ഇനിയൊരു ഡിസംബർ ആറ്‌ ഇന്ത്യയിൽ ആവർത്തിക്കരുത്: ബാബറി മസ്ജിദിൻ്റെ സുപ്രധാന വിധി വന്ന് ഇന്നേക്ക് ആറു വര്‍ഷം

Wait 5 sec.

ഇനിയൊരു ഡിസംബർ ആറ്‌ ഇന്ത്യയിൽ ആവർത്തിക്കരുതെന്ന് മതേതരത്വത്തിൽ വിശ്വസിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ആഗ്രഹിക്കുന്ന കാര്യമാണ്. അതോടൊപ്പം തന്നെ അയോധ്യയിലെ ബാബറി മസ്ജിദ് പള്ളി നിന്നിരുന്ന സ്ഥലം ക്ഷേത്രനിർമാണത്തിന്‌ പൂർണമായും വിട്ടുകൊടുത്ത സുപ്രീംകോടതി വിധി എത്രമാത്രം നീതിപൂർവകമാണെന്ന ചോദ്യവും സമകാലിക ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്.അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്‌ ബാബറി മസ്ജിദ് കേസിൽ വിധി പറഞ്ഞത്. ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ കൂടാതെ ജസ്‌റ്റിസുമാരായ എസ്‌ എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷൺ, എസ്‌ എ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചായിരുന്നു കേസിൽ വിധി പ്രസ്താവം പുറപ്പെടുവിച്ചത്.2019 നവംബർ ഒമ്പതിനാണ് കേസിൽ വിധി വന്നത്. പക്ഷെ ഓർമിക്കപ്പെടേണ്ട ഒരു കാര്യമുണ്ട്, ഇന്ത്യയുടെ മതനിരപേക്ഷ അടിത്തറ തോണ്ടിയാണ് ഹിന്ദുത്വ സംഘടനകൾ ബാബ്‌റി മസ്ജിദ് 1992 ഡിസംബർ ആറിന് തകർത്തത്. ഹിന്ദുത്വ സംഘടനകൾക്കൊപ്പം തന്നെ 1949 മുതൽ 1992 വരെയുള്ള കോൺഗ്രസ് സർക്കാരുകളുടെ മൗനാനുവാദം കൂടിയായിരുന്നു ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തെ തകർത്ത സംഭവത്തിലേക്ക് നയിച്ചത്.‘രാമജന്മഭൂമി’ എന്ന ആശയം 1984 ൽ രാജീവ് ഗാന്ധി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചു. ബിജെപി ആ പ്രശ്നത്തെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള കുറുക്കുവഴിയായി തെരഞ്ഞെടുക്കുകയും ചെയ്തു. ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ രഥ ചക്രം ഇന്ത്യയുടെ നെഞ്ചിലൂടെ ഉരുണ്ടപ്പോൾ അതിൻ്റെ പാടുകൾ വിഭജിച്ചത് മനുഷ്യരെ കൂടിയായിരുന്നു.പള്ളി പൊളിക്കലും വംശഹത്യയും ഇന്ത്യയെ ഇരുണ്ട കാലത്തേക്ക് നയിച്ചു. അതു തന്നെയായിരുന്നു നവഫാസിസ്റ്റ് ഭരണകൂടം അധികാരത്തിൻ്റെ ശൃംഗത്തിലേറാൻ ചിവിട്ടുപടിയാക്കിയതും.ബാബറി മസ്ജിദ് കേസിലെ വിധി പ്രസ്താവം നീതിയുക്തമല്ലെന്ന് പ്രത്യക്ഷമായ കാര്യമാണ്. മസ്ജിദ് തകർത്തിരുന്നില്ലെങ്കിൽ പള്ളി പൊളിച്ച് ക്ഷേത്രം പണിയാൻ സുപ്രീംകോടതി വിധിക്കുമായിരുന്നില്ല. കാരണം ലളിതം, ഹിന്ദു ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ പള്ളിയിൽ കണ്ടെത്തിയിട്ടില്ല എന്നതു തന്നെ. പള്ളി പൊളിച്ചത് അത്യന്തം ഹീനമായ ക്രിമിനൽ കുറ്റമായി കോടതി അന്ന് ചൂണ്ടിക്കാട്ടി പക്ഷേ വിരോധാഭാസമെന്ന് പറയട്ടെ ക്രിമിനൽ കുറ്റം ചെയ്തവർക്കുതന്നെ പള്ളി നിലനിന്ന സ്ഥലം കൊടുക്കുകയും ചെയ്തു.ഇത് ക‍ഴിഞ്ഞ അധ്യായമാണെങ്കിലും ഇന്ത്യ ഇന്ന് ആശങ്കപ്പെടുന്നത് ബാബറി മസ്ജിദിൻ്റെ പേരിലല്ല. വീണ്ടും ബാബ്‌റി മസ്ജിദുകളെ സൃഷ്ടിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയെക്കുറിച്ചോർത്താണ്. കാരണം അധികാരത്തിലേറാൻ ഹിന്ദുത്വ പ്രത്യയശാസ്ത്രമനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് എന്നും ഒരു വ‍ഴി മാത്രമേ മുന്നിലുള്ളൂ. അത് ജനക്ഷേമം അല്ല ജനങ്ങ‍‍ളെ വെറുപ്പിൻ്റെ അടിസ്ഥാനത്തിൽ വേർതിരിക്കലാണ്.2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര നിർമാണവും പ്രാണപ്രതിഷ്ഠയും നടത്തി അതിൻ്റെ തരംഗത്തിൽ നാനൂറിലധികം സീറ്റ് സ്വപ്നം കണ്ടിരുന്ന ബിജെപിയെ 303ൽനിന്ന് 240ലേക്ക് കൂപ്പുകുത്തിക്കുകയായിരുന്നു ഇന്ത്യയിലെ മതനിരപേക്ഷതയെ ഉയർത്തിപിടിക്കുന്ന ജനങ്ങൾ. പ്രാണപ്രതിഷ്ഠ ചടങ്ങിനെ ഒരു അമ്പല കമ്മിറ്റി സ്പോൺസർ ചെയ്ത ചടങ്ങുപോലെയായിരുന്നു കേരളത്തിലെ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തത് എന്നത് മറ്റൊരു കാര്യം. അന്ന് മാധ്യമ ധർമ്മത്തിനനുസരിച്ച് പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടാൻ സാധിക്കുന്ന കേരളത്തിലെ ഏക ദൃശ്യമാധ്യമം കൈരളിയായിരുന്നു എന്നതും ഒരു ചരിത്രമാണ്.ഗ്യാൻവാപിമുതൽ അജ്മീർവരെ പുതിയ “ഗോൾഡൻ ഓപ്പർച്യുനിറ്റി” ഇപ്പോ‍ഴും തേടിനടക്കുകയാണ് വർഗീയ ഹിന്ദുത്വ ശക്തികൾ. മതധ്രുവീകരണത്തിന് വേണ്ടിയുള്ള രാഷ്ട്രീയക്കളി ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ ഇന്ത്യയിലെ ഒരോ പൗരനും ജാഗ്രതയോടെ ഇരിക്കണം എന്നത് കൂടിയാണ് അയോധ്യാ വിധി ഓർമിപ്പിക്കുന്ന മറ്റൊരു കാര്യം.കാശിയും മഥുരയും ഇനി ബാക്കിയുണ്ട് എന്ന പ്രകോപന മുദ്രാവാക്യങ്ങൾ ഇപ്പോ‍ഴും സംഘപരിവാർ സംഘടനകൾ ഉയർത്തുന്നുണ്ട്. സംഭൽ, അജ്മീർ അടക്കമുള്ള പുതിയ പ്രതിസന്ധികൾ ഇന്ത്യയുടെ മതേതരത്വത്തില്‍ വിള്ളല്‍വീ‍ഴ്ത്താനായി അവർ ഉയർത്തിക്കൊണ്ടേ ഇരിക്കുന്നുമുണ്ട്. രാജ്യത്തിൻ്റെ ഏകതാനതയ്ക്ക് കോട്ടം വരുത്തുന്ന സംഭവങ്ങൾ ഇനിയും ഉണ്ടാകരുത് എന്ന ഓർമ്മപെടുത്തൽ കൂടിയാണ് ബാബറി മസ്ജിദ്.The post ഇനിയൊരു ഡിസംബർ ആറ്‌ ഇന്ത്യയിൽ ആവർത്തിക്കരുത്: ബാബറി മസ്ജിദിൻ്റെ സുപ്രധാന വിധി വന്ന് ഇന്നേക്ക് ആറു വര്‍ഷം appeared first on Kairali News | Kairali News Live.