എന്താണ് എസ് ഐ ആര്‍ അഥവാ അതിതീവ്ര പരിഷ്‌കരണം എന്ന പ്രക്രിയ? വോട്ടര്‍ പട്ടികയുടെ പുതുക്കല്‍ ആണോ? അത് പലവിധമുണ്ട്. ഓരോ നിയോജക മണ്ഡലത്തിലെയും കരട് വോട്ടര്‍ പട്ടിക ഇടക്കിടക്ക് പ്രസിദ്ധീകരിക്കും. അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ ഉണ്ടെങ്കില്‍ അതിനായി അപേക്ഷ നല്‍കാം. അപേക്ഷകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ ആ വ്യക്തിയെ നേരില്‍ വിളിച്ച് വരുത്തി അതാതു മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കാം, അല്ലെങ്കില്‍ നിരസിക്കാം. പരിഷ്‌കരണങ്ങള്‍ വരുത്തി അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാം. ഇതാണ് സാധാരണ രീതി. എന്നാല്‍ ഇടക്കിടക്ക് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളില്‍ ചെന്ന് പട്ടിക പരിശോധിച്ച് പുതുക്കുന്ന നടപടിയാണ് അതി തീവ്ര പരിഷ്‌കരണം എന്ന എസ് ഐ ആര്‍. 2002ലാണ് ഇത്തരം ഒരു പരിശോധന അവസാനമായി നടന്നത്. അത് ഇപ്പോള്‍ വീണ്ടും നടപ്പാക്കാനുള്ള കേന്ദ്ര തിര. കമ്മീഷന്റെ തീരുമാനമാണ് ഇപ്പോള്‍ രണ്ടാം ഘട്ടമായി കേരളത്തിലും (ആദ്യം ബിഹാറില്‍ നടത്തി) മറ്റു പല സംസ്ഥാനങ്ങളിലും നടപ്പാക്കുന്നത്.ഈ പ്രക്രിയയുടെ അടിസ്ഥാന ഘടകം ബി എല്‍ ഒ അഥവാ ബൂത്തുതല ഓഫീസര്‍മാരാണ്. അവര്‍ ഓരോ വീട്ടിലും ചെന്ന് ഇതിനുള്ള ഫോമുകള്‍ വിതരണം ചെയ്യുകയും വീട്ടുകാര്‍ അവ പൂരിപ്പിച്ച് നല്‍കുകയും വേണം. ഓരോ മണ്ഡലത്തിലെയും റിട്ടേണിംഗ് ഓഫീസര്‍മാരാണ് ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് പുതുക്കിയ പട്ടിക തയ്യാറാക്കുന്നത്. ഇത് വളരെ വിപുലമായ ഒരു പരിപാടിയാണ്. മാസങ്ങള്‍ തന്നെ വേണ്ടിവരും. വൈകാതെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ പുതുക്കല്‍ പ്രക്രിയ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളവും തമിഴ്‌നാടും പശ്ചിമബംഗാളും മറ്റും അതില്‍ പെടുന്നു. എന്നാല്‍ കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന അസമിനെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുമ്പ് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായതിനാലാണ് അസമിനെ ഒഴിവാക്കിയിട്ടുള്ളത് എന്നാണ് കണക്കാക്കുന്നത്. നവംബര്‍ നാലിന് ആരംഭിച്ച് അടുത്ത വര്‍ഷം ഫെബ്രുവരി ഒമ്പതിന് അവസാനിക്കുന്ന പ്രക്രിയയാണിത്. ഡിസംബര്‍ ഒമ്പതിന് ആദ്യ കരട് പട്ടിക പ്രസിദ്ധീകരിക്കും. പരാതികള്‍ കേട്ട് അന്തിമ പട്ടിക ഫെബ്രുവരി ഒമ്പതിനായിരിക്കും പുറത്ത് വിടുക.ഓരോ അപേക്ഷകന്റെയും പൗരത്വം നിശ്ചയിക്കലാണ് ഇതിന്റെ ഒന്നാം ഘട്ടം. എങ്ങനെയാണ് പൗരത്വം നിര്‍ണയിക്കുന്നത്? 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവരും 2003ലെ പട്ടികയില്‍ പേരുള്ളവരുമായവര്‍ക്ക് പ്രത്യേകിച്ച് രേഖകള്‍ ഒന്നും നല്‍കേണ്ടതില്ല. എന്നാല്‍ ആ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന 11 രേഖകളില്‍ ഒന്ന് ഹാജരാക്കിയാല്‍ പേര് ചേര്‍ക്കാം. ഈ രേഖകളുടെ കാര്യത്തില്‍ തന്നെ ഏറെ തര്‍ക്കങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഇന്ന് ഒരു വ്യക്തിയുടെ ഫോണ്‍, ബേങ്ക് അക്കൗണ്ട്, ഗൂഗിള്‍ പേ, ആദായനികുതി തുടങ്ങി ട്രെയിനില്‍ ടിക്കറ്റ് എടുക്കാന്‍ വരെ ഉപയോഗിക്കുന്ന ആധാര്‍ ഇതില്‍ പെടുന്നില്ല എന്നതാണ് ഒന്നാമത്തെ പ്രശ്‌നം. പകരം മറ്റു പല രേഖകളും വരുന്നുണ്ട്. നീണ്ട നിയമയുദ്ധത്തിന് ശേഷം ആധാര്‍ കൂടി ഉള്‍പ്പെടുത്താമെന്ന് അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.1987 ജൂലൈ ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് തങ്ങളുടെ മാതാപിതാക്കളുടെ 2003 വോട്ടര്‍ പട്ടികയിലെ പേരും മറ്റൊരു രേഖയും നല്‍കണം. 2004ന് ശേഷം ജനിച്ചവര്‍ക്ക് മാതാവിന്റെയും പിതാവിന്റെയും ആ വ്യക്തിയുടെയും ഓരോ രേഖകള്‍ നല്‍കണം. ബിഹാറിലെ അനുഭവം വെച്ച് പറഞ്ഞാല്‍ ജനങ്ങളില്‍ പാതി പേര്‍ക്ക് മാത്രമേ മേല്‍പ്പറഞ്ഞ 11 രേഖകള്‍ ഉള്ളൂ. ആധാറും റേഷന്‍ കാര്‍ഡും ബേങ്ക് പാസ്സ്ബുക്കും ഒഴിവാക്കിയതിനാല്‍ നിരവധി പേരുടെ വോട്ടവകാശം അവിടെ നഷ്ടമായി. ബി എല്‍ ഒ ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും വീടുകള്‍ സന്ദര്‍ശിക്കണം. മരിച്ചവരും എന്നെന്നേക്കുമായി സ്ഥലം മാറിപ്പോയവരും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ഇടപെടല്‍ ബൂത്തുതലത്തില്‍ നിര്‍ണായകമാണ്.ബിഹാറില്‍ നിന്നുള്ള പാഠങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ ലളിതം എന്ന് തോന്നിയേക്കാമെങ്കിലും സൂക്ഷ്മ പരിശോധനയില്‍ ഇത് കേവലം ഒരു വോട്ടര്‍ പട്ടിക പരിഷ്‌കരണം മാത്രമല്ലെന്ന് കാണാം. ഇതിലെ നടപടിക്രമങ്ങള്‍ പലതും നിയമവിരുദ്ധവും ചിലതെല്ലാം ഭരണഘടനാവിരുദ്ധവുമാണ്. “സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം’ എന്ന ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ നിഷേധിക്കുന്നു. ബിഹാറില്‍ തിരക്ക് പിടിച്ച് ഇത് നടപ്പാക്കിയതിലെ പ്രശ്ങ്ങള്‍ സുപ്രീം കോടതി ഇടപെടലുകള്‍ വഴിയും മറ്റും ഇവിടെ ഒഴിവാക്കിയിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ അതിലധികവും കമ്മീഷനെ സഹായിക്കാനാണ്, ജനങ്ങള്‍ക്ക് ചില സൗജന്യങ്ങള്‍ ഉണ്ടെങ്കിലും. ഇതെല്ലാമുണ്ടായാലും ഇതിന്റെ അടിസ്ഥാനഘടന നിയമവിരുദ്ധമായി തന്നെ തുടരുന്നു. ബിഹാറില്‍ ജൂണ്‍ 24ന് വിജ്ഞാപനം വന്നു, പിറ്റേന്ന് മുതല്‍ തന്നെ നടപ്പാക്കല്‍ തുടങ്ങി. എന്നാല്‍ ഇത്തവണ കുറച്ച് കൂടി ആലോചനകള്‍ നടത്തി, പരിശീലനം നല്‍കി. അവിടെ ആദ്യം ഫോം നല്‍കുമ്പോള്‍ തന്നെ രേഖകള്‍ നല്‍കണം എന്നായിരുന്നു വ്യവസ്ഥ. ഇതുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ ചെറുതായിരുന്നില്ല. എല്ലാ വിഭാഗക്കാര്‍ക്കിടയിലും ഇത് ആശങ്ക സൃഷ്ടിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഇത് നടപ്പാക്കാനായില്ല. ജനങ്ങള്‍ രേഖകള്‍ക്കായി കൂട്ടയോട്ടം തുടങ്ങി. ഇതുണ്ടാക്കിയ പ്രതിസന്ധികളും ചെറുതായിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ അതൊഴിവാക്കി. ഫോമിനൊപ്പം ആരും ഒരു രേഖയും നല്‍കേണ്ടതില്ല.ബിഹാറില്‍ ഓരോ ഫോമിലും വോട്ടര്‍ തന്നെ ഒപ്പിടണം എന്നായിരുന്നു നിര്‍ദേശം. ഇതൊരിക്കലും സാധ്യമാകില്ല. പലരും ജോലിക്കും വിദ്യാഭ്യാസത്തിനുമായി ദൂരദേശങ്ങളില്‍ ആയിരിക്കും. അവരുടെ ഒപ്പുകള്‍ ഒരു മാസത്തിനുള്ളില്‍ കിട്ടിയില്ലെങ്കില്‍ പട്ടികയില്‍ പേരുണ്ടാകില്ല. ഇപ്പോള്‍ അതില്‍ ഇളവ് വരുത്തി. വീട്ടിലുള്ള ഒരാള്‍ ഒപ്പിട്ടാല്‍ മതിയെന്നാക്കി. ഇതെല്ലം വഴി 70-75 പേര്‍ക്ക് പ്രശ്‌നമില്ല എന്ന് വരുന്നു. ബാക്കിയുള്ളവരുടെ കാര്യം അത്ര എളുപ്പമല്ല.നിയമപരമായ പ്രശ്നങ്ങള്‍“സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം’ എന്നതാണ് ഭരണഘടനയുടെ തത്ത്വം. ഒരാള്‍ പ്രായപൂര്‍ത്തിയായാല്‍ അയാള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കാന്‍ സര്‍ക്കാറിന്/ കമ്മീഷന് ബാധ്യതയുണ്ടെന്നര്‍ഥം. എന്നാല്‍ ഇപ്പോഴത്തെ എസ് ഐ ആര്‍ വഴി ആ ചുമതല വോട്ടര്‍ക്കായി മാറി. ഒരു മാസത്തിനകം ഫോം നല്‍കിയില്ലെങ്കില്‍ അയാള്‍ വോട്ടര്‍ അല്ലാതാകുന്നു. പിന്നെ ഒരു നോട്ടീസുമില്ല, ഹിയറിംഗുമില്ല. ഇത് എട്ടാമത്തെ എസ് ഐ ആര്‍ ആണെന്നും മുന്‍കാലങ്ങളില്‍ ഇല്ലാത്ത എതിര്‍പ്പ് ഇപ്പോള്‍ എന്തുകൊണ്ടെന്നുമുള്ള ചോദ്യം പ്രധാനമാണ്. ഇതിനു മുമ്പെല്ലാം ഉദ്യോഗസ്ഥര്‍ ഓരോ വീടുകളിലും ചെന്ന് അവിടെ താമസിക്കുന്നവരുടെ പട്ടിക തയ്യാറാക്കുകയും അവരെല്ലാം പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. അന്നൊരു ഫോമും നല്‍കിയിരുന്നില്ല. പുതിയ വോട്ടര്‍മാര്‍ക്ക് പക്ഷേ ഇപ്പോള്‍ അതല്ല രീതി. നമ്മള്‍ എല്ലാവരും ഫോം പൂരിപ്പിച്ച് നല്‍കണം.ഇപ്പോഴത്തെ നടപടിയുടെ ആദ്യഘട്ടം തന്നെ പൗരത്വ പരിശോധനയാണ് എന്നതാണ് ഇതിലെ ഭരണഘടനാ പ്രശ്നം. അത് തന്നെയാണ് രാഷ്ട്രീയ പ്രശ്‌നവും. സി എ എയും എന്‍ ആര്‍ സിയുമെല്ലാം നമ്മള്‍ ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇവിടെ പൗരത്വ പരിശോധന ഒളിച്ചു കടത്തുകയാണ്. ഒരാള്‍ പൗരനാണോ എന്ന് പരിശോധിക്കാനുള്ള ചുമതല തിരഞ്ഞെടുപ്പ് കമ്മീഷനില്ല എന്ന സുപ്രീം കോടതിയുടെ 1980കളിലെ വിധിയുടെ (ലാല്‍ ബാബു ഹുസൈന്‍ കേസ്) ലംഘനമാണിത്. നാട്ടിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുക എന്നതാണ് അവരുടെ കടമ എന്നുള്ള കാര്യം കോടതി അര്‍ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ പുതിയ പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം – പൗരത്വ പരിശോധന- നിയമവിരുദ്ധമാണ്.എന്തുകൊണ്ട് ആധാര്‍ വേണ്ട?പതിനൊന്ന് രേഖകളാണ് ഒന്നാം ഘട്ടത്തില്‍ അനുവദിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ പൗരന്മാര്‍ക്ക് സ്വന്തമായുള്ള ഒരു പ്രധാന രേഖയായ ആധാര്‍ അതില്‍ ഇല്ല. ഒപ്പം പാന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും ഇല്ല. ഇന്ന് സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ രേഖയാണ് ആധാര്‍. അതില്‍ കൈവിരല്‍ അടയാളങ്ങള്‍ ഉണ്ട് എന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ ഉണ്ടാകുക എളുപ്പമല്ല. ബേങ്കിലും മറ്റും ആധാറും പാന്‍ കാര്‍ഡും നിര്‍ബന്ധമാണ്. ആദായ നികുതിക്കാര്‍ക്കും ഇ ഡിക്കും ഇത് വേണം. പക്ഷേ ഒരാള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നിര്‍ണയിക്കാന്‍ ഇത് പോരാ. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിശദീകരണം പരിഹാസ്യമാണ്. ആധാര്‍ വിശ്വസനീയമല്ലത്രേ. 11 വര്‍ഷമായി രാജ്യം ഭരിക്കുന്നവര്‍ പറയുന്നു അവര്‍ നല്‍കിയ സാര്‍വത്രിക രേഖ വിശ്വസനീയമല്ല എന്ന്. അതിത്ര കാലം കൊണ്ട് തിരുത്തുമായിരുന്നില്ലേ? പക്ഷേ സുപ്രീം കോടതി ചോദിച്ചു, നിങ്ങള്‍ പറയുന്ന 11 രേഖകളില്‍ ആധാറിനേക്കാള്‍ വിശ്വാസ്യതയുള്ള എത്രയെണ്ണമുണ്ട് എന്ന്? പത്താം ക്ലാസ്സിലെ സര്‍ട്ടിഫിക്കറ്റും ജാതി സാക്ഷ്യപത്രവും ഭൂമിയുടെ പട്ടയവും ഒക്കെ ആധാറിനേക്കാള്‍ വിശ്വസനീയമോ എന്നാണവര്‍ ചോദിച്ചത്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക വിഭാഗത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയാണിതെന്ന് സംശയിക്കേണ്ടി വരുന്നു.ആരെല്ലാം ഒഴിവാക്കപ്പെടുന്നു?ബിഹാറില്‍ പരിഷ്‌കരണം നടപ്പാക്കിക്കഴിഞ്ഞപ്പോള്‍ പട്ടികയിലെ സ്ത്രീകളുടെ അനുപാതം കുത്തനെ കുറഞ്ഞതായി കണ്ടു. അന്യദേശങ്ങളില്‍ ജോലിക്ക് പോകുന്നവരില്‍ മഹാഭൂരിപക്ഷവും പുരുഷന്മാരാണ്. ആദ്യ കാലങ്ങളില്‍ സ്ത്രീകളുടെ ജനസംഖ്യാനുപാതം ആയിരം പുരുഷന് 950 സ്ത്രീകള്‍ എന്നായിരുന്നു. എന്നാല്‍ അന്ന് വോട്ടര്‍മാരില്‍ ഇത് 850 ഒക്കെ ആയിരുന്നു. സാമൂഹിക വളര്‍ച്ചയുടെ ഫലമായി പട്ടികയിലെ സ്ത്രീ അനുപാതം കൂടി വന്നു. അത് 950ലേക്ക് വന്നു. പക്ഷേ എസ് ഐ ആര്‍ നടപ്പാക്കിക്കഴിഞ്ഞപ്പോള്‍ അത് വീണ്ടും 860ലെത്തി. അതായത് ഒരു വിഭാഗം സ്ത്രീകള്‍ക്ക് വോട്ടവകാശം നഷ്ടമായി. അതുപോലെ ആദ്യഘട്ടത്തില്‍ 65 ലക്ഷം പേര് ഒഴിവാക്കപ്പെട്ടതില്‍ 25 ശതമാനത്തിലധികം മുസ്‌ലിം സമുദായാംഗങ്ങള്‍ ആയിരുന്നു. ബിഹാര്‍ ജനസംഖ്യയുടെ 16 ശതമാനം മാത്രമേ മുസ്‌ലിംകള്‍ ഉള്ളൂ. തുടര്‍ന്ന് കോടതി ഇടപെടലുകള്‍ വഴി തിരുത്തുകള്‍ക്ക് ശേഷം 3.55 ലക്ഷം പേര് ഒഴിവാക്കപ്പെട്ടതില്‍ 32 ശതമാനവും മുസ്‌ലിംകള്‍ ആയിരുന്നു.കുറ്റമറ്റ വോട്ടര്‍ പട്ടിക വേണം, പക്ഷേ?തിരഞ്ഞെടുപ്പ് നീതിപൂര്‍വകമാക്കാന്‍ കുറ്റമറ്റ പട്ടിക അനിവാര്യമാണ്. പക്ഷേ അതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് യഥാര്‍ഥത്തില്‍ താത്പര്യമില്ലെന്നാണ് അവരുടെ നിലപാടുകള്‍ കാണിക്കുന്നത്. വളരെ ലളിതമായ ചില നടപടികളിലൂടെ ചെയ്യാവുന്ന തിരുത്തലുകള്‍ ഉണ്ട്. ഉദാഹരണമായി വോട്ടുകളുടെ ഇരട്ടിപ്പുകള്‍. ഒരാള്‍ തന്നെ ഒരു മണ്ഡലത്തിലെ ഒന്നിലേറെ ബൂത്തുകളിലും ഒന്നിലേറെ മണ്ഡലങ്ങളിലും ഒന്നിലേറെ സംസ്ഥാനങ്ങളിലും വോട്ട് ചെയ്യുന്നതായി എല്ലാവര്‍ക്കും അറിയാം. രാഹുല്‍ ഗാന്ധി തെളിവ് സഹിതം ഇത് തുറന്നു കാട്ടിയിട്ടുണ്ട്. ബ്രസീലിലെ ഒരു മോഡലിന്റെ പടം വെച്ച് 22 ഇടങ്ങളില്‍ വോട്ട് ചെയ്തതും ഒരേ ആള്‍ തന്നെ. പലയിടങ്ങളില്‍ വോട്ട് ചെയ്യുന്നത് തടയാന്‍ അധികൃതര്‍ക്ക് കേവലം മിനുട്ടുകള്‍ മതി. അവരുടെ കമ്പ്യൂട്ടറില്‍ ഒരേ പേരും പിതാവിന്റെ പേരും അല്ലെങ്കില്‍ വീട്ടുപേരുമുള്ളവരെ കണ്ടെത്താന്‍ പറഞ്ഞാല്‍ തന്നെ എല്ലാം മനസ്സിലാകും. 2016ല്‍ ഇത്തരം ഒരു ശുദ്ധീകരണ പരിപാടിക്ക് തുടക്കം കുറിച്ചതാണ്. പക്ഷേ ഒന്നും നടന്നില്ല. അതിനവര്‍ പറയുന്ന കാരണം രസകരമാണ്. ഒന്നിലേറെ വോട്ട് ചെയ്യല്‍ നിയമവിരുദ്ധമാണല്ലോ, പിന്നെന്തിന് ഇത് ചെയ്യണം എന്നാണ്. വിചിത്രം. കുറ്റകൃത്യങ്ങള്‍ നിയമവിരുദ്ധമാകയാല്‍ പോലീസ് തന്നെ ആവശ്യമില്ലെന്ന് പറയുന്നത് പോലെയല്ലേ ഇത്? അതുപോലെ ഫോട്ടോ ഇല്ലാത്തവര്‍, മറ്റു ഭാഷകളില്‍ പേരുകള്‍ എഴുതിയത് (ബിഹാര്‍ പട്ടികയില്‍ തമിഴിലും തെലുങ്കിലും പോലും പേരുകളുണ്ട്) മാറ്റാന്‍ എന്താണ് തടസ്സം? അതുകൊണ്ട് തന്നെ ഈ പരിപാടിയുടെ ലക്ഷ്യം വോട്ടര്‍ പട്ടിക ശുദ്ധീകരിക്കല്‍ അല്ല, പൗരത്വ രജിസ്റ്റര്‍ ഒളിച്ചു കടത്തുകയാണ് എന്ന് ന്യായമായും സംശയിക്കാം.ഇപ്പോള്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പശ്ചിമബംഗാളും തമിഴ്നാടും അവിടെ കേസില്‍ ഉണ്ട്. മറ്റു നിരവധി സാമൂഹിക മനുഷ്യാവകാശ സംഘടനകളും ഉണ്ട്. എസ് ഐ ആര്‍ ഭരണഘടനാവിരുദ്ധമാണ് എന്ന വാദം അവര്‍ അംഗീകരിച്ചാല്‍ ഇതെല്ലാം നിര്‍ത്തി വെക്കേണ്ടി വരും. അതല്ല ഇതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കാനും സാധ്യതയുണ്ട്. പൗരത്വ പരിശോധന ഇവരുടെ ബാധ്യതയല്ല എന്നും പ്രായപൂര്‍ത്തി വോട്ടവകാശം സാര്‍വത്രികമാണെന്നുറപ്പാക്കണമെന്നും കോടതി പറയാം. അങ്ങനെ വന്നാള്‍ ആളുകളെ ഒഴിവാക്കുന്ന വ്യവസ്ഥകളില്‍ ഇളവ് നല്‍കിയേക്കാം. എന്തായാലും ഇതൊരു രാഷ്ട്രീയ നടപടിയാണ്. തിരഞ്ഞെടുപ്പ് മെച്ചപ്പെടുത്താനുള്ള ശ്രമമല്ല എന്ന് കാണേണ്ടി വരും.