വന്ദേ ഭാരതിൽ കുട്ടികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് അതീവ ഗൗരവകരം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

തിരുവനന്തപുരം | എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ ഉദ്ഘാടനച്ചടങ്ങിനിടെ കുട്ടികളെക്കൊണ്ട് ആർ എസ്‌ എസ്‌. ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണം പ്രഖ്യാപിച്ചു. സംഭവം അതീവ ഗൗരവകരമാണെന്നും കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും പ്രതിഷേധാർഹവുമാണെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചൂണ്ടിക്കാട്ടി.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി വി. ശിവൻകുട്ടി തൻ്റെ പോസ്‌റ്റിൽ ഉറപ്പുനൽകി.കഴിഞ്ഞ ദിവസമാണ് എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ ഉദ്ഘാടനം നടന്നത്. ഈ ചടങ്ങിൻ്റെ ഭാഗമായി റെയിൽവേയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ വിദ്യാർഥികൾ ആർ എസ് എസ് പ്രാർത്ഥനാഗാനമായ ഗണഗീതം ആലപിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ റെയിൽവേ എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി. തുടർന്ന് റെയിൽവേ പോസ്റ്റ് പിൻവലിച്ചുവെങ്കിലും രാത്രി വീണ്ടും പോസ്റ്റ് ചെയ്തു.സംഭവത്തെ ന്യായീകരിച്ച് കേന്ദ്ര സഹ മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും രംഗത്ത് വന്നിരുന്നു.