കൊച്ചി | തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തിബന്ധങ്ങളും പ്രാദേശിക വിഷയങ്ങളുമാണ് ജയപരാജയങ്ങളെ സ്വാധീനിക്കുകയെങ്കിലും ദേശീയ- അന്തര്‍ദേശീയ വിഷയങ്ങള്‍ വരെ വോട്ടാക്കി മാറ്റാന്‍ പാര്‍ട്ടികള്‍. ഇതിനായി വാര്‍ റൂം തുറന്ന് കോണ്‍ഗ്രസ്സും സൈബർ വിംഗുമായി സി പി എമ്മും പ്രചാരണം കൊഴുപ്പിക്കുകയാണ്. റോഡും പാലവും കുടിവെള്ളവും കൃഷിയും പെന്‍ഷനും എന്നുവേണ്ട സകല വിഷയങ്ങളിലെയും നേട്ടവും കോട്ടവും ജനങ്ങളിലെത്തിക്കാനാണ് ശ്രമം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണമുണ്ടായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് വാർ റൂമുകള്‍ സജ്ജമാക്കിയത്. മധ്യകേരളത്തിലെ ജില്ലകളില്‍ വാർ റൂം പ്രവര്‍ത്തനം ഇതിനകം തുടങ്ങിക്കഴിഞ്ഞു.എ ഐ സി സിയുടെ മാതൃകയിലാണ് പ്രവര്‍ത്തനം. പാര്‍ട്ടി പ്രവര്‍ത്തന രംഗത്തുള്ളവരെയും തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ യു ഡി എഫ് അംഗങ്ങളായി പ്രവര്‍ത്തിച്ചവരെയും കൃത്യമായി പ്രചാരണത്തിനിറക്കും. കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തനം ജില്ലാതലത്തിലെ വാർ റൂമിലൂടെ വിലയിരുത്തും.ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ട് ചോദിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കും. 70 ശതമാനം തദ്ദേശസ്ഥാപനങ്ങളില്‍ വിജയിച്ചാലേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കാനാകൂവെന്ന വിലയിരുത്തലാണ് കെ പി സി സി നേതൃത്വത്തിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താഴേത്തട്ടിലെ പ്രവര്‍ത്തകരെ എല്ലാ തരത്തിലും ഊര്‍ജസ്വലരാക്കാന്‍ വാര്‍ റൂമുകള്‍ ഉപയോഗിക്കുന്നത്. ഇതിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നേരത്തേ പരിശീലനം നല്‍കിയിരുന്നു.സംസ്ഥാനതലത്തില്‍ തയ്യാറാക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ സി പി എമ്മിന് വാര്‍ഡ്തലത്തില്‍ സൈബർ വിംഗുകളുണ്ട്. വിദ്വേഷം ജനിപ്പിക്കുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനും രാഷ്ട്രീയ വിഷയങ്ങളില്‍ പ്രവര്‍ത്തകര്‍ തോന്നുംപടി പ്രതികരിക്കുന്നത് ഒഴിവാക്കാനും വിവാദങ്ങള്‍ വഴി പ്രാദേശിക തലത്തില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകുന്നത് തടയാനും സൈബര്‍ വിംഗുകള്‍ ജാഗ്രത പുലർത്തും.പ്രാദേശികതലത്തില്‍ ക്ലബുകള്‍, റസിഡന്റ്‌സ് അസ്സോസിയേഷനുകള്‍, വായനശാലകള്‍ എന്നിവയുള്‍പ്പെടുന്ന അര്‍ധ രാഷ്ട്രീയ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാകും സൈബര്‍ പ്രചാരണം ശക്തമാക്കുക. നിലവില്‍ പ്രാതിനിധ്യമുള്ള ഓരോ വാര്‍ഡിലും എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നടക്കമുള്ള കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്ന പ്രചാരണങ്ങളും ഊര്‍ജിതമാക്കും. ഇതു സംബന്ധിച്ച പോസ്റ്ററുകളും മറ്റും പ്രത്യേകമായി തയ്യാറാക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹികമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തി സി പി എം പരിശീലനം നല്‍കിയിരുന്നു.