അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്ന വലിയ നേട്ടം സ്വന്തമാക്കിയ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീര്‍ത്തിച്ച് ശിവസേന എം പി സഞ്ജയ് റൗത്. കേരളം എങ്ങനെയാണ് കടുത്ത ദാരിദ്ര്യം ഇല്ലാതാക്കിയതെന്ന തലക്കെട്ടിൽ സാമ്ന ദിനപത്രത്തിലാണ് എം പി സഞ്ജയ് റൗത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വെല്ലുവിളിച്ചത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ഇത്തരമൊരു പ്രഖ്യാപനം നടത്താൻ കഴിയുമോയെന്ന് സഞ്ജയ് റൗത് ചോദിക്കുന്നു. ദാരിദ്ര്യനിര്മാർജ്ജനത്തിന്റെ കാര്യത്തിൽ അവരുടെ വഴികളും ശ്രമങ്ങളും പരാജയവുമാണെന്നും റൗത് ചൂണ്ടിക്കാട്ടി.കേരളത്തിൽ അതിദാരിദ്ര്യം തുടച്ച് നീക്കിയ പ്രഖ്യാപനം ദൈവത്തിന്റെ സ്വന്തം നാടിന് മാത്രമല്ല, രാജ്യത്തിനും അഭിമാനമാണെന്നും ഈ നേട്ടം കൈവരിച്ച കേരള മന്ത്രിസഭയെ അഭിനന്ദിക്കണമെന്നും ശിവസേന താക്കറെ പക്ഷം നേതാവ് പറഞ്ഞു. പദ്ധതികൾക്കായി അംഗീകരിച്ച പണം ലക്ഷ്യബോധത്തോടെ ചിലവഴിക്കാൻ കഴിഞ്ഞതാണ് ഈ നേട്ടത്തിന് കാരണമായി റൗത് ചൂണ്ടിക്കാട്ടിയത്. Also read – ദില്ലി സ്ഫോടനം: നാല് പേർ കസ്റ്റഡിയിൽ, വാഹനം ഓടിച്ചത് ഡോ. ഉമർ മുഹമ്മദ് എന്ന് സൂചനയെന്ന് നോർത്ത് ഡി സി പിരാജ്യത്തിന്റെ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. അതിനിടയിലാണ് രാജ്യത്തിന് വലിയ പ്രതീക്ഷ നൽകി കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം. ഇത്തരമൊരു നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഇതൊരു അഭിമാന നിമിഷമാണ് കേരളത്തിനും, അതോടൊപ്പം ഇന്ത്യയ്ക്കും.ഇത് നടപ്പിലാക്കുന്നത് എളുപ്പമല്ലെന്നും സഞ്ജയ് റൗത് ലേഖനത്തിൽ പ്രതിപാദിക്കുന്നു. ഇത്തരമൊരു ദൗത്യത്തിന് ഉറച്ച രാഷ്ട്രീയ പ്രതിബദ്ധതയും കാര്യക്ഷമമായ ഭരണവും ആവശ്യമാണ്. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിൽ ദാരിദ്ര്യനിര്മാർജ്ജനം നടന്നിട്ടില്ല. ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ നിരന്തരം കേന്ദ്രസർക്കാർ സഹായം തേടുമ്പോൾ, കേരളം സ്വതന്ത്രമായി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയ മാതൃക ശ്ലാഘനീയമാണ്. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച്, ബിഹാറിലെ ജനങ്ങളിൽ മൂന്നിലൊന്നിലധികം പേർ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതേസമയം, കേരളത്തിലെ സംഖ്യ 0.7 ശതമാനമാണ് — രാജ്യത്തിലെ ഏറ്റവും കുറഞ്ഞത്. കേരള സർക്കാർ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി 640006 അതീവ ദാരിദ്ര്യ കുടുംബങ്ങളെ തിരിച്ചറിഞ്ഞു. ഈ കുടുംബങ്ങൾക്ക് വേണ്ട ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യ സംബന്ധിയായ സഹായം എന്നിവ നൽകി അവരെ കടുത്ത ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുകയാണ് ചെയ്തത്. ഇത് മറ്റു സംസ്ഥാനങ്ങൾക്കും ഒരു മാതൃകയാണ്. സംസ്ഥാനത്തിന്റെ കൃത്യമായ പദ്ധതികളും സർക്കാരിന്റെ ഉറച്ച മനസും ഇതിനു പിന്നിലാണ്.അതെ സമയം ഭാരതീയ ജനതാ പാർട്ടിയുടെ ജനസേവനം തിരഞ്ഞെടുപ്പ് സമയങ്ങളിൽ നടത്തുന്ന വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണെന്നും ഇന്നും സാധാരണ ജനങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുകയാണെന്നും റൗത് കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ് വോട്ടുകൾ നേടാനുള്ള ശ്രമങ്ങളും ഇവർ നടത്തുന്നുണ്ട്. ഹിന്ദുത്വത്തിന്റെ പേരിൽ, ജനങ്ങളെ വിഭജനത്തിലേക്ക് തള്ളുകയാണ്. തിരഞ്ഞെടുപ്പുകൾക്കായി ഇവർ മതവും ജാതിയും ഉപയോഗിക്കുന്നു.കേരളം അതിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടെ സർക്കാർ പൂർണ്ണമായും സാമൂഹ്യനീതിനിഷ്ഠമായ സമീപനം സ്വീകരിച്ചു. കേന്ദ്രസർക്കാരിന്റെ 38 പദ്ധതികളിൽ നിന്ന് ‘അതിദാരിദ്ര്യ നിര്മാർജ്ജന’ പദ്ധതി കേരളം ഫലപ്രദമായി നടപ്പിലാക്കി. ഇന്ന് ലോകത്ത് ‘ലാൻഡ് ജിഹാദ്’, ‘ലവ് ജിഹാദ്’ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന അന്തരീക്ഷമാണ്. എന്നാൽ കേരളത്തിലെ ജനങ്ങൾ ശാന്തമായ ജീവിതം നയിക്കുന്നു. ഇവിടെ മതഭേദമില്ലാതെ എല്ലാ വിഭാഗങ്ങളും സമാധാനത്തിലും മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു.രാജ്യത്ത് പല സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിന് മുന്നോടിയായി സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, യാഥാർത്ഥ്യത്തിൽ ദാരിദ്ര്യ നിര്മാർജ്ജനത്തിന് കാര്യമായ മുന്നേറ്റം കാണുന്നില്ല. അതിനാൽ കേരളത്തിന്റെ ഈ നേട്ടം വളരെ പ്രസക്തമാണ്.The post അതിദാരിദ്ര്യ നിർമ്മാർജ്ജനം: കേരള മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ശിവസേന (UBT) എം പി സഞ്ജയ് റൗത് appeared first on Kairali News | Kairali News Live.