ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവതിയില്‍ നിന്ന് ആഭരണവും പണവും കവര്‍ന്നു; ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍

Wait 5 sec.

കോയമ്പത്തൂര്‍|ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷ് (27) ആണ് റെയ്സ് കോഴ്സ് പോലീസിന്റെ പിടിയിലായത്. കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്നു ധനുഷ്. ബിസിനസില്‍നിന്ന് വരുമാനം കുറഞ്ഞതിനെത്തുടര്‍ന്നാണ് ധനുഷ് ഡേറ്റിങ് ആപ്പ് വഴി വിവാഹിതരായ യുവതികളെ പരിചയപ്പെട്ട് തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറയുന്നു. ഡേറ്റിങ് ആപ്പില്‍ തരുണ്‍ എന്ന പേരാണ് ധനുഷ് നല്‍കിയിരിക്കുന്നത്.പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25കാരിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. ഈ മാസം രണ്ടിനാണ് യുവതിയുടെ ആഭരണങ്ങള്‍ കവര്‍ന്നത്. സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ സുഹൃത്തിനൊപ്പം യുവതിയെ ഭീഷണിപ്പെടുത്തി മൂന്ന് പവന്‍ സ്വര്‍ണം കവരുകയും മൊബൈല്‍ വഴി 90,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയുമായിരുന്നു. ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നില്‍ ഇറക്കിവിട്ടു.രാത്രി 11 മണിക്കുശേഷം ഹോസ്റ്റലില്‍ കയറ്റില്ലെന്ന് യുവതി അറിയിച്ചതോടെ ധനുഷ് അടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തു കൊടുത്തു. തുടര്‍ന്ന് യുവതി സഹോദരിയെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. സഹോദരി സ്ഥലത്തെത്തി യുവതിയെ പോലീസ് സ്റ്റേഷനിലെത്തിച്ചു പരാതി കൊടുക്കുകയായിരുന്നു. ഡേറ്റിങ് ആപ്പിലെ പേരു വച്ചു നടത്തിയ അന്വേഷണത്തിലാണ് ധനുഷിനെ പോലീസ് കണ്ടെത്തിയത്.