്റ് ആക്രമണം, 2005 ഒക്ടോബര്‍ 29ലെ സരോജിനി നഗര്‍, പഹര്‍ഗഞ്ച്, ഗോവിന്ദ്പുരി സ്‌ഫോടനങ്ങള്‍ (ദീപാവലിക്ക് തൊട്ടുമുന്നേ തിരക്കേറിയ നഗര വീഥികളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 62 പേര്‍ മരണപ്പെട്ടു), 2008 സെപ്തംബര്‍ 13ന് ഇരുപത് മിനുട്ടിനുള്ളില്‍ അഞ്ചിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ (മരണം 15), 2010 സെപ്തംബര്‍ 19ന് ചെങ്കോട്ട പരിസരത്ത് നിന്ന് വിളിപ്പാടകലെ ഡല്‍ഹി ജമാ മസ്ജിദ് ഗേറ്റിനടുത്ത് നടന്ന കാര്‍സ്‌ഫോടനവും വെടിവെപ്പും, 2011 സെപ്തംബര്‍ ഏഴിലെ ഡല്‍ഹി ഹൈക്കോടതി ഗേറ്റിലെ ബോംബ് സ്‌ഫോടനം (മരണം 15) തുടങ്ങിയവ ഡല്‍ഹിയെ നടുക്കിയ സംഭവങ്ങളാണ്.രാജ്യത്തെ ഭരണ സിരാ കേന്ദ്രത്തില്‍ നടക്കുന്ന ഇത്തരം സ്‌ഫോടനങ്ങള്‍ സാധാരണ കുറ്റകൃത്യങ്ങളോ നിയമലംഘനമോ മാത്രമായി കാണാവുന്നതല്ല. സമൂഹ മനസ്സുകളില്‍ പലപ്പോഴും അടിയൊഴുക്ക് സൃഷ്ടിക്കുകയും കനത്ത സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്ന ഗുരുതര പ്രശ്‌നമാണ്. സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കുകയും രാഷ്ട്രീയ രംഗത്ത് വഴിത്തിരിവ് സൃഷ്ടിക്കുകയും ചെയ്യും. ഒരു ന്യൂനപക്ഷ മതസ്ഥനാണ് സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെടുന്നതെങ്കില്‍ ആ മതവിഭാഗം മൊത്തം വേട്ടയാടപ്പെടുന്നു. ജനങ്ങളുടെ ഐക്യബോധവും കെട്ടുറപ്പും തകര്‍ക്കുകയാണ് സ്‌ഫോടനത്തിനു പിന്നിലെ കറുത്ത കരങ്ങളുടെ പ്രധാന ലക്ഷ്യവും.ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെക്കുറിച്ച് അധികാരി വര്‍ഗത്തെ പുനര്‍വിചിന്തനത്തിന് പ്രേരിതമാക്കേണ്ടതാണ് തുടര്‍ച്ചയായ അക്രമ സംഭവങ്ങള്‍. കേവലം ഒരു സാധാരണ നഗരമല്ല ഡല്‍ഹി, രാജ്യത്തെ രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്രവും ജനാധിപത്യത്തിന്റെ പ്രതീകവുമാണ്. എന്നിട്ടും തീവ്രവാദികള്‍ക്ക് മാരകായുധങ്ങളുമായി ഡല്‍ഹിയില്‍ എത്താന്‍ കഴിയുന്നത് എങ്ങനെ? സുരക്ഷാ വിഭാഗത്തിന്റെ വീഴ്ചയിലേക്കും സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്കുമാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിന് മണിക്കൂറുകള്‍ മാത്രം മുമ്പ് ഡല്‍ഹിക്ക് അധികം അകലെയല്ലാത്ത ഫരീദാബാദിലെ ദൗജ് ഗ്രാമത്തിലെ ഒരു വാടക വീട്ടില്‍ നിന്ന് ഇന്റലിജന്‍സ് ബ്യൂറോയും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് 350 കിലോ സ്‌ഫോടക വസ്തുക്കളും ഒരു എ കെ 47 റൈഫിളും പിടിച്ചെടുത്തിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്. എന്നിട്ടും ഡല്‍ഹിയില്‍ സുരക്ഷാ ജാഗ്രത പാലിക്കുന്നതില്‍ ഏജന്‍സികള്‍ വീഴ്ച വരുത്തി. മാത്രമല്ല, പൊട്ടിത്തെറിച്ച വാഹനം മൂന്ന് മണിക്കൂറിലധികം ചെങ്കോട്ടക്ക് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നതായി സി സി ടി വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇന്റലിജന്‍സ് സംവിധാനങ്ങള്‍ തമ്മിലുള്ള സഹകരണക്കുറവ്, സാങ്കേതിക നിരീക്ഷണത്തിലെ ദുര്‍ബലത, പൊതുസ്ഥലങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളുടെ പരിമിതി തുടങ്ങിയവയാണ് തീവ്രവാദികള്‍ക്ക് നഗരത്തിലേക്ക് വാതില്‍ തുറന്നു കൊടുക്കുന്നത്.അതിര്‍ത്തി കടന്നെത്തിയ തീവ്രവാദമാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് ഔദ്യോഗിക ഭാഷ്യം. പൊട്ടിത്തെറിച്ച കാറിനകത്ത് ഒരാള്‍ മാത്രമാണുണ്ടായിരുന്നതെന്നാണ് സി സി ടി വി ദൃശ്യങ്ങള്‍ നല്‍കുന്ന വിവരം. ഇയാള്‍ ഏതെങ്കിലും തീവ്രവാദ സംഘടനയുടെ ചാവേറായിരിക്കാമെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സ്‌ഫോടക വസ്തുക്കള്‍ മറ്റെവിടേക്കെങ്കിലും കടത്തുന്നതിനിടെ അബദ്ധത്തില്‍ സ്‌ഫോടനം സംഭവിച്ചതാകാമെന്ന സംശയവും അന്വേഷണ ഏജന്‍സികള്‍ ഉന്നയിക്കുന്നുണ്ട്.രാജ്യത്തേക്ക് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് തീവ്രവാദം കടന്നുവരാറുണ്ടെന്നത് വസ്തുതയാണ്. ഇതോടൊപ്പം രാജ്യത്തിനകത്ത് നിന്ന് തന്നെ ഉരുത്തിരിയുന്ന തീവ്രവാദവും ഭീകരവാദവും വന്‍ ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന കാര്യവും കാണാതെ പോകരുത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുന്‍ തലവന്‍ ഹേമന്ത് കര്‍ക്കരെ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ വെളിച്ചത്തു കൊണ്ടുവന്നതാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെ സംശയിച്ചിരുന്ന മുംബൈ ട്രെയിന്‍ സ്‌ഫോടനം, മാലേഗാവ് സ്‌ഫോടനം, സംഝോത എക്‌സ്പ്രസ്സ് സ്‌ഫോടനം, ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനം, അജ്മീര്‍ ദര്‍ഗ സ്‌ഫോടനം തുടങ്ങിയ സംഭവങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തിനകത്തെ ഫാസിസ്റ്റ് ശക്തികളായിരുന്നുവെന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം കണ്ടെത്തി. ഈ സാഹചര്യത്തില്‍ ചെങ്കോട്ട സ്‌ഫോടനം സംബന്ധിച്ച അന്വേഷണം വിദേശ ബന്ധമുള്ള തീവ്രവാദ പ്രസ്ഥാനങ്ങളില്‍ മാത്രം പരിമിതപ്പെടാതെ രാജ്യത്തിനകത്തെ ഫാസിസ്റ്റ്, ഭീകര പ്രസ്ഥാനങ്ങളിലേക്കും നീങ്ങേണ്ടതുണ്ട്. സമഗ്ര അന്വേഷണത്തിലൂടെ സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തണം. കുറ്റവാളികള്‍ ആരായാലും കര്‍ശന നിയമ നടപടികള്‍ക്ക് വിധേയമാക്കണം.