ശിവപ്രിയയുടെ മരണത്തിന് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; റിപോര്‍ട്ട് സമര്‍പ്പിച്ച് വിദഗ്ധ സമിതി

Wait 5 sec.

തിരുവനന്തപുരം | കരിക്കകം സ്വദേശി ശിവപ്രിയയുടെ മരണത്തിന് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്ന് വിദഗ്ധ സമിതി. ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിനായി നിയോഗിച്ച സമിതിയുടെ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആശുപത്രിയില്‍ നിന്നല്ല അണുബാധയുണ്ടായതെന്നും എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും ആശുപത്രി പാലിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. റിപോര്‍ട്ട് ഡി എം ഇക്ക് കൈമാറി.റിപോര്‍ട്ടിനോട് പ്രതികരിച്ച് ശിവപ്രിയയുടെ ഭര്‍ത്താവ് മനു രംഗത്തെത്തി. നീതി ലഭിക്കില്ലെന്ന് ഉറപ്പായിരുന്നുവെന്നും ഇങ്ങനെയാകും റിപോര്‍ട്ടെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും മനു പറഞ്ഞു. വീട്ടില്‍ നിന്ന് ശിവപ്രിയക്ക് അണുബാധയുണ്ടാകാനുള്ള ഒരു സാധ്യതയുമില്ല. തുടര്‍നടപടി സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും മനു വ്യക്തമാക്കി.എസ് എ ടി ആശുപത്രിയില്‍ വച്ചായിരുന്നു ശിവപ്രിയയുടെ മരണം. കഴിഞ്ഞ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. പ്രസവശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ ശിവപ്രിയയ്ക്ക് മൂന്ന് ദിവസത്തിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എസ് എ ടിയില്‍ വീണ്ടും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.