പോഷ് ആക്ട്: ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും തടയാന്‍ നിയമം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ജില്ലാ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ഹാളില്‍ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരം സംഭവങ്ങളില്‍ കഷ്ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണ്. കോട്ടയത്ത് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത് കൊണ്ടുമാത്രമാണ് പൊലീസിന് കേസെടുക്കാന്‍ കഴിഞ്ഞത്. വിഷയത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണമെന്നും അധ്യക്ഷ ആവശ്യപ്പെട്ടു.തൊഴിലിടങ്ങളില്‍ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതുസംബന്ധിച്ച പരിശോധനകള്‍ എല്ലാ ജില്ലകളാിലും നടത്തും. കൗമാരക്കാരായ കുട്ടികളില്‍ ആരോഗ്യപരമായ ബന്ധങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ കലാലയജ്യോതി എന്ന പേരില്‍ ക്യാമ്പയില്‍ സംഘടിപ്പിക്കും. ഡിജിറ്റല്‍ വായ്പാ ചതിക്കുഴികളില്‍ നിരവധി സ്ത്രീകള്‍ വീഴുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നതായും അധ്യക്ഷ പറഞ്ഞു.വനിതകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ സൗജന്യ കൗണ്‍സിലിങ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. കൗണ്‍സിലിങ് നല്‍കിയാല്‍ പരിഹരിക്കാന്‍ കഴിയുന്ന പരാതികളുള്ളതിനാലാണ് കമീഷന്‍ തിരുവനന്തപുരത്തും മേഖലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോടും എറണാകുളത്തും ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയത്. എല്ലാ മാസവും ആദ്യ മൂന്നാഴ്ചകളിലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കമീഷന്‍ ഓഫീസില്‍ കൗണ്‍സിലിങ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2377590 നമ്പറില്‍ ബന്ധപ്പെടാമെന്നും കമീഷന്‍ അധ്യക്ഷ അറിയിച്ചു.സിറ്റിങ്ങില്‍ ലഭിച്ച 70 പരാതികളില്‍ 11 എണ്ണം പരിഹരിച്ചു. മൂന്നെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. രണ്ട് പരാതികള്‍ കൗണ്‍സിലിങ്ങിന് വിട്ടു. 54 എണ്ണം അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. കമീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, അഡ്വ. സീനത്ത്, അഡ്വ. ജിഷ, കൗണ്‍സിലര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.