കുട്ടികളെ കുത്തിക്കയറ്റിയ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞു; മഹാരാഷ്ട്രയിൽ 2 വിദ്യാർഥികൾക്ക് ദാരുണാന്ത്യം; 50 പേർക്ക് പരുക്ക്

Wait 5 sec.

മഹാരാഷ്ട്രയിൽ കുട്ടികളെ കുത്തിക്കയറ്റിയ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ഏഴും പതിമൂന്നും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ 50 ലധികം പേർക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ ഒരു ആശ്രമ സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. 30 പേർക്ക് ഇരിക്കാൻ കഴിയുന്ന ബസിൽ 56 വിദ്യാർത്ഥികളെയാണ് കുത്തിക്കയറ്റിയത്. ദീപാവലി അവധി കഴിഞ്ഞ് തിരികെ വരുന്ന ആദിവാസി വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ബസ് അമ്ലിബാരിക്ക് സമീപമുള്ള ദേവ്ഗായ് ഘട്ട് പ്രദേശത്ത് വച്ചാണ് 100 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. പ്രദേശവാസികളായ ഗ്രാമവാസികളാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ALSO READ; 80 കിലോമീറ്റർ വേഗത, ‘ബിഗ് ബോസ്’ കണ്ടുകൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ വൈറൽ; പിന്നാലെ നടപടിയെടുത്തത് കമ്പനിഗുരുതരമായ പരിക്കേറ്റ 17 പേരെ നന്ദുർബാർ ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വിദ്യാർത്ഥികൾ ഐസിയുവിലാണ്. ചെറിയ പരുക്കുകളേറ്റ മറ്റുള്ള വിദ്യാർഥികളെ അക്കൽകുവ റൂറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, ബസ് നിയന്ത്രണം വിട്ടയുടനെ ഡ്രൈവർ പുറത്തേക്ക് ചാടിയെന്നും, ബസ് മറിഞ്ഞതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടെന്നും അധികൃതർ അറിയിച്ചു. വാഹനത്തിന്റെ ഫിറ്റ്നസ്, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോ എന്നടക്കമുള്ള വിഷയങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.The post കുട്ടികളെ കുത്തിക്കയറ്റിയ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞു; മഹാരാഷ്ട്രയിൽ 2 വിദ്യാർഥികൾക്ക് ദാരുണാന്ത്യം; 50 പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.