കോഴിക്കോട് | വിശുദ്ധ ഖുര്‍ആന്‍ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മര്‍കസ് ഖുര്‍ആന്‍ ഫെസ്റ്റിവല്‍(എം ക്വു എഫ്) നാളെ (നവംബര്‍ 14, വെള്ളി) ആരംഭിക്കും. മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷനിലെ സെന്‍ട്രല്‍ മത്സരങ്ങളാണ് കാരന്തൂരിലെ മര്‍കസ് കേന്ദ്ര ക്യാമ്പസില്‍ നടക്കുക. മൂന്നു ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളില്‍ നിന്നുള്ള 900 വിദ്യാര്‍ഥികള്‍ മാറ്റുരക്കും. ഖുര്‍ആന്‍ പ്രമേയമായ 29 വ്യത്യസ്ത മത്സരങ്ങളില്‍ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക. യൂണിറ്റ്, സെക്ടര്‍ തല ഫെസ്റ്റുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവരാണ് മര്‍കസില്‍ നടക്കുന്ന സെന്‍ട്രല്‍ ഫെസ്റ്റിവലില്‍ മത്സരിക്കുന്നത്.മത മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കലാവിഷ്‌കാരം നടത്തുക, ഖുര്‍ആന്‍ പാരായണത്തിലും മനപ്പാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരങ്ങളിലേക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ ഖുര്‍ആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റിവലില്‍ നടക്കും.നാളെ ഉച്ചക്ക് മൂന്നിന് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങ് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ശൈഖ് ഡോ. അഹ്മദ് മംദൂഹ് ഈജിപ്ത്, ശൈഖ് താരിഖ് അബ്ദുല്‍ ഹാദി മുഖ്യാതിഥികളാവും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സെഷന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഖുര്‍ആന്‍ മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥിക്ക് 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന എം ക്വു എഫ് അവാര്‍ഡ് സമ്മാനിക്കും. ഖുര്‍ആന്‍ അക്കാദമികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി ‘ഉസ്റത്തുല്‍ ഖുര്‍ആന്‍’ പാരായണ മത്സരവും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.