ന്യൂഡല്‍ഹി | ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ ജോലി ചെയ്ത ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അംഗീകാരമില്ലെന്ന് കണ്ടെത്തി. ഇതോടെ സര്‍വകലാശാലക്ക് നാക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് നോട്ടീസ്. സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ തെറ്റായ അക്രഡിറ്റേഷന്‍ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടിയാണ് നടപടി. ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം.ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ച കാറോടിച്ചിരുന്ന ഡോ. ഉമര്‍ നബി അല്‍ ഫലാഹ് സര്‍വകലാശാലയിലാണ് ജോലി ചെയ്തിരുന്നത്. ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്ത സംഭവത്തില്‍ പിടിയിലായ ഡോ. മുസമ്മില്‍, ഡോ. ഷഹീന്‍ എന്നിവര്‍ അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്തിരുന്നവരാണ്. ഇക്കാര്യങ്ങള്‍ വെളിപ്പെട്ടതോടെയാണ് സര്‍വകലാശാലയെ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണത്തിലാക്കിയത്.അതിനിടെ, സര്‍വകലാശാലയുടെ ഡല്‍ഹി ഓഖ്‌ല ഓഫീസില്‍ ഹരിയാന പോലീസ് പരിശോധന നടത്തി. സര്‍വകലാശാല വെബ്‌സൈറ്റ് നിലവില്‍ പ്രവര്‍ത്തനരഹിതമാണ്്. സര്‍വകലാശാല തന്നെ വെബ്‌സൈറ്റ് നീക്കം ചെയ്‌തെന്നാണ് സൂചന. സര്‍വകലാശാലയുടെ ഫണ്ടിംഗ് അന്വേഷിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അക്കൗണ്ടുകള്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.