ബെംഗളൂരു | പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും പത്മശ്രീ ജേതാവുമായ സാലുമരദ തിമ്മക്ക ബെംഗളൂരുവില്‍ അന്തരിച്ചു. 114 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.റോഡിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം ആല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചതോടെയാണ് തിമ്മക്ക സാലുമരദ (‘മരങ്ങളുടെ നിര’) എന്ന് സംബോധന ചെയ്യപ്പെട്ടു തുടങ്ങിയത്. 1911 ജൂണ്‍ 30-ന് കര്‍ണാടകയിലെ തുമകൂരു ജില്ലയിലെ ഗുബ്ബിയിലാണ് തിമ്മക്കയുടെ ജനനം. ചിക്കയ്യയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് മക്കളില്ല. അതിനാല്‍ മരങ്ങളെ മക്കളെ പോലെ സ്‌നേഹിച്ച് നട്ടുപിടിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു ഇരുവരും. ബെംഗളൂരു കുടൂര്‍ ദേശീയ പാതയുടെ ഇരുവശങ്ങളിലുമായുള്ള നാല് കിലോമീറ്റര്‍ ദൂരത്താണ് ആല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് തണലേകുന്ന രൂപത്തില്‍ ഇവ വളര്‍ന്നിരിക്കുന്നു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തിമ്മക്ക നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് 2019ല്‍ രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചത്. ഹംപി സര്‍വകലാശാലയുടെ നാടോജ പുരസ്‌കാരം (2010), ദേശീയ പൗരത്വ പുരസ്‌കാരം (1995), ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌കാരം (1997) എന്നിവ ഉള്‍പ്പെടെ 12 പ്രധാന ബഹുമതികളും അവരെ തേടിയെത്തി.