ന്യൂഡല്‍ഹി| ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും കാര്യങ്ങളില്‍ വ്യക്തതവരും മുമ്പ് തിടുക്കപ്പെട്ട് ഒന്നും പറയുന്നത് ശരിയല്ലെന്നും ഡല്‍ഹി നോര്‍ത്ത് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജ ബന്തിയ. സംഭവത്തില്‍ യുഎപിഎ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘവും എന്‍എസ്ജി സംഘവുമുണ്ട്. പ്രദേശം മുഴുവന്‍ അവര്‍ തിരച്ചില്‍ നടത്തുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും രാജ ബന്തിയ പറഞ്ഞു.ഫോറന്‍സിക് സംഘം സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പരിശോധിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് ഏകദേശം 1-2 ദിവസമെടുക്കും. ഏതുതരം രാസവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പറയാന്‍ സാധിക്കും. മെട്രോ റെയില്‍ അടക്കുന്നതിനെ കുറിച്ചോ അതിര്‍ത്തി അടക്കുന്നതിനെക്കുറിച്ചോ ഡല്‍ഹി പോലീസും സര്‍ക്കാരും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് പ്രതി ഒറ്റക്കായിരുന്നുവെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ദര്യഗഞ്ചിലേക്ക് കാര്‍ എത്തിയത് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വാഹനത്തിന്റെ യാത്ര കണ്ടെത്താന്‍ സമീപത്തുള്ള ടോള്‍ പ്ലാസകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 100ലധികം സിസിടിവി ക്ലിപ്പുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം സ്‌ഫോടനത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടത് അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍എന്‍ജെപി ആശുപത്രി ഡല്‍ഹി ആഭ്യന്തരമന്ത്രി ആശിഷ് സൂദിനൊപ്പം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ജനങ്ങള്‍ ശാന്തത പാലിക്കാനും ഊഹാപോഹങ്ങള്‍ ഒഴിവാക്കാനും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.