ദുബൈ | ദുബൈയിൽ വാടകക്കാർക്ക് നിയമപരമായ ചില വ്യവസ്ഥകൾ പ്രകാരം മാത്രമേ ഒഴിപ്പിക്കാൻ സാധിക്കൂവെന്നും ഇഷ്ടത്തിനനുസരിച്ച് കെട്ടിട ഉടമകൾക്ക് ഒഴിപ്പിക്കാൻ കഴിയില്ലെന്നും റെന്റൽ ഡിസ്പ്യൂട്ട്‌സ് സെന്ററിലെ സീനിയർ ഫസ്റ്റ് ഇൻസ്റ്റൻസ് ജഡ്ജ് ഡോ. ഉമർ ബിൻ സുബൈദാൻ അൽ സുവൈദി വ്യക്തമാക്കി.ദുബൈ നിയമപ്രകാരം വാടകക്കാർക്ക് പൂർണ സംരക്ഷണം ലഭിക്കുന്നുണ്ട്. കുട്ടികളുടെ സ്‌കൂളുകൾ, ജോലി ചെയ്യുന്ന സ്ഥലം, കുടുംബത്തിന്റെ സ്ഥിരത എന്നിവയെല്ലാം ഒഴിപ്പിക്കൽ കേസുകളിൽ നീതി ഉറപ്പാക്കാൻ പരിഗണിക്കുന്നു. വാടക കരാർ അവസാനിക്കുന്നതിന് മുമ്പ് ചില സാഹചര്യങ്ങളിൽ ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെടാം. ഇതിന് നോട്ടറി പബ്ലിക് വഴിയോ രജിസ്റ്റേർഡ് മെയിൽ വഴിയോ നോട്ടീസ് നൽകണം.വാടക നൽകാതിരിക്കുക എന്നത് ഇതിൽ പ്രധാനമാണ്. വാടകക്കാരൻ മുൻകൂർ എഴുതിയ സമ്മതമില്ലാതെ കെട്ടിടം മറ്റൊരാൾക്ക് സബ്-ലീസ് നൽകിയാൽ ഒഴിയാൻ ആവശ്യപ്പെടാം.നിയമവിരുദ്ധമായ ആവശ്യങ്ങൾക്കോ പൊതു ധാർമികതക്ക് വിരുദ്ധമായ കാര്യങ്ങൾക്കോ കെട്ടിടം ഉപയോഗിച്ചാലും ദുബൈ മുനിസിപ്പാലിറ്റി അംഗീകരിച്ച സാങ്കേതിക റിപ്പോർട്ട് പ്രകാരം കെട്ടിടം തകരാൻ സാധ്യതയുണ്ടെങ്കിലും ഒഴിപ്പിക്കാനാവും. മനഃപൂർവമോ, അശ്രദ്ധ മൂലമോ വാടകക്കാരൻ കെട്ടിടത്തിന് നാശനഷ്ടം വരുത്തിയാലും ഇത് നടപ്പാക്കാം. വാടക കരാർ അവസാനിച്ചതിന് ശേഷം ഒഴിപ്പിക്കാൻ കെട്ടിട ഉടമകൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, കുറഞ്ഞത് 12 മാസത്തെ നോട്ടീസ് നൽകിയിരിക്കണം.ആവശ്യമായ അനുമതികളോടെ കെട്ടിടം പൊളിച്ചു പണിയാനോ, വികസിപ്പിക്കാനോ ഉടമക്ക് പദ്ധതിയുണ്ടെങ്കിലും വാടകക്കാരൻ താമസിക്കുമ്പോൾ സാധിക്കാത്ത സമഗ്രമായ നവീകരണം കെട്ടിടത്തിന് ആവശ്യമാണെന്ന് സാങ്കേതിക റിപ്പോർട്ട് സ്ഥിരീകരിച്ചാലും ഒഴിപ്പിക്കാം. ഉടമക്കോ, ഒന്നാം ഡിഗ്രി ബന്ധുക്കൾക്കോ കെട്ടിടം ആവശ്യമുണ്ടെങ്കിലും ഉടമ വാടകക്ക് നൽകിയ വസ്തു വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഒഴിപ്പിക്കാനാവും.പരാതി പരിഹാരത്തിന് സെന്റർ ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഡോ. അൽ സുവൈദി ചൂണ്ടിക്കാട്ടി.