എക്‌സിറ്റ് പോൾ പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ ഡി എ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ട സെഞ്ച്വറി നേടി. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ജെ ഡി യു നേതാവ് നിതീഷ് കുമാർ അഞ്ചാം തവണയും അധികാരത്തിലെത്തുമെന്നുറപ്പായി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ എൻ ഡി എയും മഹാസഖ്യവും ഒപ്പത്തിനൊപ്പമെന്ന തോന്നൽ ഉണ്ടാക്കിയിരുന്നുവെങ്കിലും ആദ്യ മണിക്കൂറിൽ തന്നെ എൻ ഡി എയുടെ മുന്നേറ്റം വ്യക്തമായിരുന്നു. ആർ ജെ ഡി യുടെ വോട്ട് ബേങ്കുകളായ മുസ്്ലിം, യാദവ പോക്കറ്റുകളിൽ പോലും മഹാസഖ്യത്തിന് എൻ ഡി എയെ പിടിച്ചുനിർത്താനായില്ല.എൻ ഡി എയുടെ വിജയത്തിന് പിന്നിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന പ്രതിപക്ഷ ആരോപണം തീർത്തും തള്ളിക്കളയാനാകില്ല. എന്നാൽ എൻ ഡി എയുടെ വിജയത്തിന് കാരണം അത് മാത്രമല്ല. സീറ്റ് വീതംവെപ്പിനെ ചൊല്ലി മഹാസഖ്യത്തിലെ പ്രമുഖ പാർട്ടികളായ ആർ ജെ ഡിയും കോൺഗ്രസ്സും തമ്മിലുണ്ടായിരുന്ന തർക്കം നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷവും തുടർന്നു. ഇത് മഹാസഖ്യത്തിന്റെ തോൽവി ദയനീയമാക്കി. ആർ ജെ ഡിയും കോൺഗ്രസ്സും പരസ്പരം മത്സരിച്ച 12ൽ 11 ഇടത്തും ജയിച്ചത് എൻ ഡി എയാണ്. ദർഭംഗ ജില്ലയിലെ ഒരു സീറ്റിൽ ആർ ജെ ഡി നേതാവ് തേജസ്വി യാദവിന് സ്വന്തം പാർട്ടി സ്ഥാനാർഥിക്കെതിരെ പ്രചാരണം നടത്തേണ്ടിവന്നു.എ ഐ എം ഐ എമ്മും ജൻ സുരാജ് പാർട്ടിയും പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചതും എൻ ഡി എയുടെ വിജയം എളുപ്പമാക്കി. ബിഹാറിന്റെ രാഷ്ട്രീയ ഭൂപടം പുനർനിർമിക്കുമെന്ന പ്രഖ്യാപനത്തോടെ മൂന്ന് വർഷം മുമ്പ് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ സ്ഥാപിച്ച ജൻ സുരാജ് പാർട്ടി അമ്പേ പരാജയപ്പെട്ടു. 243ൽ 240 സീറ്റുകളിൽ പ്രശാന്ത് കിഷോർ സ്ഥാനാർഥികളെ നിർത്തിയിരുന്നു. പ്രതിപക്ഷ നിരയിൽ പിടിച്ചുനിന്നത് ഉവൈസിയുടെ പാർട്ടിയാണ്. കഴിഞ്ഞ തവണ സീമാഞ്ചൽ മേഖലയിൽ ആറ് സീറ്റ് നേടിയ പാർട്ടി ഇത്തവണ അഞ്ച് സീറ്റ് നിലനിർത്തി.വോട്ടർ പട്ടിക തീവ്ര പരിശോധന (എസ് ഐ ആർ) നടപ്പാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ എൻ ഡി എക്ക് വിജയിക്കാനുള്ള കളമൊരുക്കിയെന്ന പരാതി ഉയർന്നിരുന്നു. സുപ്രീം കോടതിയിൽ കേസ് നിലവിലുണ്ടായിരുന്നിട്ടും അതിനെ മറികടന്ന് ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പ്രധാനമന്ത്രി മോദി, മന്ത്രിമാരായ അമിത് ഷാ, ഗിരിരാജ് സിംഗ്, നിത്യാനന്ദ റായ് തുടങ്ങിയവർ നടത്തിയ വിദ്വേഷ പ്രചാരണത്തിനു നേരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ണടച്ചു.അർവാളിൽ നടന്ന ഒരു റാലിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രസംഗിച്ചത് നമക് ഹറാമിന്റെ (നന്ദികെട്ടവരുടെ) വോട്ടുകൾ നമുക്ക് ആവശ്യമില്ല എന്നായിരുന്നു. പർദ ധരിച്ച് വോട്ട് രേഖപ്പെടുത്തുന്ന മുസ്്ലിം സ്ത്രീകളെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്തു.ബി ജെ പിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ മുസ്്ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്ന് ആക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടു. കോൺഗ്രസ്സിന്റെയും ആർ ജെ ഡിയുടെയും നുഴഞ്ഞുകയറ്റ എക്‌സ്പ്രസ്സ് ബിഹാറിലേക്ക് പോകുന്നു എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ തൊഴിൽ സംരംഭകരായ വനിതകൾക്ക് പതിനായിരം രൂപയുടെ സഹായധനം പ്രഖ്യാപിച്ചത് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തിലാണ്. പിന്നാലെ ബിഹാറിലുടനീളമുള്ള സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറുകയും ചെയ്തു. പണം കൈമാറിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനു ശേഷമായിരുന്നു. ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സർക്കാറിന്റെ തുടർപ്രവർത്തനമെന്ന് പറഞ്ഞ് കമ്മീഷൻ ന്യായീകരിക്കുകയായിരുന്നു.ജനതാദളിൽ നിന്ന് വേർപിരിഞ്ഞ് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ 1997ൽ രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) രൂപവത്കരിച്ചതിനു ശേഷം ഇതുപോലൊരു ദയനീയ പരാജയം ആദ്യമാണ്. എന്നാൽ 243 അംഗ നിയമസഭയിൽ 143 സീറ്റുകളിൽ മത്സരിച്ച ആർ ജെ ഡി 22.8 ശതമാനം വോട്ട് നേടി ശക്തി തെളിയിച്ചു. സീറ്റുകൾ വാരിക്കൂട്ടിയ ബി ജെ പിയേക്കാൾ 1.86ഉം ജെ ഡി യുവിനേക്കാൾ 3.97ഉം ശതമാനം വോട്ടുകൾ കൂടുതൽ ലഭിച്ചുവെന്നാണ് പ്രാഥമിക കണക്ക്. എന്നാൽ 2015ൽ 80 സീറ്റിലും 2020ൽ 75 സീറ്റിലും വിജയിച്ച ആർ ജെ ഡിക്ക് കഴിഞ്ഞ തവണ ലഭിച്ചതിന്റെ പകുതി സീറ്റ് പോലും ഇത്തവണ നേടാനായില്ല.ഇന്ത്യ സഖ്യത്തിന്റെ ഭാവിയെ ബാധിക്കുന്നതാണ് ബിഹാറിലെ പരാജയം. ആർ ജെ ഡിയുടെ തോൽവി തേജസ്വി യാദവിന്റെ തലയിൽ കെട്ടിവെക്കാൻ സാധ്യതയുണ്ട്. മഹാ സഖ്യത്തിന്റെ നേതൃത്വം ബിഹാറിൽ തേജസ്വിക്കായിരുന്നു. ബിഹാർ രാഷ്ട്രീയത്തിൽ യാദവ കുടുംബത്തിന്റെ ആധിപത്യം ലാലു പ്രസാദ് യാദവിന്റെ പാരമ്പര്യത്തിലാണ്. എന്നാൽ ഈ പരാജയം ലാലു കുടുംബത്തിലും പാർട്ടിയിലും കലാപത്തിനു തിരികൊളുത്തിയേക്കാം. മാസങ്ങൾക്കു മുമ്പ് തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവിനെ ലാലുപ്രസാദ് യാദവ് കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച തേജ്പ്രതാപിനെ മാതാവ് റാബ്രി ദേവി അനുഗ്രഹിക്കുകയുണ്ടായി.ഭർത്താവ് മകനെ കുടുംബത്തിൽ നിന്ന് പുറത്താക്കിയിട്ടും റാബ്രി ദേവി തേജ് പ്രതാപിനെ തള്ളിപ്പറയാൻ തയ്യാറായില്ല. ലാലുവിന്റെ മകൾ മിസാ ഭാരതിയും അതൃപ്തിയിലാണ്. ഭാരതി പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. തേജസ്വിയെ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തും രാജ്യസഭാ അംഗവുമായ സഞ്ജയ് യാദവാണ്. ഇദ്ദേഹം പാർട്ടിയിൽ അപ്രമാദിത്വം കാണിക്കുന്നതായി മറ്റു നേതാക്കൾക്കിടയിൽ പരാതിയുണ്ട്.ഹരിയാന സ്വദേശിയും കമ്പ്യൂട്ടർ സയൻസ് എൻജിനീയറുമായ സഞ്ജയ് യാദവുമായി തേജസ്വി പരിചയപ്പെടുന്നത് ഡൽഹിയിൽ വെച്ചാണ്. പാറ്റ്നയിൽ ക്ഷണിച്ചുവരുത്തി തേജസ്വി 2012ൽ സഞ്ജയ് യാദവിനെ ആർ ജെ ഡിയിൽ ചേർത്തു. തുടർന്ന് രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിച്ചു. ലാലുപ്രസാദ് യാദവ് റാഞ്ചിയിൽ ജയിലിലായിരുന്നപ്പോൾ സഞ്ജയ് യാദവ് പാർട്ടിക്കുള്ളിൽ പിടിമുറുക്കി. തേജസ്വി യാദവിന്റെയും സഞ്ജയ് യാദവിന്റെയും അപ്രമാദിത്വത്തിൽ മൗനം പാലിച്ചവർ മൗനം വെടിഞ്ഞ് ഇനി രംഗത്ത് വന്നേക്കാം. ഈ പരാജയം ഇന്ത്യ മുന്നണിക്ക് തിരുത്താനുള്ള അവസരമാണ്.