തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14ന്

Wait 5 sec.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14ന് പുറപ്പെടുവിക്കും. അതോടൊപ്പം തന്നെ അതത് വരണാധികാരികൾ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും. രാവിലെ 11 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 ഉച്ചകഴിഞ്ഞ് 3 വരെയാണ്.സ്ഥാനാർത്ഥിക്ക് നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് നാമനിർദ്ദേശപത്രിക (ഫോറം 2) സമർപ്പിക്കാം.സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം.  നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. സ്ഥാനാർത്ഥി ബധിര/മൂകനായിരിക്കരുത്.  സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർത്ഥിക്ക് 3 സെറ്റ് പത്രിക സമർപ്പിക്കാം.സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണവാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.ഗ്രാമപഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്നവർ 2,000 രൂപയും, ബ്‌ളോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികൾ 4,000 രൂപയും, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ 5,000 രൂപയുമാണ് നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് തുകയുടെ പകുതി മതിയാകും.സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകൾ, സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും, സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നൽകാനുള്ള കുടിശ്ശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം തുടങ്ങിയ വിവരങ്ങൾ പത്രികയോടൊപ്പം ഫോറം 2A യിൽ സമർപ്പിക്കണം.ഒരാൾ ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ വാർഡുകളിൽ നാമനിർദ്ദേശപത്രിക നൽകിയാൽ എല്ലാം നിരസിക്കും. എന്നാൽ ത്രിതല പഞ്ചായത്തുകളിൽ വ്യത്യസ്ത തലങ്ങളിൽ മത്സരിക്കാം. നാമനിർദ്ദേശ പത്രികയും 2എ ഫാറവും പൂർണ്ണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാർത്ഥികൾ ഉറപ്പാക്കണം. ഭേദഗതി ചെയ്ത ഫാറങ്ങൾ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. സ്ഥാനാർത്ഥികൾ വരണാധികാരി മുമ്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ  ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് പത്രികയോടൊപ്പം സമർപ്പിക്കണം. സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കും.