ഗദഗ്| നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറും ജാമിഅ മദീനത്തുന്നൂര്‍ റെക്ടറും ക്വസ്റ്റ് ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ മൂന്ന് ദിനങ്ങളിലായി ഉത്തര കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും പര്യടനം നടത്തി. ഈ മേഖലയില്‍ വിദ്യാഭ്യാസ- സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ക്വസ്റ്റ് ഫൗണ്ടേഷന്റെ പുതിയ വിദ്യാഭ്യാസ, സാമൂഹിക വികസന പദ്ധതികള്‍ ഡോ. അസ്ഹരി ഉദ്ഘാടനം ചെയ്തു. ഈ പ്രദേശങ്ങളുടെ സമഗ്ര വിദ്യാഭ്യാസ വളര്‍ച്ചക്കും സാമൂഹിക നവോത്ഥാനത്തിനും സന്ദര്‍ശനം പുതിയ ഊര്‍ജ്ജം പകര്‍ന്നു.ആന്ധ്രയിലെ ഉരുവക്കൊണ്ട ഗ്രാമത്തില്‍ ക്വസ്റ്റ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ഗൗസിയ്യ മസ്ജിദ് ഡോ. അസ്ഹരി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു.ആന്ധ്രയിലെ തന്നെ ഗുണ്ടക്കലില്‍ നടക്കുന്ന ക്വസ്റ്റിന്റെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.കര്‍ണാടകയിലെ ഗദഗില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ തിറാസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, പുതുക്കിയ ഖുബാ മസ്ജിദ് തുടങ്ങിയ സംരഭങ്ങള്‍ ഡോ. അസ്ഹരി നാടിന് സമര്‍പ്പിച്ചു.ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് സമഗ്രമായ പ്രാഥമിക വിദ്യാഭ്യാസവും ധാര്‍മിക പഠനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബണ്ഡിവാഡില്‍ നിര്‍മിച്ച പ്രൈമറി എജ്യുക്കേഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്ററും അദ്ദേഹം ഉദ്ഘാടനം ചെയ്തു.അതോടൊപ്പം നാല് ഏക്കര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്രോജക്ടിന്റെ ശിലാസ്ഥാപനവും നടത്തി. സ്‌കൂള്‍ വിദ്യാഭ്യാസം, റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, നേതൃപരിശീലനം, വിദ്യാര്‍ഥികള്‍ക്കുള്ള താമസസൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര കേന്ദ്രത്തിനാണ് ബണ്ഡിവാഡില്‍ ശിലാസ്ഥാപനം നടത്തിയിരിക്കുന്നത്.ചടങ്ങില്‍ കര്‍ണാടക നിയമമന്ത്രി എച്ച്. കെ. പാട്ടീല്‍, എം.എല്‍.എ കോണരെട്ടി, വിവിധ പ്രാദേശിക നേതാക്കള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.വൈകിട്ട് നടന്ന പൊതു സമ്മേളനത്തില്‍ നൂറുകണക്കിന് ജനങ്ങള്‍ സംബന്ധിച്ചു. വിദ്യാഭ്യാസം, മൂല്യങ്ങള്‍, സേവനം എന്നിവയുടെ സമന്വയത്തിലൂടെയാണ് സമൂഹത്തിന്റെ ഭാവിയെ പടത്തുയര്‍ത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.