‘ഔദ്യോഗിക നാമം ഉപയോഗിക്കുന്നത് ജാതി വോട്ടിനല്ല, ബാലറ്റ് പേപ്പറിൽ വോട്ടർ പട്ടികയിലെ പേരേ പറ്റൂ’; പേര് വിവാദത്തിൽ പ്രതികരിച്ച്എൽ.ഡി.എഫ്. സ്ഥാനാർഥി വഞ്ചിയൂർ പി. ബാബു

Wait 5 sec.

തിരുവനന്തപുരം കോർപ്പറേഷനിലെ വഞ്ചിയൂർ വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന പി. ശങ്കരൻകുട്ടി നായർ (വഞ്ചിയൂർ പി. ബാബു) തന്റെ ബാലറ്റ് പേപ്പറിലെ പേര് സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി രംഗത്ത്. സ്ഥാനാർഥിയുടെ ഔദ്യോഗിക നാമത്തോടൊപ്പം ജാതിപ്പേര് ഉപയോഗിക്കുന്നത് പ്രത്യേക വിഭാഗം വോട്ടർമാരെ ലക്ഷ്യമിട്ടാണോ എന്ന ചില ദൃശ്യമാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ മറുപടി നൽകിയത്.2015-ൽ വഞ്ചിയൂർ വാർഡിൽ മത്സരിച്ച് വിജയിച്ച സ്ഥാനാർഥിയാണ് ശങ്കരൻകുട്ടി നായർ. ഇത്തവണയും അദ്ദേഹം ഇതേ വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ, വോട്ടർ പട്ടികയിലെ ഔദ്യോഗിക പേര് മാത്രമേ ബാലറ്റ് പേപ്പറിൽ ഉപയോഗിക്കാൻ കഴിയൂ എന്ന് സ്ഥാനാർഥി വ്യക്തമാക്കി. “വഞ്ചിയൂർ ബാബു” എന്ന പേരിലാണ് വാർഡിൽ എല്ലാവരും തന്നെ അറിയുന്നത്. ബാലറ്റ് പേപ്പറിൽ ‘ശങ്കരൻകുട്ടി നായർ’ എന്ന് മാത്രം കണ്ടാൽ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാവാൻ സാധ്യതയുണ്ട്.ഇത്തരം സാഹചര്യങ്ങളിൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ അറിയപ്പെടുന്ന പേര് ബ്രാക്കറ്റിൽ ചേർക്കാൻ സാധിക്കും. ഈ രീതിയാണ് വഞ്ചിയൂർ വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സ്വീകരിച്ചിരിക്കുന്നത്. അതിനാൽ പോസ്റ്ററുകളിലും ചുവരെഴുത്തുകളിലും ബാലറ്റ് പേപ്പറിലും “പി. ശങ്കരൻകുട്ടി നായർ (വഞ്ചിയൂർ പി. ബാബു)” എന്ന രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്.ALSO READ: ഇന്ത്യന്‍ സമുദ്രോല്പന്ന കയറ്റുമതി വ്യവസായത്തിനുണ്ടായ പ്രതിസന്ധി; നിവേദനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുകൂല പ്രതികരണം ലഭിച്ചെന്ന് കെ. വി. തോമസ്പോസ്റ്റിന്റെ പൂർണരൂപംഎന്റെ ഫേസ്ബുക് പേജിൽ വല്ലപ്പോഴും മാത്രമേ ഞാൻ എന്തെങ്കിലും എഴുതാറുള്ളൂ. ഫേസ് ബുക് നോക്കുമ്പോൾ കാണുന്ന ചില പോസ്റ്റുകൾ പ്രസക്തവും എനിക്ക് യോജിപ്പുള്ളതുമാണെങ്കിൽ വല്ലപ്പോഴും ലൈക്കോ ഷെയറോ ചെയ്യാറുണ്ട്.ഇന്ന് എഴുതുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്.തിരുവനന്തപുരം കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ വഞ്ചിയൂർ വാർഡിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി വീണ്ടും ഞാൻ മത്സരിക്കുകയാണ്. 2015 ൽ മത്സരിച്ച് വിജയിച്ചിരുന്നു.എന്റെ ഔദ്യോഗികമായ പേര് ശങ്കരൻകുട്ടിനായർ എന്നാണ്. ആ പേരിലേ മത്സരിക്കാൻ കഴിയൂ. എന്നാൽ, വാർഡിൽ എല്ലാരും എന്നെ അറിയുന്നത് വഞ്ചിയൂർ ബാബു എന്ന പേരിലാണ്. അപ്പോൾ ബാലറ്റ് പേപ്പറിൽ ശങ്കരൻകുട്ടി നായർ എന്ന് മാത്രം കണ്ടാൽ വോട്ടർമാർക്ക് അത് ഞാനാണെന്ന് മനസ്സിലാവാതെ വന്നേക്കാം. അതുകൊണ്ട്, 2015 ൽ എന്ന പോലെ ഇപ്പോഴും ബാലറ്റ് പേപ്പറിൽ രണ്ടു പേരും – പി ശങ്കരൻ കുട്ടിനായർ (വഞ്ചിയൂർ പി ബാബു)- ഉണ്ടാവും. ആയതിനാൽ, പോസ്റ്ററുകളിലും ചുവരെഴുത്തുകളിലും ഈ രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്.ഇന്ന് ചില ദൃശ്യ മാധ്യമങ്ങൾ എന്നെ സമീപിക്കുകയുണ്ടായി. “എൽ ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ ജാതിപേരില്ല. ഇപ്പോൾ ജാതിപ്പേര് വന്നു. അത് ആ ജാതിയിലുള്ളവരുടെ വോട്ട് നേടാനല്ലേ?”ഇതാണ് അവർ ഉന്നയിച്ച ചോദ്യം.സുഹൃത്തുക്കളേ, 50 വർഷമായി, അതായത് അരനൂറ്റാണ്ടായി സി പി എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനാണ് ഞാൻ. വഞ്ചിയൂരാണ് എന്റെ പ്രവർത്തന കേന്ദ്രം. ഏതാനും മാസങ്ങൾക്കു മുമ്പ് പാളയം ഏരിയ സെക്രട്ടറി ആയപ്പോൾ ഏരിയ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചായി പ്രവർത്തനം. ഇക്കാലയളവിൽ 2015 ലെ തെരഞ്ഞെടുപ്പ് സമയത്തും ആശുപത്രി രേഖകളിലും ബാങ്ക് ആവശ്യങ്ങൾക്കും അല്ലാതെ എന്റെ ഔദ്യോഗിക പേര് എനിക്ക് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ആശുപത്രിരേഖകളിലും ബാങ്ക് രേഖകളിലും ഔദ്യോഗിക പേര് ഉപയോഗിക്കുന്നത് ജാതി ഇന്നതാണെന്ന് കാണിച്ചുള്ള ആനുകൂല്യത്തിന് വേണ്ടിയാണോ?ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെ എന്ത് ചെയ്യാനാണ്.!അതുകൊണ്ട്, ബോധ്യപ്പെടാനുള്ള സന്മനസ് ഉണ്ടെങ്കിൽ ദയവായി മനസ്സിലാക്കുക :തദ്ദേശ സ്വയഭരണ സ്ഥാപനതെരഞ്ഞെടുപ്പിൽ, ബാലറ്റ് പേപ്പറിൽ, വോട്ടർ പട്ടികയിലെ പേര്, അതായത്, ഔദ്യോഗിക പേര് മാത്രമേ ഉപയോഗിക്കാവൂ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ അറിയപ്പെടുന്ന പേര് ബ്രായ്ക്കറ്റിൽ ചേർക്കാം. ഇതാണ് വഞ്ചിയൂർ വാർഡിൽ എൽ ഡി എഫ് സ്വീകരിച്ചിരിക്കുന്ന രീതി.ജാതിയുടെ അടിസ്ഥാനത്തിലല്ലല്ലോ വാർഡ് വിഭജനം. എല്ലാ ജാതിമതസ്ഥരും ഒരു മതത്തിലും പെടാത്തവരും ഏതൊരു വാർഡിലും വോട്ടർമാരായി ഉണ്ടാടാവുമല്ലോ. എല്ലാരുടെയും വോട്ട് നേടുകയല്ലേ മത്സരിക്കുന്നവരുടെ ലക്ഷ്യം.? അപ്പോൾ വെറുതെ അനാവശ്യ വിവാദങ്ങളിലേക്ക് പോകാതെ, നഗരസഭയുടെ വികസനപ്രവർത്തനങ്ങൾ, വഞ്ചിയൂർ വാർഡിൽ നടപ്പിലാക്കിയ പദ്ധതികൾ, ക്ഷേമപരിപാടികൾ തുടങ്ങിയവ ചർച്ച ചെയ്യൂ.നമുക്ക് ആരോഗ്യകരമായ സംവാദമാകാം. ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളാം.ഇത് വായിക്കുന്ന വഞ്ചിയൂർ വാർഡിലെ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിക്കാൻ വേണ്ടി കൂടി ഈ അവസരം വിനിയോഗിച്ചുകൊള്ളട്ടെ.നന്ദി.സ്നേഹത്തോടെ,നിങ്ങളുടെ സ്വന്തം,പി ശങ്കരൻ കുട്ടിനായർ(വഞ്ചിയൂർ പി ബാബു )The post ‘ഔദ്യോഗിക നാമം ഉപയോഗിക്കുന്നത് ജാതി വോട്ടിനല്ല, ബാലറ്റ് പേപ്പറിൽ വോട്ടർ പട്ടികയിലെ പേരേ പറ്റൂ’; പേര് വിവാദത്തിൽ പ്രതികരിച്ച്എൽ.ഡി.എഫ്. സ്ഥാനാർഥി വഞ്ചിയൂർ പി. ബാബു appeared first on Kairali News | Kairali News Live.