ഡൽഹി സ്ഫോടനം: നമ്മുടെ അതിർത്തികൾ തുറന്നിട്ടിരിക്കുകയാണോ? പിഴച്ചത് എവിടെ?

Wait 5 sec.

2025 നവംബർ 10, ന് വൈകുന്നേരം രാജ്യതലസ്ഥാനത്ത് മുഴങ്ങിയ സ്ഫോടന ശബ്ദം ഏതാനും ജീവനെടുത്തതിലുപരി, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനത്തിന്റെ നെഞ്ചിലാണ് ആഴത്തിൽ മുറിവേൽപ്പിച്ചത്. ചരിത്രപരവും രാഷ്ട്രീയപരവുമായി ഏറെ പ്രാധാന്യമുള്ള ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം, സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിനടുത്ത് ഓടിക്കൊണ്ടിരുന്ന ഒരു ഹ്യുണ്ടായ് ഐ20 കാറിനുള്ളിലുണ്ടായ ഈ സ്ഫോടനം, രാജ്യത്തെ ഞെട്ടിച്ച ഒരു സാധാരണ സംഭവമായി എഴുതിത്തള്ളാനാവില്ല. ഡല്‍ഹി ജമാമസ്ജിദും ചെങ്കോട്ടയും സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍, ആരാധനാലയങ്ങളില്‍ പ്രാര്‍ഥനക്കെത്തുന്നവര്‍, കച്ചവടക്കാര്‍, തദ്ദേശീയര്‍ തുടങ്ങി ഏത് നേരവും ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുകയും ചുറ്റിക്കറങ്ങുകയും ചെയ്യുന്ന അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്താണ് പൊട്ടിത്തെറി നടന്നത്. മരിച്ച 13 പേരുടെ ജീവനും നിരവധി പേർക്ക് സംഭവിച്ച പരിക്കും കേവലം ഒരു ക്രമസമാധാന പ്രശ്നമായി കാണുന്നത് ആത്മവഞ്ചനയാകും. ഇത്, രാജ്യത്തെ ലക്ഷ്യമിടുന്ന തീവ്രവാദ ശക്തികളുടെ നിഴൽ വീണ്ടും നീളുന്നു എന്നതിന്റെയും, തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ പോലും സുരക്ഷാ ഏജൻസികളുടെ ജാഗ്രത പാളുന്നു എന്നതിന്റെയും വ്യക്തമായ സൂചനയാണ്. എവിടെയാണ് നമ്മുടെ സുരക്ഷാ സംവിധാനങ്ങൾക്ക് പിഴക്കുന്നത്? നമ്മുടെ അതിർത്തികളെല്ലാം തുറന്നുകിടക്കുകയാണോ?