കൈരളി ചാനൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയതിൻ്റെ ആഘോഷങ്ങൾ അബുദാബിയിൽ നിറങ്ങളുടെ ഉത്സവം തീർത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തത്. കൈരളിയുടെ അലങ്കാരമായ മലയാളം കമ്മ്യൂണിക്കേഷൻസിൻ്റെ ചെയർമാൻ പത്മശ്രീ മമ്മൂട്ടിയുടെയും, എം.ഡി ജോൺ ബ്രിട്ടാസ് എം.പിയുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. ആ ആഘോഷങ്ങളെ കുറിച്ച് കെ ടി ജെലീൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.കേരളത്തിൻ്റെ സാംസ്കാരിക വളർച്ചയുടെ ഓരോ ചുവടിലും കൈരളിയുടെ കയ്യൊപ്പ് കാണാനാകുമെന്നും പോസ്റ്റ് അടിവരയിടുന്നു. ഫാസിസം പത്തി വിടർത്തി അടുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ, തീവ്രഹിന്ദുത്വത്തിന് ബദൽ, തീവ്ര ഇസ്ലാമോ, തീവ്ര കൃസ്ത്യാനിറ്റിയോ അല്ല, വെള്ളം ചേർക്കാത്ത മതനിരപേക്ഷതയാണെന്ന് നിരന്തരം മലയാളിയെ ഓർമ്മപ്പെടുത്തിയത് കൈരളിയാണ് എന്ന് കെ.ടി. ജലീൽ എംഎൽഎ അഭിപ്രായപ്പെട്ടു.ALSO READ: ബിജെപിയെ വെട്ടിലാക്കി വിമതര്‍ രംഗത്ത്പോസ്റ്റിന്റെ പൂർണരൂപംഒന്നാമൻമാർ ഒരേ വേദിയിൽ! കൈരളിക്ക് 25, ആഘോഷം കസറി!കൈരളി ചാനൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയതിൻ്റെ ആഘോഷങ്ങൾ അബൂദാബിയിലാണ് നടന്നത്. മദ്ധ്യപൗരസ്ത്യ രാജ്യങ്ങളിലെ മലയാളി സമൂഹമാണ് കേരളത്തിലെ എല്ലാ മാനവിക സംരഭങ്ങളുടെയും നേരവകാശികൾ. അവരുടെ വിയർപ്പും പിന്തുണയും ഇല്ലായിരുന്നെങ്കിൽ മലയാമത്തിൻ്റെ കലാ-സാംസ്കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ-മത-സാമൂഹിക മേഖലകൾ ഇത്രമാത്രം പുഷ്കലമാകുമായിരുന്നില്ല. കേരളം വിട്ടാൽ മറ്റൊരു കേരളമായി ഗൾഫ് രൂപപ്പെട്ടത് അതുകൊണ്ടാണ്.അറേബ്യൻ മണ്ണിൻ്റെ ദാനശീലം മത-ജാതി വ്യത്യാസമില്ലാതെ എല്ലാ മലയാളികളെയും സ്വാധീനിച്ചു. അതിൻ്റെ അനന്തര ഫലമാണ് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇന്നു കാണുന്ന വളരെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ. പട്ടിണി മാറ്റാനും മെച്ചപ്പെട്ട ജീവിതാവസ്ഥ സൃഷ്ടിക്കാനും സർക്കാരുകളുടെ ഇടപെടലുകൾക്കൊപ്പം കുടിയേറ്റവും പ്രവാസവും വലിയ പങ്കുവഹിച്ചത് ചരിത്രം. അവസരങ്ങൾ തേടി നാടുവിട്ടവർ സാമ്പത്തിക രംഗത്ത് മുന്നേറി. പാരമ്പര്യ ഭൂസ്വത്ത് മാത്രമുണ്ടായിരുന്നവർ ഭൂമി വിറ്റ് കാര്യങ്ങൾ നിറവേറ്റി. സർക്കാർ ജീവനക്കാർ അല്ലലും അലട്ടലുമില്ലാതെ ജീവിതം ആസ്വദിച്ചു. കച്ചവടക്കാരും വ്യവസായികളും സാമ്പത്തിക ലാഭം കൊയ്തു. കർഷകർ ദാരിദ്ര്യമില്ലാതെ ദിനങ്ങൾ മുന്നോട്ടു കൊണ്ടുപോയി. കൂലിപ്പണിക്കാർ അന്നന്ന് കിട്ടുന്നത് കൊണ്ട് തൃപ്തരായി. അശരണർക്ക് സർക്കാർ ആനുകൂല്യങ്ങൾ തുണയായി. ക്ഷേമ പെൻഷനുകൾ പാവങ്ങളെ ചേർത്തു പിടിച്ചു.നല്ല വീടുകൾ, നല്ല ആരാധനാലയങ്ങൾ, യഥേഷ്ടം അനാഥ-അഗതി മന്ദിരങ്ങൾ, ആവശ്യത്തിലധികം മതസ്ഥാപനങ്ങൾ, സുഭിക്ഷമായ ഭക്ഷണം, അംബരചുംബിയായ കെട്ടിടങ്ങൾ, പണം വാരിയെറിഞ്ഞ ഉത്സവ മേളകൾ, ഗ്രാമങ്ങളെ ചെറു നഗരങ്ങളായി രൂപപ്പെടുത്തിയ സൗകര്യങ്ങൾ, ജീവിത രീതികളിലെ മാറ്റങ്ങൾ, വിദ്യാഭ്യാസം അനിവാര്യമാണെന്ന ബോദ്ധ്യം, ലോക പരിചയം ഉണ്ടാക്കിയ തിരിച്ചറിവുകൾ… എന്നിവയെല്ലാം മലയാളിക്ക് പകർന്നു കിട്ടിയത് പ്രവാസ ജീവിതത്തിലൂടെയാണ്. ഗൾഫ് മാത്രമല്ല, യൂറോ-അമേരിക്കൻ കുടിയേറ്റങ്ങളും അഭിവൃദ്ധിയിലേക്ക് നമ്മെ വഴിനടത്തി.കൈരളി ടിവിയുടെ വളർച്ചയുടെ പടവുകളിൽ തണലായവരെല്ലാം അബുദാബിയിൽ ഒത്തുകൂടി. കൈരളിയുടെ അലങ്കാരമായ മലയാളം കമ്മ്യൂണിക്കേഷൻസിൻ്റെ ചെയർമാൻ പത്മശ്രീ മമ്മൂട്ടിയുടെയും, ഏറെക്കാലമായി കൈരളിയുടെ എം.ഡിയായ ജോൺ ബ്രിട്ടാസ് എം.പിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ആഘോഷങ്ങൾ മരുഭൂമിയിൽ നിറങ്ങളുടെ ഉൽസവം തീർത്തു.ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് ഭരണ നൈപുണ്യത്താൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറിട്ടു നിൽക്കുന്ന ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തത്. നടന വൈഭവം കൊണ്ട് ഇന്ത്യൻ സിനിമയിൽ മുടിചൂടാമന്നനായ മലയാളത്തിൻ്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി നിയന്ത്രിച്ച വേദിക്ക് തിലകച്ചാർത്തായി അഭിനയ മികവിൽ തിളങ്ങിയ, ജയറാമും, ബോബൻ കുഞ്ചാക്കോയും, ആസിഫലിയും, ജിജോ ജോസഫും, വിനീത് ശ്രീനിവാസനും, ചന്ദു സലീംകുമാറും, രമേശ് പിഷാരടിയും, പ്രിയപ്പെട്ട അഭിനേത്രികളും, നർത്തകികളും അണിനിരന്നതോടെ എല്ലാം കളറായി.ഗാനാലാപന രംഗത്ത് തൻ്റേതു മാത്രമായ വഴി വെട്ടിത്തെളിയിച്ച എം.ജി ശ്രീകുമാർ പാടിത്തിമർത്ത ചടങ്ങിൽ വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു. കാണികളുടെ കളം നിറച്ചത് യു.എ.ഇയിലെ മലയാളി കുടുംബങ്ങളാണ്. സദസ്സിന് ഹരം പകർന്ന നൃത്തനൃത്യങ്ങളും കലാ പ്രകടനങ്ങളും കൈരളിയുടെ തനതു ശൈലി വിളിച്ചോതി. നാട്ടുകാരനും അടുത്ത സുഹൃത്ത് സക്കീറിൻ്റെ ജേഷ്ട സഹോദരനും കൈരളിയോടൊപ്പം ആരംഭം തൊട്ട് സഞ്ചരിച്ച വ്യവസായ പ്രമുഖനുമായ വി.കെ അഷ്റഫ് തിരശ്ശീലക്കു പിന്നിൽ കാര്യങ്ങൾ നിയന്ത്രിച്ചു. കൈരളിയുടെ പ്രഥമ ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.വി അബ്ദുൽ വഹാബ് എം.പിയും, അഡ്വ: റഷീദും, ‘പ്രവാസലോക’ത്തിൻ്റെ ശിൽപി പി.ടി കുഞ്ഞിമുഹമ്മദും സദസ്സിലെത്തിയത് ചടങ്ങിൻ്റെ ഗാംഭീര്യം വർധിപ്പിച്ചു. പി.ടി കൈരളിയിൽ അവതരിപ്പിച്ച വേദനയുടെ ഗന്ധമുള്ള “പ്രവാസലോകം” കാണാൻ എല്ലാ പ്രവാസികളുള്ള വീടുകളും കാത്തിരുന്നതും, മരുഭൂമിയിൽ ഒറ്റപ്പെട്ടു പോയവരുടെ കദനകഥകൾ കേട്ട് എൻ്റെ വലിയുമ്മ കണ്ണീർ വാർത്തിരുന്നതും ഞാനോർത്തു.വൈകുന്നേരം ഏഴുമണിക്ക് തുടങ്ങിയ കലാസന്ധ്യ മണിക്കൂറുകൾ നീണ്ടു. അവസാനിച്ചേപ്പാൾ രാത്രി ഒരു മണി. മുഖ്യമന്ത്രിയും മമ്മൂട്ടിയും തമ്മിലുള്ള ചോദ്യോത്തരം സദസ്സിന് പുതുമയായി. മഹാനടനും പ്രഗൽഭനായ മുഖ്യമന്ത്രിയും ചോദ്യങ്ങളും ഉത്തരങ്ങളുമായി കത്തിക്കയറിയത് സദസ്സ് ശരിക്കും ആസ്വദിച്ചു. ജോൺ ബ്രിട്ടാസ് സ്വാഗതവും എ വിജയരാഘവൻ നന്ദിയും പറഞ്ഞു.പ്രവാസ ലോകത്തെ വ്യക്തി മുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖരെ അനുമോദിക്കുന്ന ആദരവും നടന്നു. ഡോ: ആസാദ് മൂപ്പൻ, ലുലു അഷ്റഫലി, ബിസിസസ് ലജൻ്റ് സി.സി തമ്പി, 13 എയർപോർട്ടുകളിൽ സേവന കൗണ്ടറുകളുള്ള സ്പീഡ് വിംഗ്സ് സർവീസസിൻ്റെ CMD സനൽകുമാർ, മലബാർ ഗോൾഡ് ഗൾഫ് റിജിയണൽ ഹെഡ്, എ.പി ഷംസുദ്ദീൻ തുടങ്ങി നിരവധി വ്യക്തികൾക്ക് മുഖ്യമന്ത്രി, മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിൽ ഉപഹാരങ്ങൾ നൽകി.കേരളത്തിൻ്റെ സാംസ്കാരിക വളർച്ചയുടെ ഓരോ ചുവടിലും കൈരളിയുടെ കയ്യൊപ്പ് കാണാനാകും. 25 വർഷങ്ങൾക്ക് മുമ്പ് ഒരു തിരുവോണ നാളിൽ ആരംഭിച്ച കൈരളി, പീപ്പിൾസ് കൈരളിയായും, കൈരളി ‘വി’യായും, കൈരളി അറേബ്യയായും വളർന്നു പന്തലിച്ച് വലിയൊരു കുടുംബമായി. ഫാസിസം പത്തി വിടർത്തി അടുന്ന വർത്തമാന ഇൻഡ്യൻ സാഹചര്യത്തിൽ മതനിരപേക്ഷതക്കായി നിലകൊള്ളാൻ ചില വാർത്താമാധ്യമങ്ങളെങ്കിലും വേണ്ടെ?തീവ്രഹിന്ദുത്വത്തിന് ബദൽ, തീവ്ര ഇസ്ലാമോ, തീവ്ര കൃസ്ത്യാനിറ്റിയോ അല്ല, വെള്ളം ചേർക്കാത്ത മതനിരപേക്ഷതയാണെന്ന് നിരന്തരം മലയാളിയെ ഓർമ്മപ്പെടുത്തിയത് കൈരളിയാണ്. പിന്നിട്ട 25 വർഷം നേടിയതിനെ കുറിച്ച് ‘ബഡായി’ പറയാനായിരുന്നില്ല അബൂദായിലെ ആഘോഷം. പിന്നിട്ട വഴികളിൽ പറ്റിയ മനുഷ്യസഹജമായ പിശകുകൾ തിരുത്തി മുന്നോട്ടായാൻ പ്രതിജ്ഞ എടുക്കാനാണ് നാനാതുറകളിലുള്ള എണ്ണംപറഞ്ഞവരെ അതിഥികളായി കൈരളി വിളിച്ചു വരുത്തിയത്. ആ സന്തോഷ നിമിഷത്തിൽ പങ്കാളിയാകാനായത് ജീവിതത്തിലെ ഭാഗ്യം എന്നല്ലാതെ മറ്റെന്തു പറയാൻ?The post ‘ഒന്നാമൻമാർ ഒരേ വേദിയിൽ ! കൈരളിക്ക് 25’; പോസ്റ്റ് പങ്കുവെച്ച് കെ.ടി. ജലീൽ എംഎൽഎ appeared first on Kairali News | Kairali News Live.