കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Wait 5 sec.

പാലക്കാട് | പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്.അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്ന ഋഷി (24), ജിതിൻ (21), സഞ്ജീവൻ എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച കാർ കല്ലിങ്കൽ ജംഗ്ഷനിൽ വെച്ച് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. മരത്തിലിടിച്ച ശേഷം കാർ വയലിലേക്ക് തലകീഴായി മറിയുകയായിരുന്നു.കാറിൻ്റെ മുൻസീറ്റിലിരുന്ന രണ്ടുപേരും പിന്നിലുണ്ടായിരുന്ന ഒരാളുമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.