ജിദ്ദ | പ്രവാസ ലോകത്തെ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ശാസ്ത്ര-സാങ്കേതിക രംഗത്തെ പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സഊദി വെസ്റ്റ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ‘നോട്ടെക്’ (KnowTech 3.0) എക്സ്പോക്ക് ഉജ്ജ്വല സമാപനം. അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സാങ്കേതിക മേള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു.ആര്‍ എസ് സി ഗ്ലോബല്‍ വിസ്ഡം സെക്രട്ടറി ഫസീന്‍ അഹ്മദ് എക്‌സ്‌പോയിലെ സൈന്‍ ഇന്‍ (Sign-in) സെഷന് നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, യഹ്യ ഖലീല്‍ നൂറാനി, അബ്ദുറഹിമാന്‍ സഖാഫി ചെമ്പ്രശ്ശേരി ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജിദ്ദയിലെ അല്‍ വുറൂദ്, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ (IISJ), അല്‍ അഹ്ദാബ്, മഹ്ദ് അല്‍ ഉലൂം (MIS), അല്‍ മവാരിദ്, നോവല്‍ തുടങ്ങിയ പ്രമുഖ സ്‌കൂളുകള്‍ മേളയില്‍ മാറ്റുരച്ചു. വാശിയേറിയ സയന്‍സ് എക്‌സിബിഷനില്‍ അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ (IISJ) രണ്ടാം സ്ഥാനവും അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.നോട്ടെക് എക്‌സലന്‍സി അവാര്‍ഡ് ജേതാവായ ഡോ. ഫയാസ് റഹ്മാന്‍ ഖാന് ഡോ. മുഹ്‌സിന്‍, ഡ്രൈവ് ടീം ചെയര്‍മാന്‍ സുജീര്‍ പുത്തന്‍പള്ളി, കണ്‍വീനര്‍ റഷീദ് പന്തല്ലൂര്‍, ആര്‍ എസ് സി ഗ്ലോബല്‍ സെക്രട്ടറിമാരായ മന്‍സൂര്‍ ചുണ്ടമ്പറ്റ, ഫസീന്‍ അഹമ്മദ്, നാഷനല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്‌ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിച്ച ഡോ. ഫയാസ് റഹ്മാന്‍ ഖാന്‍, എ ഐ യുഗത്തില്‍ ഇത്തരം ശാസ്ത്ര സംരംഭങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് അഭിപ്രായപ്പെട്ടു. കുട്ടികളെ ഇത്തരം എക്‌സ്പോകള്‍ക്കായി സജ്ജരാക്കുന്നതില്‍ ആര്‍ എസ് സി കാണിക്കുന്ന മികവിനെയും പ്രയത്‌നത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.ആര്‍ എസ് സിയുടെ 2026-ലെ കലണ്ടര്‍ പ്രകാശനം മുന്‍ ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, സഊദി വെസ്റ്റ് നാഷണല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്‌ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വെഫി (WEFI) കേരള സി ഇ ഒ. റഫീഖ് ചുങ്കത്തറയുടെ നേതൃത്വത്തില്‍ നടന്ന ‘നെക്സ്റ്റര്‍’ (Nexture) കരിയര്‍ ഗൈഡന്‍സ് സെഷനുകള്‍ ശ്രദ്ധേയമായി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ സെഷനുകളും കുട്ടികള്‍ക്കായി വണ്‍-ടു-വണ്‍ കരിയര്‍ കൗണ്‍സിലിംഗും നല്‍കി.‘ഐ-ടോക്ക്’ (i-Talk) വേദിയില്‍ കെ എം റഹ്മത്തുല്ല, അനസ് ഓച്ചിറ, ഡോ. ഇജാസ് അഹ്മദ്, എന്‍ജിനീയര്‍ റഊഫ്, മൊയ്തീന്‍ കോട്ടപ്പാടം വിവിധ വിഷയങ്ങളില്‍ സംവദിച്ചു. ഇവോള്‍വര്‍ & ചാറ്റ് വിത്ത് എന്റര്‍പെര്‍ണര്‍ സെഷനില്‍ ബിസ്സപ്പ് അറേബ്യ സി ഇ ഒ. സുഹൈല്‍ കടാച്ചിറ താന്‍ ഈ മേഖലയിലേക്ക് എത്തിയ അനുഭവങ്ങള്‍ പങ്കുവെച്ചു. മേളയിലെത്തിയ സന്ദര്‍ശകര്‍ക്ക് ശാസ്ത്ര പരീക്ഷണങ്ങള്‍ സ്വയം ചെയ്തുനോക്കാന്‍ അവസരമൊരുക്കിയ ഡി ഐ വൈ ലാബ് നവ്യാനുഭവമായി. ടെക്‌നോവ തിയേറ്ററില്‍ അഞ്ച് വ്യത്യസ്ത ഷോകള്‍ അരങ്ങേറി. സ്വയം നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമായി ‘മേക്കേഴ്‌സ് മാര്‍ക്കറ്റ്’ സജീവമായിരുന്നു. സമാപന ചടങ്ങില്‍ മുജീബ് എ ആര്‍ നഗര്‍, തല്‍ഹത് കൊളത്തറ, സല്‍മാന്‍ വെങ്കളം, മുഹ്‌സിന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.