ആലപ്പുഴ | അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ വീണുണ്ടായ അപകടം മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത സമീപനത്തിന്റെ ഫലമാണെന്ന് കെ സി വേണുഗോപാല്‍ എം പി. സര്‍ക്കാരിന്റെ ആകെയുള്ള ലക്ഷ്യം മേല്‍പ്പാത പൂര്‍ത്തീകരിക്കുക മാത്രമാണ്. സുരക്ഷ ഉറപ്പാക്കാതെയാണ് നിര്‍മാണം. അപകടം നടന്ന സ്ഥലത്ത് സൈന്‍ ബോര്‍ഡുകള്‍ പോലുമില്ല. പി എ സി യോഗം കൂടിയപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്തിയിട്ടില്ല. കന്ദ്രത്തിനു പല തവണ കത്തെഴുതിയെന്നും പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.ഇനിയും അപകടം ഉണ്ടാവാന്‍ പാടില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പിക്കപ് വാനിന് മുകളിലേക്ക് ?ഗര്‍ഡര്‍ വീണാണ് അപകടമുണ്ടായത്. സംഭവത്തില്‍ പിക്കപ് വാനിന്റെ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ഗര്‍ഡറുകളാണ് വീണത്. പിക്കപ് വാന്‍ ഗര്‍ഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാന്‍ ആയിരുന്നു.തമിഴ്‌നാട്ടില്‍ നിന്നും മുട്ട കയറ്റി വരികയായിരുന്ന പിക്കപ് വാന്‍ ആയിരുന്നു. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജേഷ് പിക്കപ് വാനിന്റെ സ്ഥിരം ഡ്രൈവര്‍ ആയിരുന്നില്ല. സ്ഥാരമായി ഓടിക്കുന്ന ഡ്രൈവര്‍ ഇല്ലാതിരുന്നത് കൊണ്ട് വാഹനം ഓടിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ രാജേഷ് വരികയായിരുന്നു. മരിച്ച രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കരാര്‍ കമ്പനിയുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് വാഹനയുടമ പറയുന്നു. സംഭവത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി.