കോഴിക്കോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. നാമനിര്‍ദേശ പത്രിക ഇന്ന് (നവംബര്‍ 14) മുതല്‍ 21 വരെ സമര്‍പ്പിക്കാമെന്നും ഒരാള്‍ക്ക് മൂന്ന് പത്രിക വരെ നല്‍കാമെന്നും യോഗത്തില്‍ അറിയിച്ചു.രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക. നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥി ഉള്‍പ്പടെ 5 പേര്‍ വരെ മാത്രമേ വരണാധികാരിയുടെ മുറിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ പരമാവധി 3 അകമ്പടി വാഹനങ്ങളേ അനുവദിക്കൂ. വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ അകലെ വരെയാണ് വാഹനങ്ങള്‍ക്ക് പ്രവേശനാനുമതിയുണ്ടാവുക. നാമനിര്‍ദേശം സമര്‍പ്പിക്കുന്നയാള്‍ മത്സരിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു നിയോജക മണ്ഡലത്തിലെ വോട്ടറായിരിക്കണം. സെക്യൂരിറ്റി ഡിപ്പോസിറ്റ് ജില്ലാ പഞ്ചായത്തില്‍ കെ സ്മാര്‍ട്ട് വഴിയും ട്രഷറി വഴിയും അടച്ച് രസീതി വാങ്ങാവുന്നതാണ്.ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക 1,50,000 രൂപയാണെന്നും അതില്‍ കൂടുതല്‍ ചെലവ് വരുത്തുന്നത് അയോഗ്യതക്ക് കാരണമാകുമെന്നും യോഗത്തില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കോര്‍പ്പറേഷനുകളിലെ ജീവനക്കാര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, സര്‍ക്കാര്‍ കമ്പനികളായ കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സര്‍ക്കാറിന്റെ 51 ശതമാനം ഷെയറുള്ള കമ്പനിയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മത്സരിക്കാനാവില്ല. ആശാ വര്‍ക്കര്‍മാര്‍ക്ക് മത്സരിക്കാം. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അയോഗ്യതക്ക് കാരണമാകും. ഹരിത പെരുമാറ്റച്ചട്ടം പ്രകാരം പ്ലാസ്റ്റിക് തോരണങ്ങള്‍, ഫ്ളക്സുകള്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി.കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് തല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.