നഷ്ടക്കണക്കുകള്‍ മാത്രം നിരത്തിവെക്കുകയും കെടുകാര്യസ്ഥത കൊടികുത്തിവാഴുകയും ചെയ്ത ഇടങ്ങളായിരുന്നു സംസ്ഥാന വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുവെ. സര്‍ക്കാറിന്റെ സഹായം കൊണ്ട് മാത്രമായിരുന്നു പല സ്ഥാപനങ്ങളും നിലനിന്നിരുന്നത്. ഈ ദുരവസ്ഥക്ക് മാറ്റം വരികയും മിക്ക സ്ഥാപനങ്ങളും നഷ്ടത്തില്‍ നിന്ന് കരകയറി ലാഭകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥിതി കൈവന്നതായി കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ അര്‍ധ വാര്‍ഷിക അവലോകന റിപോര്‍ട്ട് വ്യക്തമാക്കുന്നു.2025 ഏപ്രില്‍- സെപ്തംബര്‍ കാലയളവില്‍, മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14 സ്ഥാപനങ്ങള്‍ കൂടി ലാഭത്തിലായെന്നാണ് റിപോര്‍ട്ട് പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ 2,299 കോടി രൂപയുടെ വിറ്റുവരവ് ഈ വര്‍ഷം 2,440.14 കോടിയായി ഉയര്‍ന്നു. 27.30 കോടിയുടെ പ്രവര്‍ത്തന ലാഭം നേടി. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്ന് 16 ആയി.സംസ്ഥാനത്തിന്റെ സാമ്പത്തികാടിത്തറക്ക് താങ്ങാണ് പൊതുമേഖല. അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ സൃഷ്ടി, ഉത്പാദനം, സാമൂഹിക സുരക്ഷ, വികസന സമത്വം തുടങ്ങിയവയില്‍ പൊതുമേഖലയുടെ പങ്ക് നിര്‍ണായകമാണ്. വിപണിയില്‍ ലാഭത്തെ അടിസ്ഥാനമാക്കിയുള്ള കിടമത്സരം വര്‍ധിച്ച സാഹചര്യത്തില്‍ ജനജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഘടകമായി വര്‍ത്തിക്കുന്നു പൊതുമേഖലാ കമ്പനികള്‍. കെ എസ് ഇ ബി, സപ്ലൈകോ, കെ എസ് ആര്‍ ടി സി, കെ എസ് എഫ് ഇ തുടങ്ങിയവ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടവയാണ്.തൊഴില്‍ രംഗത്താണ് പൊതുസ്ഥാപനങ്ങളുടെ സാമൂഹിക പ്രാധാന്യം കൂടുതല്‍. ലക്ഷക്കണക്കിനു വരും ഈ മേഖലയിലെ സ്ഥിരം ജീവനക്കാരുടെയും കരാര്‍ ജോലിക്കാരുടെയും എണ്ണം. പൊതുമേഖലാ കമ്പനികളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വാഹന തൊഴിലാളികളും കരാറുകാരും ചെറുകിട വ്യവസായികളും നിരവധിയാണ്. പൊതുനിക്ഷേപങ്ങളുടെ ഗതി നിര്‍ണയിക്കുന്നതിലും നാടിന്റെ വികസനത്തിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ട്.ഗ്രാമപ്രദേശങ്ങളിലേക്കും പിന്നാക്ക വിഭാഗങ്ങളിലേക്കും വികസന സ്രോതസ്സുകള്‍ എത്തിക്കുന്നതില്‍ അവ നിര്‍ണായക പങ്കുവഹിക്കുന്നു. വാളയാര്‍ മലബാര്‍ സിമന്റ്, ചവറ കെ എം എം എല്‍, എടപ്പള്ളി ട്രാവന്‍കൂര്‍ ടൈറ്റാനിയം തുടങ്ങിയവ അതാത് പ്രദേശത്തെ തൊഴില്‍, അടിസ്ഥാന സൗകര്യം, ഗതാഗതം തുടങ്ങിയവയില്‍ വലിയ പുരോഗതിയാണ് സൃഷ്ടിച്ചത്.സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 48 സ്ഥാപനങ്ങളില്‍ 27 എണ്ണം കരകയറിയെങ്കിലും 21 സ്ഥാപനങ്ങള്‍ ഇപ്പോഴും നഷ്ടത്തിലാണ്. ഇവയെ കൂടി കരകയറ്റാനുള്ള നടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. അഴിമതി, രാഷ്ട്രീയ ഇടപെടല്‍, ഭരണ രംഗത്തെ കാര്യക്ഷമതാ കുറവ്, തെറ്റായ ധനകാര്യ നിയന്ത്രണം തുടങ്ങി നഷ്ടത്തിന് കാരണങ്ങള്‍ പലതാണ്. നിയമനങ്ങള്‍, കരാറുകള്‍, വിതരണം തുടങ്ങിയവയില്‍ രാഷ്ട്രീയ സ്വാധീനം കൂടുതലാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് അയോഗ്യരായ ആളുകള്‍ പ്രധാന തസ്തികകളില്‍ എത്തുന്നത് ഭരണപരമായ കാര്യക്ഷമതയെ ബാധിക്കുന്നു. ടെന്‍ഡര്‍ പ്രക്രിയയില്‍ അഴിമതിയും വ്യാപകമാണ്.2023ല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അരി സംഭരണത്തില്‍ സപ്ലൈകോ മാര്‍ക്കറ്റിംഗ് ഓഫീസര്‍മാരും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാരും നടത്തിയ വന്‍ അഴിമതികള്‍ കണ്ടെത്തിയിരുന്നു. ധനകാര്യ വകുപ്പിനു കീഴിലെ ബേങ്കിതര സാമ്പത്തിക സ്ഥാപനമായ കെ എസ് എഫ് ഇയില്‍ നിന്ന് കോടികളുടെ തട്ടിപ്പ് വിവരങ്ങളാണ് പുറത്തുവന്നത്.വിപണിയിലെ മാറ്റങ്ങളോട് പ്രതികരിക്കുന്നതില്‍ വരുന്ന കാലതാമസമാണ് പൊതുമേഖലയുടെ മറ്റൊരു പരാജയം. പല സ്ഥാപനങ്ങളും പഴയ രീതിയിലുള്ള ഉത്പാദന സംവിധാനങ്ങളില്‍ ഊന്നിയാണ് പ്രവര്‍ത്തിക്കുന്നത്. വിപണി ആവശ്യങ്ങള്‍ക്കനുസരിച്ച് ഉത്പാദനത്തില്‍ മാറ്റം വരുത്താനും പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും കാലതാമസം നേരിടുന്നു. പുത്തന്‍ സാങ്കേതികത കൈവരിക്കാന്‍ ആവശ്യമായ ഗവേഷണവും നവീകരണവുമില്ല പല സ്ഥാപനങ്ങള്‍ക്കും. ഇത് വിപണിയിലെ മുന്നേറ്റത്തെ ബാധിക്കുന്നു.ഡിജിറ്റല്‍, ഓണ്‍ലൈന്‍ വിപണന സംവിധാനത്തിലേക്കുള്ള മാറ്റവും മന്ദഗതിയിലാണ്. ജീവനക്കാരുടെ എണ്ണം കൂടുതലാണ് ചില സ്ഥാപനങ്ങളില്‍. ആവശ്യം പരിഗണിച്ചല്ല, രാഷ്ട്രീയ സമ്മര്‍ദങ്ങളുടെയും തലപ്പത്തുള്ളവരുടെ വ്യക്തിതാത്പര്യത്തിന്റെയും അടിസ്ഥാനത്തിലാണ് പലപ്പോഴും നിയമനം നടക്കുന്നത്. പി എസ് സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങളും വ്യാപകം. യൂനിയന്‍ സമ്മര്‍ദവും പണിമുടക്കും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്നു.യന്ത്രോപകരണങ്ങളുടെ ആധുനികവത്കരണം, ഓട്ടോമേഷന്‍, ഡിജിറ്റല്‍ മാനേജ്‌മെന്റ് സംവിധാനങ്ങള്‍, രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍ നിന്ന് മുക്തമായി യോഗ്യതയുടെയും പ്രാവീണ്യത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം നിയമനം, വിപണിയെ മനസ്സിലാക്കി ഉത്പന്നങ്ങളില്‍ നവീകരണം, കൃത്യമായ ഓഡിറ്റും സാമ്പത്തിക അവലോകനവും വഴി സുതാര്യമായ ഭരണ സംവിധാനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സ്ഥാപനങ്ങളെ കരകയറ്റാനാകും. സംസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങളുടെ ഭാഗമാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. അവ ലാഭകരമാക്കേണ്ടത് സര്‍ക്കാറിന്റെ മാത്രമല്ല, ജീവനക്കാരുടെ കൂടി ബാധ്യതയാണ്. അവരുടെ ജീവിതോപാധിയാണിവ. ഇത് കണ്ടറിഞ്ഞ് സ്ഥാപനത്തിലെ വികസന കൂട്ടായ്മകളായി മാറേണ്ടതുണ്ട് തൊഴിലാളി യൂനിയനുകള്‍.