ന്യൂഡല്‍ഹി | 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ഐ എസ് എല്‍ ക്ലബുകളുമായി കൂടിക്കാഴ്ചക്കൊരുങ്ങി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്). ഈമാസം 18ന് ന്യൂഡല്‍ഹി ദ്വാരകയിലെ എ ഐ എഫ് എഫ് ആസ്ഥാനത്താണ് കൂടിക്കാഴ്ച. ഇക്കഴിഞ്ഞ 12ന് ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയാണ് 18ന് നടക്കുകയെന്ന് എ ഐ എഫ് എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബെ പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിനെ മുന്നോട്ട് നയിക്കുന്നതിനായി സുപ്രീം കോടതിയില്‍ നിന്ന് ക്രിയാത്മക മാര്‍ഗനിര്‍ദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.‘ജനുവരി ഒന്നിനും മെയ് 31നും ഇടയിലായി ലീഗ് നടത്താനാണ് ഉദ്ദേശിക്കുന്നത്. 150 ദിവസം നീളുന്ന ടൂര്‍ണമെന്റില്‍ 187 മത്സരങ്ങള്‍ ഉണ്ടാകും. 14 ടീമുകളാണ് കളത്തിലിറങ്ങുക. ഏതെങ്കിലും ടീമുകള്‍ പിന്‍വാങ്ങിയാല്‍ എണ്ണത്തില്‍ കുറവുണ്ടാകും. കാര്യങ്ങളെല്ലാം നന്നായി നടന്നാല്‍ തയ്യാറാക്കിയ പദ്ധതികള്‍ നവംബര്‍ 19ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാവും.’- ചൗബെ കൂട്ടിച്ചേര്‍ത്തു.ലീഗിന്റെ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ് എസ് ഡി എല്‍) എ ഐ എഫ് എഫും തമ്മില്‍ ഭാവി കരാര്‍ രൂപവത്കരിക്കുന്നതിലുണ്ടായ പ്രതിസന്ധിയാണ് ഐ എസ് എലിനെ അനിശ്ചിതത്വത്തിലാക്കിയത്. നിലവിലെ കരാര്‍ ഡിസംബറില്‍ അവസാനിക്കും.