പാകിസ്ഥാനിൽ സംയുക്ത സൈനിക മേധാവിക്കായി പുതിയ പദവി; ഭരണഘടനാ ഭേദഗതി ബിൽ പാർലമെൻ്റിൽ

Wait 5 sec.

ഇസ്‌ലാമാബാദ് | മൂന്ന് സൈനിക വിഭാഗങ്ങൾക്കിടയിൽ മികച്ച ഏകോപനവും ഏകീകൃത കമാൻഡും ഉറപ്പാക്കുന്നതിനായി ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് എന്ന പുതിയ പദവി സൃഷ്ടിക്കുന്നതിനുള്ള 27-ാമത് ഭരണഘടനാ ഭേദഗതി ബിൽ പാകിസ്ഥാൻ പാർലമെൻ്റിൽ ശനിയാഴ്ച അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ച് പ്രസിഡൻ്റ് ആർമി മേധാവിയെയും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സിനെയും നിയമിക്കണമെന്നാണ് ബില്ലിലെ പ്രധാന നിർദേശം.നാഷണൽ സ്‌ട്രാറ്റജിക് കമാൻഡിൻ്റെ തലവൻ പാകിസ്ഥാൻ സൈന്യത്തിൽ നിന്നായിരിക്കുമെന്നും ബിൽ വ്യക്തമാക്കുന്നു. കൂടാതെ, ഫീൽഡ് മാർഷൽ, മാർഷൽ ഓഫ് ദി എയർഫോഴ്‌സ് തുടങ്ങിയ പദവികളിലേക്ക് സ്ഥാനക്കയറ്റം നൽകാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബില്ലിന് കാബിനറ്റ് അംഗീകാരം നൽകിയതിന് പിന്നാലെയാണ് നിയമമന്ത്രി ആസം നസീർ താരാർ സെനറ്റിൽ ഇത് അവതരിപ്പിച്ചത്.ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഭരണഘടനാ ഭേദഗതിയെന്ന് പാക് മാധ്യമങ്ങൾ പറയുന്നു. നാല് ദിവസത്തെ സംഘർഷത്തിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. സൈനിക നടപടികൾ നിർത്തിവെക്കാൻ പാകിസ്ഥാൻ അഭ്യർത്ഥിച്ചതിനെത്തുടർന്ന് മെയ് 10-ന് സംഘർഷം അവസാനിച്ചു.ഇത്തരം ഘട്ടങ്ങളിൽ സംയോജിത പ്രതികരണ ശേഷി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഘർഷത്തിന് ശേഷം ആർമി മേധാവി ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയിരുന്നു.അതേസമയം, പുതിയ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം പി ടി ഐ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഗവൺമെന്റ് തിടുക്കത്തിൽ ബില്ല് പാസ്സാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.