വിദ്യാഭ്യാസം വിജയത്തിന്റെ അടിത്തറ

Wait 5 sec.

ഇന്ത്യൻ നേതാക്കളിൽ മികച്ച ആധുനിക വിദ്യാഭ്യാസം ലഭിച്ചവരിൽ ഒരാളായിരുന്നു നെഹ്റു.അലഹബാദിലെ വീട്ടിൽ സ്വകാര്യ അധ്യാപകരുടെ കീഴിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.പിന്നീട് 15ാം വയസ്സിലാണ് ഇംഗ്ലണ്ടിലെ ഹാരോ സ്‌കൂളിൽ എത്തുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളജിൽ നിന്ന് നാച്വറൽ സയൻസിൽ ബിരുദം നേടി. ഈ വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ശാസ്ത്രീയ ചിന്തയെ ആഴത്തിൽ സ്വാധീനിച്ചു.കേംബ്രിഡ്ജിലെ പഠനത്തിനു ശേഷം, ലണ്ടനിലെ ഇന്നർ ടെമ്പിളിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കുകയും 1912ൽ ബാരിസ്റ്ററായി യോഗ്യത നേടുകയും ചെയ്തു.ഭാവിയെ മാറ്റിമറിക്കാനുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ദേശീയതലത്തിൽ വലിയ നേതാവായിരിക്കുമ്പോഴും അദ്ദേഹം പഠനം തുടർന്നു. നിരന്തര വായന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി. പഠനം സ്‌കൂളിലോ കോളജിലോ അവസാനിപ്പിക്കേണ്ടതല്ലെന്നും ജീവിതാവസാനം വരെ കൂടെയുണ്ടാകണമെന്നും പറഞ്ഞുകൊണ്ടേയിരുന്നു. ഈ കാഴ്ചപ്പാട്, ഭരണാധികാരിയെന്ന നിലയിൽ നെഹ്റുവിന്റെ ഓരോ ഇടപെടലുകളിലും ഉണ്ടായിരുന്നു.ഭാവിലേക്കുള്ള സ്വപ്നംജീവിതം മുഴുവനും രാഷ്ട്രനിർമാണത്തിന് സമർപ്പിച്ച നെഹ്റു, രാജ്യത്തിന്റെ ഭാവി യുവാക്കളിലാണെന്ന് വിശ്വസിച്ചു. പുതിയ തലമുറക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് രാഷ്ട്ര പുരോഗതിയുടെ അടിസ്ഥാനം എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഈ തിരിച്ചറിവിൽ നിന്നാണ് രാജ്യത്ത് ദേശീയ പ്രാധാന്യമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൻ കീഴിൽ പിറവിയെടുത്തത്. ഐ ഐ ടി, എൻ ഐ ടി, എയിംസ്, ഐ ഐ എം പോലുള്ള സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണമികവിന്റെ ഉദാഹരണമാണ്.രാജ്യത്തിന്റെ വ്യവസായ സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റാൻ ലോകോത്തര നിലവാരമുള്ള എൻജിനീയർമാരെയും ശാസ്ത്രജ്ഞരെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ ഐ ടി) എന്നിവ സ്ഥാപിതമായത്.ഐ ഐ ടി സംവിധാനത്തിന്റെ വികാസത്തിൽ നെഹ്‌റുവിന്റെ സർക്കാർ നിർണായക പങ്കുവഹിച്ചു.രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്). ലോകോത്തര നിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതായിരുന്നു എയിംസിന്റെ ലക്ഷ്യം.മാനേജ്മെന്റ്മേഖലയിലെ ഏറ്റവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനം എന്ന നിലക്കാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐ ഐ എം) നെഹ്റുവിന്റെ നേതൃത്വത്തിൽ രൂപം കൊള്ളുന്നത്.ഉന്നത വിദ്യാഭ്യാസ നിലവാരംശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന ശക്തമായ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ആധുനികവത്കരണത്തിന് അത്യാവശ്യമാണെന്ന് നെഹ്‌റു കണ്ടു. സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും യൂനിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (യു ജി സി) സ്ഥാപിച്ചു. സർവകലാശാലാ നിലവാരം ഏകോപിപ്പിക്കുന്നതിനും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യു ജി സിയുടെ ലക്ഷ്യങ്ങൾ നെഹ്‌റുവിന്റെ ദർശനവുമായി യോജിക്കുന്നു.ഇന്നും നമ്മുടെ രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ശിൽപ്പി ജവഹർലാൽ നെഹ്റുവാണെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ബോധ്യപ്പെടുക.