എ സി എസ് ബീരാൻ മുസ്്ലിയാർ: സമസ്തക്കായി ഓടിനടന്ന മഹാമനീഷി

Wait 5 sec.

കറുത്ത ഓവർ കോട്ടും ചുവന്ന തുർക്കി തൊപ്പിയും പച്ച കശ്മീരി ഷാളും അണിഞ്ഞ് നടന്നുവരുന്ന എ സി എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആ മഹാ വ്യക്തിത്വത്തെ ഒരു പ്രാവശ്യമെങ്കിലും കണ്ട ഒരാൾക്കും അദ്ദേഹത്തിന്റെ രൂപം മറക്കാൻ സാധ്യതയില്ല. പ്രതിസന്ധികാലത്ത് താജുൽ ഉലമക്കും സുൽത്വാനുൽ ഉലമക്കും കരുത്ത് പകർന്നു കൂടെ നിന്ന മഹാനാണ് എ സി എസ് ബീരാൻ മുസ്്ലിയാർ. ആ മഹാ വ്യക്തിത്വം നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷം കഴിഞ്ഞു. മഹാനവർകളുടെ 29ാം ആണ്ടു ദിനമാണ് ജമാദുൽ അവ്വൽ 23.ഇന്നത്തെ പോലെ വാഹനങ്ങളും ഗതാഗത സൗകര്യങ്ങളും ഇല്ലാത്ത കാലത്ത് മഹാനവർകൾ നടത്തിയ ദീനീ പ്രവർത്തനങ്ങൾ നമുക്ക് എക്കാലത്തും മാതൃകാപരമാണ്. സമസ്തയുടെ മുബല്ലിഗായിരിക്കെ എ സി എസ് ദീനീ പ്രബോധനത്തിനും ദീനി സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിനും നിലനിർത്തുന്നതിനും മുക്കുമൂലകളിൽ എത്തിയിരുന്നു.കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വരെ പ്രബോധനവും പ്രചാരണവും നടത്തിയത് തികച്ചും ത്യാഗ മനസ്സോടെയായിരുന്നു. പള്ളികളും മദ്റസകളും ഇല്ലാത്തിടത്ത് അവ സ്വന്തം പരിശ്രമത്താൽ പടുത്തുയർത്തി. ബസുകളിൽ യാത്ര ചെയ്തും മഴയും വെയിലും വകവെക്കാതെ ദീർഘ ദൂരം നടന്നുമൊക്കെയായിരുന്നു സേവനം. ദീനീ സേവകരെയും ഉലമാക്കളെയും സാദാത്തുക്കളെയും അതിരറ്റ് ആദരിക്കുകയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ സ്ഥിരം ജീവിത രീതിയായിരുന്നു.ദീർഘയാത്രകൾ കഴിഞ്ഞ് ഗതാഗത സൗകര്യം കുറഞ്ഞ പാങ്ങിലെ വീട്ടിലെത്താൻ സാധിക്കാത്ത ഘട്ടങ്ങളിൽ നാഷനൽ ഹൈവേയിലെ വെട്ടിച്ചിറയിൽ ബസിറങ്ങി അരീക്കാടൻ ബാവ ഹാജിയുടെ വീട്ടുമുറ്റത്തെ “ബംഗ്ലാവ്’ എന്ന വിശ്രമ കേന്ദ്രത്തിൽ അന്തിയുറങ്ങാറായിരുന്നുപതിവ്.ചരിത്ര പ്രസിദ്ധമായ എറണാകുളം സമ്മേളനത്തിലേക്ക് മഹാനെത്തിപ്പെട്ടത് മലേഷ്യൻ പര്യടനത്തിനിടക്കായിരുന്നു. വിമാനമിറങ്ങി നേരെ സമ്മേളന നഗരിയിലേക്ക് ആയിരുന്നു എത്തിയത്. എ പി ഉസ്താദിന്റെ നിർദേശമനുസരിച്ച് മഗ്്രിബ് നിസ്‌കാരത്തിന് നേതൃത്വം നൽകിയ രംഗവും നഗരിയെ പിടിച്ച് കുലുക്കുംവിധമുള്ള ഖിറാഅത്തും മായാത്ത ഓർമയായി ഇന്നും നിലകൊള്ളുന്നു.പ്രബോധന രംഗത്ത് എതിർപ്പുകളോ ആക്ഷേപങ്ങളോ അദ്ദേഹത്തെ തളർത്തിയില്ല. തികഞ്ഞ ഈമാനികാവേശത്തോടെ പാരത്രിക ലക്ഷ്യം മാത്രം മുന്നിൽക്കണ്ട്‌ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി സമസ്ത കേരള സുന്നി യുവജന സംഘത്തിന് ധാരാളം യൂനിറ്റുകളുണ്ടായി. വളവന്നൂർ യതീംഖാന, തൊഴിയൂർ യതീംഖാന, വെട്ടിച്ചിറ മജ്മഅ് തുടങ്ങിയ സ്ഥാപനങ്ങളും ഒട്ടനേകം പള്ളി മദ്റസകളുമുണ്ടാക്കാൻ കേരളത്തിനകത്തും പുറത്തും നേതൃത്വം നൽകി. മികച്ച സംഘാടകൻ എന്ന നിലക്ക് കോടമ്പുഴ ദാറുൽ മആരിഫ് ഇമാം ഗസ്സാലി അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.ആലുവ അബൂബക്കർ മുസ്്ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്്ലിയാർ, വടകര മമ്മദ് ഹാജി തങ്ങൾ, സി എം വലിയുല്ലാഹി, കുണ്ടൂർ ഉസ്താദ് എന്നിവരോടെല്ലാം വളരെ അടുപ്പം സ്ഥാപിച്ച മഹാനായിരുന്നു എ സി എസ്. പടച്ചവൻ അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ.