എന്തിലേക്കാണ് രാജ്യതലസ്ഥാനമായ ദില്ലിയുടെ ഹൃദയഭാഗത്തുണ്ടായ ചാവേർ കാർബോംബാക്രമണം വിരൽചൂണ്ടുന്നത്. ഭീകരാക്രമണസാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ നിലനിൽക്കെ തന്നെ ചെങ്കോട്ടയും ജുമാ മസ്ജിദും ചാന്ദ്നി ച‍ൗക്കുമൊക്കെ സ്ഥിതിചെയ്യുന്ന അതിസുരക്ഷാ മേഖലയിലുണ്ടായ സ്ഫോടനം, ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങൾ മോദി ഭരണത്തിൽ എത്രമാത്രം ദുർബലപ്പെട്ടുവെന്നതിന്റെ നേർസാക്ഷ്യമായി മാറിയിരിക്കുകയാണ്.ചെങ്കോട്ടയ്ക്ക് മുന്നിലേക്കെത്തി ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബിക്ക് ഒരു തടസ്സവമില്ലാതെ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി എത്താൻ സാധിച്ചു. സ്ഫോടക വസ്തുക്കളുമായുള്ള കാറുമായി യുപിയിൽ നിന്ന് ദില്ലി അതിർത്തി കടന്നപ്പോഴോ തുടർന്ന് ചെങ്കോട്ട വരെയുള്ള 30 കിലോമീറ്റർ ദൂരത്തിലോ ഒരു തടസ്സവും ഉമറിന് നേരിടേണ്ടി വന്നിട്ടില്ല.ചാവേറായി പൊട്ടിത്തെറിച്ച ഉമർ ആരായിരുന്നു എന്നതും ഗുരുതരമായ സുരക്ഷാവീഴചയെ തുറന്നു കാണിക്കുന്നു. കഴിഞ്ഞ ഒക്ടോബർ 19-ാം തീയതി കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ജയ്ഷെ മുഹമദിന്റെ പേരിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി ജമ്മു കശ്മീർ പൊലീസ് നടത്തിയ അന്വേഷണം എത്തിച്ചേർന്നത് ദില്ലിക്കടുത്തുള്ള ഫരീദാബാദിലെ അൽ ഫലാ ആശുപത്രിയിലേക്കാണ്. ഇവിടുത്തെ ഒരു ഡോക്ടറുടെ മുറിയിൽനിന്ന് വലിയതോതിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ഒരു വനിതയുൾപ്പെടെ മൂന്ന് ഡോക്ടർമാർ അറസ്റ്റിലായി. ഭീകരശൃംഖലയുമായി ബന്ധമുള്ള നാലാമതൊരു ഡോക്ടറെ കണ്ടെത്താൻ പക്ഷെ അന്ന് പൊലീസിന് സാധിച്ചില്ല. ഇയാൾക്കായി ലുക്ക്ഒ‍ൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ആ ലുക്കൗട്ട് നോട്ടീസിലുള്ള ആളായിരുന്നു യാതൊരു പ്രതിബന്ധവുമില്ലാതെ സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി ചെങ്കോട്ടയിലേക്കെത്തിയ ഉമർ നബി.Also read: ദില്ലി സ്ഫോടനം: പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് NIA; പൊട്ടിത്തെറിയുടെ കൂടുതൽ CCTV ദൃശ്യങ്ങൾ പുറത്ത്വായുമലിനീകരണത്തെ തുടർന്നുള്ള ഗതാഗതനിയന്ത്രണങ്ങൾ പരിശോധനകൾ എല്ലാം നടക്കുന്ന രാജ്യതലസ്ഥാനത്താണ് ഫരീദാബാദിൽ നിന്ന് 30 കിലോമീറ്ററോളം സ്ഫോടക വസ്തുക്കൾ നിറച്ച കാറിൽ സഞ്ചരിച്ച് ഉമർ എത്തിയത്.ഈ സമയത്തെ സാഹചര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 3000 കിലോവരുന്ന സ്ഫോടക വസ്തുക്കൾ ദില്ലിക്ക് സമീപത്തുനിന്ന് ജമ്മു കശ്മീർ പൊലീസ് പിടിച്ചെടുത്തു. ഒരു ഭീകരൻ പിടിയിലാകാനുമുണ്ട്. അതേ സമയത്ത് തന്നെ ആ ഭീകരൻ തലസ്ഥാനത്ത് കൂടെ സ്വതന്ത്രനായി സഞ്ചരിക്കുന്നു. സിസിടിവികളടക്കം എല്ലാ നിരീക്ഷണ സംവിധാനങ്ങളുമുള്ള ചെങ്കോട്ടയിലെ പാർക്കിങ് ഗ്ര‍ൗണ്ടിൽ മൂന്നുമണിക്കൂറിലേറെ ചെലവഴിക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് ഒരൊറ്റ കാര്യത്തിലേക്ക് മാത്രമാണ് 13 പേരുടെ മരണത്തിനിരയാക്കിയ സ്ഫോടനത്തിന് പ്രധാനപ്പെട്ട ഒരൊറ്റ കാരണം മാത്രമാണുള്ളത് ഗുരുതരമായ സുരക്ഷാ വീഴ്ച.ആരാണ് ഇതിനൊക്കെ മറുപടി പറയേണ്ടത്. ഇന്റലിജൻസ് സംവിധാനങ്ങളെ സദാസമയവും ജാഗരൂകരാക്കി നിലനിർത്തേണ്ട ഉത്തരവാദിത്വമുള്ള ആഭ്യന്തരമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവുമല്ലേ ഈ സുരക്ഷാ വീഴ്ചക്ക് മറുപടി പറയേണ്ടത്. ഭീകരവാദം തടയാനെന്ന പേരിൽ ഒട്ടേറെ പദ്ധതികളും നിയമങ്ങളും നമ്മുടെ രാജ്യത്തുണ്ട് പക്ഷെ അതെല്ലാം ഉപയോഗിക്കുന്നത് ആർക്കു വേണ്ടിയാണ്. ദേശവിരുദ്ധ ശക്തികളെ നിരീക്ഷിക്കാനെന്ന പേരിൽ പെഗാസസ് ചാര സോഫ്റ്റ്വെയർ വാങ്ങിയ മോദി സർക്കാർ എന്താണ് ചെയ്തത്.രാജ്യസുരക്ഷ എന്ന ഗൗരവമേറിയ കടമ നിറവേറ്റാതെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും തെരഞ്ഞെടുപ്പുജയങ്ങൾക്കായി കുതന്ത്രങ്ങൾ മെനയാനുമായി സമയം കണ്ടെത്തുകയും രാജ്യ സുരക്ഷാ നിയമങ്ങൾ രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയുമെല്ലാം വേട്ടയാടാൻവേണ്ടി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നത് തന്നെയാണ് ഈ സുരക്ഷാവീഴ്ചയിലേക്ക് നയിച്ച ഘടകങ്ങൾ. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തുകയാണ് ഇനി വേണ്ടത്. അല്ലാതെ ചോരപൊടിയുമ്പോൾ അതിനെ സുവർണാവസരമാക്കി വിദ്വേഷ പ്രചരണത്തിന് വേദിയാക്കുകയല്ല വേണ്ടത്.The post ദില്ലി സ്ഫോടനം ഗുരുതര സുരക്ഷ വീഴ്ച; മറുപടി പറയാതെ മോദി സർക്കാർ appeared first on Kairali News | Kairali News Live.