മുംബൈയിൽ ഭരതനാട്യം അരങ്ങേറ്റവുമായി വേദിയിൽ തിളങ്ങി പതിമൂന്ന് വയസ്സുകാരി. മലയാളിയായ ഗുരു നിഷാ ഗിൽബർട്ടിൻ്റെ ശിഷ്യയാണ് പതിറ്റാണ്ടോളം നീണ്ട നൃത്തോപാസനയ്ക്ക് ശേഷം ഭാവത്തിലും നൃത്തത്തിലും മനോഹാരിത പ്രസരിപ്പിച്ച് വേദിയെ ത്രസിപ്പിച്ചത്. ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച പതിമൂന്ന് വയസ്സുകാരിയായ സംസ്കൃതി, മുംബൈയിൽ നൂപുർ ഡാൻസ് അക്കാദമിയിലെ ഗുരുവും, എഴുത്തുകാരിയും കൂടിയായ നിഷ ഗിൽബർട്ടിൻ്റെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. ഗുരുവിൽ നിന്നും സ്വായത്തമാക്കിയ കഴിവുകളിലൂടെ ആത്മീയതയെ നെയ്തെടുത്ത സംസ്കൃതി, ചെറുപ്രായത്തിൽ അരങ്ങിൽ നടനകലയുടെ സൂക്ഷ്മഭാവങ്ങളും മുദ്രകളും ചുവടുകളും കൊണ്ട് വിസ്മയം തീർത്തു. വാദ്യത്തിനും ഗാനത്തിനുമൊപ്പിച്ച് ഭാവത്തിലും നൃത്തത്തിലും മനോഹാരിത പ്രസരിപ്പിച്ചാണ് ഈ പതിമൂന്ന് വയസ്സുകാരി നൃത്തത്തിൻ്റെ ആത്മാവിലേക്ക് മനസ്സിനെയും ശരീരത്തെയും സന്നിവേശിപ്പിച്ച് വേദിയെ ത്രസിപ്പിച്ചത്. ചടങ്ങിൽ ബേസിക് ലോ അണ്ടർസ്റ്റാൻഡിങ്” എന്ന സാമൂഹ്യ-നിയമ വിദ്യാഭ്യാസ പദ്ധതിയുടെ സ്ഥാപക അഭിഭാഷക അർപ്പിത ഭട്ട് മുഖ്യാതിഥിയായിരുന്നു. ALSO READ: നഗരസഭ തിരിച്ചു പിടിക്കാൻ അവരിറങ്ങും; പാലക്കാട് മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകാലാതീതമായ ഈ നൃത്തരൂപത്തിലൂടെ സമ്പന്നമായ ഭാരതീയ പാരമ്പര്യവും മൂല്യങ്ങളുമാണ് പ്രസരിപ്പിക്കുന്നതെന്ന് അഡ്വ. അർപ്പിത പറഞ്ഞു. നിഷ ഗിൽബർട്ട്, തൻ്റെ ശിഷ്യരിൽ അത്ഭുതങ്ങൾ തീർക്കുന്നത് ഇതിന് മുൻപും താൻ സാക്ഷിയായിട്ടുണ്ടെന്നും അർപ്പിത കൂട്ടിച്ചേർത്തു. ചുവടുകൾക്കൊപ്പം പാടിയും അഭിനയിച്ചും സംസ്കൃതി പകർന്നാടിയത് അരങ്ങേറ്റ വേദികളിലെ അപൂർവ്വ മുഹൂർത്തങ്ങളാണ്. പതിറ്റാണ്ടോളം നീണ്ട നൃത്തോപാസനക്ക് ശേഷമുള്ള അരങ്ങേറ്റത്തെ സംസ്കൃതി അവിസ്മരണീയമാക്കി.അരങ്ങേറ്റത്തിനൊടുവിൽ നമസ്കരിച്ചുകൊണ്ട് കൈകൂപ്പിയിരുന്ന ശിഷ്യയെ ചേർത്ത് പിടിച്ച് ഗുരു നിഷാ ഗിൽബർട്ട് ആശീർവദിക്കുമ്പോൾ മറ്റൊരു അവിസ്മരണീയ നിമിഷത്തിൻ്റെ അഭിമാനം ആ കണ്ണുകളിൽ വായിച്ചെടുക്കാമായിരുന്നു. മുംബൈയിലെ ഘാട് കോപ്പറിലുള്ള ശ്രീമതി ഭുരിബെൻ ലക്ഷ്മിചന്ദ് ഗോൽവാല ഓഡിറ്റോറിയത്തിലായിരുന്നു സംസ്കൃതിയുടെ ഭരതനാട്യ അരങ്ങേറ്റം നടന്നത്.The post മുംബൈയിൽ ഭരതനാട്യം അരങ്ങേറ്റവുമായി വേദിയെ ത്രസിപ്പിച്ച് പതിമൂന്ന് വയസ്സുകാരി appeared first on Kairali News | Kairali News Live.